കൊല്‍ക്കത്ത: ഈ സീസണോടെ രോഹിത് ശര്‍മ മുംബൈ ഇന്ത്യൻസ് വിടുകയോ അല്ലെങ്കില്‍ ഐപിഎല്ലില്‍ നിന്നും വിരമിക്കുകയോ ചെയ്യുമെന്ന അഭ്യൂഹങ്ങള്‍ കരുത്താര്‍ജിക്കുന്നു. ഐപിഎല്‍ പതിനേഴാം പതിപ്പിന് തൊട്ടുമുന്‍പായിരുന്നു മുംബൈ ഇന്ത്യൻസ് നായകസ്ഥാനത്ത് നിന്നും രോഹിതിനെ നീക്കി പകരം ഹാര്‍ദിക് പാണ്ഡ്യയെ നിയമിച്ചത്. ടീമിന്‍റെ മികച്ച ഭാവിയ്‌ക്ക് വേണ്ടിയാണ് ഈ തീരുമാനം എന്നായിരുന്നു രോഹിതിനെ ക്യാപ്‌റ്റൻസിയില്‍ നിന്നും പുറത്താക്കിയതിന് പിന്നാലെയുള്ള ഫ്രാഞ്ചൈസിയുടെ പ്രതികരണം.
എന്നാല്‍, പുതിയ നായകന് കീഴില്‍ പ്രതീക്ഷിച്ച നിലവാരത്തിലേക്ക് ഉയരാൻ മുംബൈ ഇന്ത്യൻസിന് സാധിച്ചില്ല. ഇതോടെ സീസണില്‍ പ്ലേ ഓഫ് കാണാതെ പുറത്തായ ആദ്യ ടീമായും മുംബൈ മാറി. ഇതിന് പിന്നാലെ, ടീമിനുള്ളില്‍ താരങ്ങള്‍ തമ്മില്‍ ഒത്തൊരുമ ഇല്ലെന്നും ആഭ്യന്തര കലഹം രൂക്ഷമാണെന്നും പലരും ചൂണ്ടിക്കാട്ടി.
ഇപ്പോള്‍, ഇക്കാര്യങ്ങള്‍ എല്ലാം ഏറെക്കുറെ ഉറപ്പിക്കുന്നതാണ് മുംബൈ മുൻ നായകൻ രോഹിത് ശര്‍മയുടെ ചില വാക്കുകള്‍. ഇന്ന്, ഈഡൻ ഗാര്‍ഡൻസില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നേരിടാനുള്ള തയ്യാറെടുപ്പുകളിലാണ് മുംബൈ ഇന്ത്യൻസ്. ഇതിന് മുന്നോടിയായി കഴിഞ്ഞ ദിവസം ഇരു ടീമിലെയും താരങ്ങള്‍ പരിശീലനത്തിന് ഇറങ്ങിയിരുന്നു.
ഇതിനിടെ കൊല്‍ക്കത്തയുടെ ബാറ്റിങ് പരിശീലകൻ അഭിഷേക് നായരോട് രോഹിത് ശര്‍മ സംസാരിക്കുന്ന ചില കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. അവിടെ ഓരോ കാര്യങ്ങളും മാറിക്കൊണ്ടിരിക്കുകയാണെന്നും എന്നാല്‍ അതൊന്നും തന്നെ ബാധിക്കുന്ന കാര്യമല്ലെന്നും രോഹിത് പറയുന്നതാണ് വീഡിയോയില്‍ ഉള്ളത്. രോഹിത് ശര്‍മയുടെ പരാമര്‍ശം മുംബൈ ഇന്ത്യൻസിനെ കുറിച്ചുള്ളതാകാം എന്ന വിലയിരുത്തലിലാണ് ഇപ്പോള്‍ ആരാധകരും. രോഹിത് പറയുന്നത് ഇങ്ങനെ.
'അവിടെ ഓരോന്നായി മാറുകയാണ്. എല്ലാം അവരുടെ കാര്യങ്ങള്‍ മാത്രമാണ്. അതൊന്നും തന്നെ എന്നെ ബാധിക്കുന്നതല്ല. എന്തായാലും അതെന്‍റെ വീടാണ്. ഞാൻ ഉണ്ടാക്കിയ ക്ഷേത്രം. എന്തായാല്‍ എന്താ ഇത് എന്‍റെ അവസാനത്തേത് അല്ലെ'- എന്നുമാണ് വീഡിയോയില്‍ രോഹിത് പറയുന്നത്.
അതേസമയം, സീസണിലെ 13-ാമത്തെ മത്സരത്തിനായാണ് മുംബൈ ഇന്ത്യൻസ് ഇന്ന് കളിക്കാനിറങ്ങുന്നത്. 12 കളിയില്‍ നാല് ജയം മാത്രമാണ് മുംബൈയ്‌ക്ക് നേടാൻ സാധിച്ചത്. പോയിന്‍റ് പട്ടികയില്‍ നിലവില്‍ 9-ാം സ്ഥാനക്കാരാണ് ഹാര്‍ദിക് പാണ്ഡ്യയും കൂട്ടരും.