ന്യൂയോര്‍ക്ക്: ടി20 ലോകകപ്പില്‍ ഗ്രൂപ്പ് ഘട്ടത്തിലെ രണ്ടാം മത്സരത്തില്‍ ഇന്ന് പാകിസ്ഥാനെ നേരിടാനൊരുങ്ങുകയാണ് ടീം ഇന്ത്യ. ആദ്യ മത്സരത്തില്‍ അയര്‍ലന്‍ഡിനെ വീഴ്‌ത്തിയ നാസോ കൗണ്ടി ഇന്‍റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ വച്ചാണ് ഇന്ന് പാകിസ്ഥാനെയും ഇന്ത്യ എതിരിടുന്നത്. ഇന്ത്യൻ സമയം രാത്രി എട്ട് മണിക്കാണ് കളി തുടങ്ങുന്നത്.
ലോകകപ്പിലെ തന്നെ ആവേശപ്പോരിന് ഇറങ്ങുന്നതിന് മുന്‍പ് രണ്ട് ടീമുകളെയും ഒരുപോലെ ആശങ്കപ്പെടുത്തുന്നത് നാസോ കൗണ്ടി സ്റ്റേഡിയത്തിലെ പിച്ചാണ്. ഇതുവരെ ഇവിടെ നടന്ന നാല് മത്സരങ്ങളിലും 140ന് മുകളില്‍ സ്കോര്‍ പിറന്നിട്ടില്ല. ആദ്യത്തെ രണ്ട് മത്സരങ്ങളിലും ആദ്യം ബാറ്റ് ചെയ്‌ത ടീമുകള്‍ക്ക് സ്കോര്‍ 100ലേക്ക് എത്തിക്കാനുമായിരുന്നില്ല.
ആദ്യ നാല് കളികളില്‍ 137 ആണ് നാസോ സ്റ്റേഡിയത്തിലെ ഉയര്‍ന്ന ഒന്നാം ഇന്നിങ്‌സ് സ്കോര്‍. അയര്‍ലന്‍ഡിനെതിരെ കാനഡയാണ് ഈ സ്കോര്‍ നേടിയത്. മത്സരത്തില്‍ 12 റണ്‍സിന്‍റെ ജയം സ്വന്തമാക്കാനും കാനഡയ്‌ക്ക് സാധിച്ചിരുന്നു.
ഈ സാഹചര്യത്തില്‍ അയര്‍ലന്‍ഡിനെതിരെ കളിച്ച ടീമില്‍ നിന്നും എന്തെങ്കിലും മാറ്റം ഇന്ത്യയുടെ പ്ലേയിങ് ഇലവനില്‍ ഉണ്ടാകുമോ എന്നാണ് ആരാധകരും ഉറ്റുനോക്കുന്നത്. ആദ്യ മത്സരത്തില്‍ അവസരം ലഭിക്കാതിരുന്ന സഞ്ജു സാംസണിനെ പാകിസ്ഥാനെതിരെ കളിപ്പിക്കണമെന്നും വാദങ്ങള്‍ ഉയരുന്നുണ്ട്. ഇക്കൂട്ടത്തിലാണ് മുൻ താരവും കമന്‍റേറ്ററുമായ സഞ്ജയ് മഞ്ജരേക്കറും. അദ്ദേഹത്തിന്‍റെ വാക്കുകള്‍ ഇങ്ങനെ...
'പാകിസ്ഥാനെതിരെ കളിക്കാൻ ഇറങ്ങുമ്പോള്‍ സഞ്ജുവും പ്ലേയിങ് ഇലവനില്‍ ഉണ്ടാകണമെന്നാണ് ഞാൻ പറയുന്നത്. ശിവം ദുബെ പന്ത് എറിയുന്നില്ലെങ്കില്‍ സഞ്ജു ഉറപ്പായും കളിക്കണം. തന്‍റെ കരിയറിലെ ഏറ്റവും മികച്ച ഫോമിലാണ് സഞ്ജു ഇപ്പോഴുള്ളത്.
പക്വതയേറയുള്ള ഒരു താരമായി സഞ്ജു മാറിയിട്ടുണ്ട്. നിലവിലെ സാഹചര്യത്തില്‍ ദുബെയുടെ ബൗളിങ് ഇന്ത്യയ്‌ക്ക് ആവശ്യമുണ്ടെന്ന് ഞാൻ കരുതുന്നില്ല. ദുബെയേക്കാള്‍ സാങ്കേതിക മികവ് ഏറെയുള്ള ബാറ്ററാണ് സഞ്ജു. സ്പിന്നര്‍മാര്‍ക്കെതിരെ മികച്ച ടൈമിങ്ങില്‍ ബാറ്റ് ചെയ്യാൻ സഞ്ജുവിന് കഴിയും. കൂടാതെ, പാക് പേസര്‍മാര്‍ക്കെതിരെ സഞ്ജുവിന്‍റെ പുള്‍ ഷോട്ടുകളും ടീമിന് ഗുണം ചെയ്യും'- സഞ്ജയ് മഞ്ജരേക്കര്‍ പറഞ്ഞു.