പെരിന്തൽമണ്ണ : ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്‍റെ (IPL 2024) പുതിയ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിനെ (Rajasthan Royals) നയിക്കാനുള്ള അവസാന ഘട്ട ഒരുക്കത്തിലാണ് മലയാളി താരം സഞ്ജു സാംസൺ (Sanju Samson). പെരിന്തൽമണ്ണ സ്റ്റേഡിയത്തിലാണ് നിലവിൽ 29-കാരന്‍ പരിശീലനം നടത്തുന്നത്. ഇതിനിടെ താരത്തിന്‍റെ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.
ഭിന്നശേഷിക്കാരനായ 11 വയസുകാരൻ മുഹമ്മദ് യാസീനൊപ്പം ക്രിക്കറ്റ് കളിക്കുന്ന ഇന്ത്യന്‍ താരത്തിന്‍റെ വീഡിയോയാണ് ആരാധകരുടെ കയ്യടി നേടുന്നത്. സഞ്‌ജുവിനെ നേരില്‍ കാണണമെന്നും താരത്തിനൊപ്പം ക്രിക്കറ്റ് കളിക്കണമെന്നും നേരത്തെ തന്നെ മുഹമ്മദ് യാസീന്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെ യാസീനെ വിളിച്ച് വിശേഷങ്ങള്‍ തിരക്കിയ സഞ്‌ജു നാട്ടിലെത്തുമ്പോള്‍ നേരില്‍ കാണാമെന്ന് ഉറപ്പും നല്‍കിയിരുന്നു.
തന്‍റെ കുഞ്ഞ് ആരാധകന് നല്‍കിയ ഈ ഉറപ്പാണ് സഞ്‌ജു പാലിച്ചിരിക്കുന്നത്. ബാറ്റുചെയ്യുന്ന സഞ്‌ജുവിന് പന്തെറിഞ്ഞ് നല്‍കുന്ന യാസീനെയാണ് വീഡിയോയില്‍ കാണാന്‍ കഴിയുന്നത്. താന്‍ ഒപ്പിട്ട ഒരു തൊപ്പി 11-കാരന് സഞ്‌ജു സമ്മാനിക്കുകയും ചെയ്‌തിരുന്നു.
ഒഴിവ് സമയത്ത് കുടുംബത്തോടൊപ്പം വീട്ടിലേക്ക് വരാമെന്ന് മറ്റൊരു ഉറപ്പ് കൂടി നല്‍കിയാണ് യാസീനെ ഇന്ത്യന്‍ താരം തിരികെ അയച്ചത്. കണ്ണുകെട്ടി കീബോർഡിൽ ദേശീയഗാനം വായിച്ച് ഇന്ത്യൻ ബുക്‌സ് ഓഫ് റെക്കോർഡില്‍ ഇടം നേടിയ മിടുക്കനാണ് യാസീന്‍. കേരള സർക്കാരിന്‍റെ ഉജ്ജ്വല ബാല്യം പുരസ്‌കാരവും നേടിയിട്ടുണ്ട്.
അതേസമയം ബിസിസിഐയുടെ വാര്‍ഷിക കരാറില്‍ തന്‍റെ സ്ഥാനം നിലനിര്‍ത്താന്‍ സഞ്‌ജുവിന് കഴിഞ്ഞിരുന്നു. ഒരു കോടി രൂപ പ്രതിഫലമുള്ള സി ഗ്രേഡ് കരാറിലാണ് താരം ഉള്‍പ്പെട്ടിരിക്കുന്നത്. മാര്‍ച്ച് 22-നാണ് ഐപിഎല്ലിന് തുടക്കമാവുന്നത്. രാജസ്ഥാനൊപ്പം തിളങ്ങാന്‍ കഴിഞ്ഞാല്‍ തൊട്ടുപിന്നാലെ നടക്കുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡിലേക്ക് അവകാശവാദമുന്നയിക്കാന്‍ സഞ്‌ജുവിന് കഴിയും.
ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കാതിരുന്നതിന്‍റെ പശ്ചാത്തലത്തില്‍ ഇഷാന്‍ കിഷന്‍ സെലക്‌ടര്‍മാരുടെ ഗുഡ് ബുക്കില്‍ നിന്ന് പുറത്തായതും മലയാളി താരത്തിന്‍റെ സാധ്യത വര്‍ധിപ്പിക്കുന്നതാണ്. ജൂണ്‍ ഒന്ന് മുതല്‍ അമേരിക്കയിലും വെസ്റ്റ് ഇന്‍ഡീസിലുമായാണ് ടി20 ലോകകപ്പ് നടക്കുന്നത്. ടൂര്‍ണമെന്‍റിനുള്ള പ്രാഥമിക സ്‌ക്വാഡിനെ പ്രഖ്യാപിക്കുന്നതിനായുള്ള അവസാന തീയതി മെയ് ഒന്നാണ്.
ALSO READ: ആര്‍സിബിയില്‍ കോലി- ഫാഫ് കോമ്പോ പൊളിയും; കാരണമിതെന്ന് ആകാശ് ചോപ്ര
ഇക്കാരണത്താല്‍ ഐപിഎല്ലിലെ ആദ്യ ഘട്ട മത്സരങ്ങള്‍ സ്‌ക്വാഡ് തെരഞ്ഞെടുപ്പില്‍ നിര്‍ണായകമാവും. രാജ്യത്ത് പൊതു തെരഞ്ഞെടുപ്പ് (Lok Sabha Election 2024) നടക്കാനിരിക്കുന്നതിന്‍റെ പശ്ചാത്തലത്തിലാണ് ഐപിഎല്‍ രണ്ട് ഘട്ടങ്ങളിലായി നടക്കുന്നത്. ഏപ്രില്‍ 7 വരെയുള്ള ആദ്യ 15 ദിസങ്ങളില്‍ നടക്കുന്ന 21 മത്സരങ്ങളുടെ ക്രമമാണ് അധികൃതര്‍ ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. മാര്‍ച്ച് 24-ന് ജയ്‌പൂരില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിന് എതിരെയാണ് സഞ്‌ജുവും സംഘവും ആദ്യ മത്സരം കളിക്കുന്നത്.