തിരുവനന്തപുരം: ഇന്ത്യൻ ടീമിൽ സഞ്ജു സാംസൺ ഇടം നേടുന്നതുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിലടക്കം പലപ്പോഴും ചർച്ചകൾ സജീവമാണ്. ടീമിലേക്കുള്ള സെലക്ഷൻ പ്രക്രിയയിൽ പരസ്യ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് സഞ്ജു. കളിക്കാൻ വിളിച്ചാല്‍ പോയി കളിക്കും, ഇല്ലെങ്കിൽ കളിക്കില്ലെന്ന് പറഞ്ഞാണ് സഞ്ജു സെലക്ഷനുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞത്.
കൂടുതൽ ആലോചിക്കാൻ താത്പര്യമില്ലെന്നും താരം ചിരിച്ചു കൊണ്ടു മറുപടി നൽകി. കേരള ക്രിക്കറ്റ് ലീഗിന്‍റെ പ്രഖ്യാപന ചടങ്ങിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. എല്ലാം പോസിറ്റിവായി കാണാനാണ് ശ്രമിക്കുന്നത്. നിയന്ത്രിക്കാൻ കഴിയുന്ന കാര്യങ്ങളിൽ മാത്രം പരമാവധി ശ്രമം നടത്തും.
എന്‍റെ കളിയിലും നല്ല വ്യത്യാസമുണ്ട്. നാട്ടിലുള്ളവര്‍ വലിയ പിന്തുണയാണ്. ന്യൂസിലാൻഡ് മുതൽ വെസ്റ്റ് ഇൻഡീസ് വരെ നമ്മുടെ ആളുകളുണ്ട്. എടാ മോനെ കളിക്കെടാ എന്നൊക്കെ പറഞ്ഞു ആളുകൾ എത്തും. അത് ചെറിയ കാര്യമല്ല. ഇന്ത്യയുടെ ഡ്രസിങ് റൂമിൽ വരെ ഇതു ചർച്ചാ വിഷയമാണ്. ഇത്ര പിന്തുണ കണ്ടു അവരും ചോദിക്കാറുണ്ട്. ഞാൻ ഇതു അർഹിക്കുന്നുണ്ടോ എന്ന് സംശയമുണ്ടെന്നും സഞ്ജു പറഞ്ഞു. വിമർശനങ്ങൾ ചെറുപ്പത്തിൽ കേൾക്കുമ്പോൾ എന്താണ് അയാൾ അങ്ങനെ പറഞ്ഞതെന്ന് ചിന്തിച്ചിട്ടുണ്ട്. എന്നാൽ പോസിറ്റീവായ വിമർശനങ്ങൾ എപ്പോഴും നല്ലതാണ്.
നമ്മൾ മെച്ചപ്പെടണം എന്ന ചിന്ത കരിയർ അവസാനിക്കുന്നത് വരെ ഓർമിക്കണമെന്നാണ് വലിയ താരങ്ങളില്‍ പലരും പറഞ്ഞത്. വിമർശനങ്ങൾ പോസിറ്റീവാണെങ്കിൽ അംഗീകരിച്ചു മുന്നോട്ട് പോകും. അല്ലെങ്കിൽ അവഗണിക്കാനുള്ള പക്വതയുണ്ടെന്നും സഞ്ജു വ്യക്തമാക്കി.