കൊല്‍ക്കത്ത : ഐപിഎല്‍ പതിനേഴാം പതിപ്പില്‍ പ്ലേ ഓഫില്‍ ഇടം കണ്ടെത്തുന്ന ആദ്യ ടീമായി മാറാൻ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഇന്ന് ഇറങ്ങും. ടൂര്‍ണമെന്‍റില്‍ നിന്നും ഇതിനോടകം തന്നെ പുറത്തായ മുംബൈ ഇന്ത്യൻസാണ് കൊല്‍ക്കത്തയുടെ എതിരാളികള്‍. നൈറ്റ് റൈഡേഴ്‌സിന്‍റെ ഹോം ഗ്രൗണ്ടായ ഈഡൻ ഗാര്‍ഡൻസില്‍ രാത്രി ഏഴരയ്‌ക്കാണ് മത്സരം.
പോയിന്‍റ് പട്ടികയില്‍ നിലവിലെ ഒന്നാം സ്ഥാനക്കാരാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. 11 കളികളില്‍ 8 ജയം സ്വന്തമാക്കിയ കൊല്‍ക്കത്തയ്‌ക്ക് 16 പോയിന്‍റാണ് നിലവില്‍. ടൂര്‍ണമെന്‍റിലെ 10 ടീമുകളില്‍ ഏറ്റവും മികച്ച നെറ്റ്‌റണ്‍റേറ്റ് (+1.453) ഉള്ളതും അവര്‍ക്കാണ്.
ഇന്നത്തേത് ഉള്‍പ്പടെ മൂന്ന് മത്സരങ്ങളാണ് കെകെആറിന് ഇനി ലീഗില്‍ ശേഷിക്കുന്നത്. പ്ലേ ഓഫില്‍ എത്താൻ വിദൂര സാധ്യതകള്‍ മാത്രമുള്ള ഗുജറാത്ത് ടൈറ്റൻസ്, പോയിന്‍റ് പട്ടികയിലെ രണ്ടാം സ്ഥാനക്കാരായ രാജസ്ഥാൻ റോയല്‍സ് ടീമുകളാണ് അവസാന മത്സരങ്ങളില്‍ കൊല്‍ക്കത്തയുടെ എതിരാളികള്‍. അതേസമയം, മുംബൈ ഇന്ത്യൻസിനെതിരായി കൊല്‍ക്കത്തയുടെ ഈ സീസണിലെ രണ്ടാമത്തെ മത്സരം കൂടിയാണ് ഇത്.
നേരത്തെ, വാങ്കഡെ സ്റ്റേഡിയത്തില്‍ ഇരു ടീമും പോരടിച്ചപ്പോള്‍ 24 റണ്‍സിന്‍റെ ജയമായിരുന്നു കൊല്‍ക്കത്ത നേടിയത്. മുംബൈയ്‌ക്കെതിരെ ഇതേ ജയം ആവര്‍ത്തിക്കാനുറച്ചാകും നൈറ്റ് റൈഡേഴ്‌സ് ഇന്ന് കളത്തിലിറങ്ങുക.
മുംബൈ ഇന്ത്യൻസിനെതിരായ നിര്‍ണായക മത്സരത്തിനിറങ്ങുമ്പോള്‍ ബാറ്റര്‍മാരുടെ കരുത്തിലാണ് കൊല്‍ക്കത്ത പ്രതീക്ഷയര്‍പ്പിക്കുന്നത്. സുനില്‍ നരെയ്ൻ, ഫില്‍ സാള്‍ട്ട് ജോഡികള്‍ നല്‍കുന്ന തുടക്കം കൊല്‍ക്കത്തയ്‌ക്ക് നിര്‍ണായകമാകും. വെങ്കടേഷ് അയ്യര്‍, അംഗ്കൃഷ് രഘുവൻഷി, ശ്രേയസ് അയ്യര്‍, ആന്ദ്രേ റസല്‍ എന്നിവരും റണ്‍സ് നേടുന്നത് ടീമിന് ആശ്വാസമാണ്. ബൗളിങ്ങില്‍ ഹര്‍ഷിത് റാണ, മിച്ചല്‍ സ്റ്റാര്‍ക്, നരെയ്‌ൻ, വരുണ്‍ ചക്രവര്‍ത്തി എന്നിവരിലാകും ടീമിന്‍റെ പ്രതീക്ഷകള്‍.
മറുവശത്ത്, നഷ്‌ടപ്പെടാൻ ഒന്നുമില്ലാത്ത മുംബൈ ഇന്ത്യൻസ് വാങ്കഡെയിലെ തോല്‍വിക്ക് പകരം ചോദിക്കാനുറച്ചാകും ഇന്ന് ഈഡൻ ഗാര്‍ഡൻസില്‍ ഇറങ്ങുക. പ്ലേഓഫിലേക്ക് മുന്നേറാൻ തങ്ങള്‍ക്ക് സാധിക്കില്ലെന്ന് വ്യക്തമായ ശേഷമുള്ള ആദ്യത്തെ കളി കൂടിയാണ് ഇത്. അതുകൊണ്ടുതന്നെ പ്രധാന താരങ്ങള്‍ക്ക് ടീം വിശ്രമം അനുവദിക്കുമോ എന്നത് കണ്ടറിയണം.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് സാധ്യത ടീം: ഫില്‍ സാള്‍ട്ട് (വിക്കറ്റ് കീപ്പര്‍), സുനില്‍ നരെയ്‌ൻ, അംഗ്കൃഷ് രഘുവൻഷി, ശ്രേയസ് അയ്യര്‍ (ക്യാപ്‌റ്റൻ), വെങ്കടേഷ് അയ്യര്‍, ആന്ദ്രേ റസല്‍, രമണ്‍ദീപ് സിങ്, റിങ്കു സിങ്, മിച്ചല്‍ സ്റ്റാര്‍ക്, വരുണ്‍ ചക്രവര്‍ത്തി, ഹര്‍ഷിത് റാണ, വൈഭവ് അറോറ.
മുംബൈ ഇന്ത്യൻസ് സാധ്യത ടീം : രോഹിത് ശര്‍മ, ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ്, നമാൻ ധിര്‍, തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ (ക്യാപ്‌റ്റൻ), ടിം ഡേവിഡ്, നേഹല്‍ വധേര, അൻഷുല്‍ കാംബോജ്, ജസ്‌പ്രിത് ബുംറ/ആകാശ് മധ്‌വാള്‍, നുവാൻ തുഷാര, പിയുഷ് ചൗള.