മുംബൈ : ടി20 ലോകകപ്പ് മത്സരങ്ങള്‍ക്കായി ഇറങ്ങുമ്പോള്‍ ഇന്ത്യൻ പ്ലെയിങ് ഇലവനില്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററായി ആര് ഇടം കണ്ടെത്തുമെന്ന ചര്‍ച്ച ഇതിനോടകം തന്നെ ആരാധകര്‍ തുടങ്ങിയിട്ടുണ്ട്. റിഷഭ് പന്തും സഞ്ജു സാംസണുമാണ് ഇന്ത്യയുടെ ലോകകപ്പ് സ്ക്വാഡില്‍ ഉള്ള വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാര്‍. ലോകകപ്പ് പോരാട്ടങ്ങള്‍ക്ക് ടീം ഇന്ത്യ കളത്തിലിറങ്ങുമ്പോള്‍ ഇവരില്‍ ആര്‍ക്കാകും നറുക്ക് വീഴുക എന്ന കാര്യവും അപ്രവചനീയമാണ്.
എന്നാല്‍, ലോകകപ്പില്‍ ഇന്ത്യയുടെ പ്ലെയിങ് ഇലവനില്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററായി ഇടം കണ്ടെത്താൻ കൂടുതല്‍ സാധ്യത റിഷഭ് പന്തിനാണെന്ന അഭിപ്രായവുമായി രംഗത്ത് എത്തിയിരിക്കുകയാണ് ഓസ്‌ട്രേലിയൻ മുൻ ക്രിക്കറ്റ് താരം ടോം മൂഡി. ഇടംകയ്യൻ ബാറ്ററായതുകൊണ്ടുതന്നെ പ്ലെയിങ് ഇലവനിലേക്ക് എത്താൻ സഞ്ജുവിനേക്കാള്‍ ഏറെ മുൻതൂക്കം പന്തിനാണ് ഉള്ളതെന്ന് ടോം മൂഡി പറഞ്ഞു. മധ്യനിരയില്‍ ഒരു ഇടംകയ്യൻ ബാറ്ററുടെ സാന്നിധ്യം ടീമിന് ഗുണം ചെയ്‌തേക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ടോം മൂഡിയുടെ പ്രതികരണം ഇങ്ങനെ.
'ലോകകപ്പില്‍ ഇന്ത്യയുടെ പ്ലെയിങ് ഇലവനില്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററായി എത്തുക റിഷഭ് പന്ത് ആയിരിക്കും. ഇടംകയ്യൻ ബാറ്റര്‍ എന്നത് അവന് നേട്ടമാകുമെന്ന് ഞാൻ കരുതുന്നു. മിഡില്‍ ഓര്‍ഡറില്‍ ഒരു ലെഫ്റ്റ് ഹാന്‍ഡറുടെ സാന്നിധ്യം വലിയ വ്യത്യാസങ്ങള്‍ സൃഷ്‌ടിച്ചേക്കാം. ഒരുപക്ഷെ ഗെയിമിലേക്ക് അവൻ എത്തുന്ന സമയം പോലുമായിരിക്കാം അത്.
വലംകയ്യൻമാരായ ബാറ്റര്‍മാര്‍ അണിനിരക്കുന്ന സാഹചര്യത്തില്‍ ബാറ്റിങ് ലൈനപ്പിന് ഒരു വഴക്കം കൊണ്ടുവരാൻ പന്തിന് സാധിക്കും. റിഷഭ് പന്ത് ഒരു മിഡില്‍ ഓര്‍ഡര്‍ സ്പെഷ്യലിസ്റ്റാണ്. സഞ്ജുവാകട്ടെ മൂന്നാം നമ്പറിലും'- ടോം മൂഡി വ്യക്തമാക്കി.
അതേസമയം, ടി20 ലോകകപ്പില്‍ ഇന്ത്യയുടെ പ്ലെയിങ് ഇലവനില്‍ സ്ഥാനം കണ്ടെത്താൻ സഞ്ജു സാംസണിന് പാടുപെടേണ്ടിവരും എന്ന് വ്യക്തമാക്കുന്നതാണ് ടോം മൂഡിയുടെ പ്രതികരണം. ഐപിഎല്ലില്‍ രാജസ്ഥാൻ റോയല്‍സിനായി മൂന്നാം നമ്പറിലാണ് സഞ്ജു ബാറ്റ് ചെയ്യാനെത്തുന്നത്. എന്നാല്‍, ഇന്ത്യൻ ടീമില്‍ ആദ്യ നാല് പൊസിഷനുകള്‍ ഇതിനോടകം തന്നെ സെറ്റാണ്.
Also Read : രാഹുലിന് പകരം എന്തുകൊണ്ട് സഞ്ജു?; കാരണം പറഞ്ഞ് അജിത് അഗാര്‍ക്കര്‍ - Ajit Agarkar On KL Rahul
രോഹിത് ശര്‍മ, യശസ്വി ജയ്സ്വാള്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ് എന്നിവരാകും ഇന്ത്യയുടെ ടോപ് ഫോര്‍. പിന്നീടുള്ളത് അഞ്ചാം നമ്പറാണ്. ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന് വേണ്ടി ഈ പൊസിഷനിലാണ് നിലവില്‍ റിഷഭ് പന്ത് കളിക്കുന്നത്. ഈ സാഹചര്യത്തില്‍ പന്തിനെ മറികടന്ന് സഞ്ജു ടീമില്‍ ഇടം പിടിക്കുമോ എന്ന കാര്യം കണ്ട് വേണം അറിയാൻ.