മുംബൈ: 2011-ലെ അരങ്ങേറ്റ സീസണിന് പിന്നാലെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ നിന്നും പുറത്താക്കപ്പെട്ട ടീമാണ് കൊച്ചി ടസ്‌കേഴ്‌സ് കേരള. മലയാളി താരം ശ്രീശാന്ത്, മുത്തയ്യ മുരളീധരൻ, മഹേല ജയവർധന, ബ്രണ്ടൻ മക്കല്ലം, രവീന്ദ്ര ജഡേജ തുടങ്ങിയ പ്രമുഖര്‍ അണിനിരന്ന ഫ്രാഞ്ചൈസിയെ ഐപിഎല്‍ നിയമ ലംഘനം ചൂണ്ടിക്കാട്ടിയായിരുന്നു അധികൃതര്‍ ലീഗില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്‌തത്. ഇപ്പോഴിതാ ടസ്‌കേഴ്‌സിനെതിരെ ഗുരുതര ആരോപണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് എസ് ശ്രീശാന്ത്.
ഫ്രാഞ്ചൈസിക്കായി കളിച്ചതിനുള്ള പണം ഇപ്പോഴും ലഭിക്കാനുണ്ടെന്നാണ് മുന്‍ പേസര്‍ പറഞ്ഞിരിക്കുന്നത്. "അവര്‍ ഒരുപാട് പണം തരാനുണ്ട്. ഇതുവരെ അതു തന്നിട്ടില്ല. മുത്തയ്യ മുരളീധരന്‍, ബ്രണ്ടന്‍ മക്കല്ലം, മഹേള ജയവര്‍ദ്ധന, രവീന്ദ്ര ജഡേജ തുടങ്ങിയവര്‍ ടീമിനായി കളിച്ചിട്ടുണ്ട്.
ബിസിസിഐ അവരുടെ ബാദ്ധ്യതകളെല്ലാം തീര്‍ത്തിട്ടുണ്ടെന്നാണ് എനിക്ക് തോന്നുന്നത്. ദയവായി ഞങ്ങള്‍ക്ക് നല്‍കാനുള്ള പണം തരിക. പണം തരികയാണെങ്കില്‍ ഓരോ വര്‍ഷവും 18 ശതമാനം പലിശ ഓര്‍ക്കുക. ഇനി എന്‍റെ മക്കളുടെ വിവാഹം ആകുമ്പോഴേക്കും തീര്‍ച്ചയായും ആ പണം ലഭിക്കുമെന്നാണ് എനിക്ക് തോന്നുന്നത് (ചിരിക്കുന്നു).
ടീം മൂന്ന് വര്‍ഷമെങ്കിലും കളിക്കേണ്ടതായിരുന്നു. എന്നാല്‍ ആദ്യ വര്‍ഷത്തില്‍ തന്നെ ടെര്‍മിനേറ്റ് ചെയ്യപ്പെട്ടു. ആരും ഇതേക്കുറിച്ച് സംസാരിച്ചിട്ടില്ലെന്നാണ് ഞാൻ കരുതുന്നത്." - എസ് ശ്രീശാന്ത് ഒരു ഷോയില്‍ പറഞ്ഞു.
ജീവിത കാലം മുഴുവന്‍ തന്നെ മദ്രാസി എന്നായിരുന്നു വിളിച്ചിരുന്നതെന്നും ഷോയില്‍ ശ്രീശാന്ത് വെളിപ്പെടുത്തുന്നുണ്ട്. "എന്‍റെ ജീവിതകാലം മുഴുവൻ ഞാൻ അതു കേട്ടു. ബോംബെക്ക് താഴെയുള്ള എന്തും അവര്‍ക്ക് മദ്രാസിയായിരുന്നു. അണ്ടര്‍ 13 കാലം തൊട്ടുതന്നെ ആ വിളി ഞാന്‍ കേള്‍ക്കുന്നുണ്ട്. പിന്നീട് ഐപിഎല്ലില്‍ ഞങ്ങള്‍ക്ക് കൊച്ചി ടസ്‌കേഴ്‌സ് ടീമുണ്ടായി. ടസ്‌കേഴ്‌സിന് വേണ്ടി കളിക്കുന്നത് സ്വന്തം രാജ്യത്തെ പ്രതിനിധീകരിക്കുന്നത് പോലെയായിരുന്നു"- ശ്രീശാന്ത് പറഞ്ഞു.
ഇന്ത്യയ്‌ക്കായി 2005-ലാണ് ശ്രീശാന്ത് അരങ്ങേറ്റം നടത്തുന്നത്. ഇന്ത്യയുടെ 2007-ലെ ടി20 ലോകകപ്പ് വിജയത്തിലും 2011-ലെ ഏകദിന ലോകകപ്പ് നേട്ടത്തിലും പ്രധാനിയായി. ഐപിഎല്ലിലെ കോഴവിവാദവുമായി ബന്ധപ്പെട്ട് വിലക്ക് ലഭിച്ചതോടെയാണ് ശ്രീശാന്തിന്‍റെ അന്താരാഷ്‌ട്ര കരിയര്‍ അവസാനിക്കുന്നത്. ഇന്ത്യയ്‌ക്കായി മൂന്ന് ഫോര്‍മാറ്റുകളില്‍ നിന്നായി 169 വിക്കറ്റുകള്‍ വീഴ്‌ത്താന്‍ താരത്തിന് കഴിഞ്ഞിട്ടുണ്ട്. നിലവില്‍ കമന്‍ററി രംഗത്ത് സജീവമാണ് താരം.