മുംബൈ: ഐസിസി കിരീട വരള്‍ച്ച അവസാനിപ്പിച്ചുകൊണ്ടായിരുന്നു ഇക്കൊല്ലം ഇന്ത്യൻ ടീം ടി20 ലോകകപ്പില്‍ മുത്തമിട്ടത്. 2013ലെ ചാമ്പ്യൻസ് ട്രോഫിക്ക് ശേഷം ഇന്ത്യൻ ടീം സ്വന്തമാക്കുന്ന ആദ്യ കിരീടം കൂടിയായിരുന്നു ഇത്. യുഎസ്‌എ വെസ്റ്റ് ഇൻഡീസ് എന്നിവിടങ്ങളിലായി നടന്ന ലേകകപ്പില്‍ കരുത്തരായ ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ചായിരുന്നു രോഹിത് ശര്‍മയും കൂട്ടരും കിരീടമുയര്‍ത്തിയത്.
ഈ കിരീടനേട്ടത്തിന് പിന്നില്‍ പ്രധാന പങ്കുവഹിച്ച മൂന്ന് പേര്‍ ആരൊക്കെയാണെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് ഇന്ത്യയുടെ മുൻ ടി20 നായകൻ രോഹിത് ശര്‍മ. സിയറ്റ് ക്രിക്കറ്റ് അവാര്‍ഡ്‌സില്‍ മികച്ച രാജ്യാന്തര താരമായി തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷമായിരുന്നു രോഹിത് ശര്‍മയുടെ തുറന്നുപറച്ചില്‍. ഇന്ത്യയുടെ മുൻ പരിശീലകൻ രാഹുല്‍ ദ്രാവിഡ്, ചീഫ് സെലക്‌ടര്‍ അജിത് അഗാര്‍ക്കര്‍, ബിസിസിഐ സെക്രട്ടറി ജയ് ഷാ എന്നിവരെയായിരുന്നു രോഹിത് ശര്‍മ ഇന്ത്യയുടെ ലോകകപ്പ് നേട്ടത്തിന് പിന്നിലെ നെടുംതൂണുകളെന്ന് വിശേഷിപ്പിച്ചത്.
'ലോകകപ്പ് നേട്ടത്തെ വാക്കുകള്‍ കൊണ്ട് വിവരിക്കാൻ സാധിക്കുന്നതല്ല. ആരാധകര്‍ക്കൊപ്പം തന്നെ ഈ നേട്ടം ആഘോഷിക്കാനായത് വലിയ സന്തോഷമാണ്. റെക്കോര്‍ഡുകളെയും മത്സരഫലത്തേയും കുറിച്ച് ചിന്തിക്കാതെ പേടിയില്ലാതെ കളിക്കാൻ താരങ്ങളെ തയ്യാറാക്കുക എന്നതായിരുന്നു എന്‍റെ സ്വപ്‌നം.
അതിനായി ഈ മൂന്ന് പേര്‍ വലിയ പിന്തുണയാണ് എനിക്ക് നല്‍കിയത്. നിര്‍ണായക സമയത്ത് ടീമിന് വേണ്ടി മികച്ച പ്രകടനം കാഴ്‌ചവെച്ച താരങ്ങളെ ഞാൻ മറക്കുന്നില്ല. അവര്‍ക്കൊപ്പം തന്നെ പ്രധാനമാണ് ഈ മൂന്ന് പേരുടെ സംഭവാനയും.
ഐപിഎല്ലില്‍ അഞ്ച് കിരീടങ്ങള്‍ നേടിയതിന് പിന്നിലും ഒരു കാരണമുണ്ട്. ഒരു പ്രാവശ്യം നിങ്ങള്‍ വിജയത്തിന്‍റെ രുചിയറിഞ്ഞാല്‍ പിന്നെയത് നിര്‍ത്താൻ സാധിച്ചെന്ന് വരില്ല. കിരീടങ്ങള്‍ നേടുന്നതും അതുപോലെ തന്നെയാണ്. അതുകൊണ്ട് തന്നെ അടുത്ത വര്‍ഷത്തെ ചാമ്പ്യൻസ് ട്രോഫിയിലും ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലും ഇന്ത്യൻ ടീമിനെ ചാമ്പ്യന്മാരാക്കുക എന്നതാണ് ലക്ഷ്യം'- രോഹിത് പറഞ്ഞു.
അതേസമയം, ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിലാണ് ടീം ഇന്ത്യ ഇനി കളിക്കാനിറങ്ങുന്നത്. സെപ്‌റ്റംബര്‍ 19നാണ് പരമ്പര ആരംഭിക്കുന്നത്. രണ്ട് ടെസ്റ്റ് മത്സരങ്ങളാണ് ബംഗ്ലാദേശിനെതിരെ ഇന്ത്യ കളിക്കുന്നത്.
Also Read : ആഭ്യന്തര ക്രിക്കറ്റിൽ വിദേശ താരങ്ങളെ ഉള്‍പ്പെടുത്താന്‍ ബിസിസിഐ അനുവദിക്കാത്തത് എന്തുകൊണ്ട്?