ബെംഗളൂരു : ജീവിതത്തില്‍ ആദ്യമായി ഒരു ക്രിക്കറ്റ് മത്സരം സ്റ്റേഡിയത്തില്‍ എത്തി നേരിട്ട് കണ്ടതിന്‍റെ ത്രില്ലിലാണ് കന്നഡ ചലച്ചിത്ര താരവും സംവിധായകനുമായ റിഷഭ് ഷെട്ടി. ഐപിഎല്‍ പതിനേഴാം പതിപ്പില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്‍റെ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ ജീവൻമരണപ്പോരാട്ടം കാണാൻ വേണ്ടിയായിരുന്നു റിഷഭ് ഷെട്ടിയും എത്തിയത്. ആര്‍സിബിയുടെ ഹോം ഗ്രൗണ്ടായ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ആയിരുന്നു മത്സരം.
ഐപിഎല്‍ പതിനേഴാം പതിപ്പില്‍ പ്ലേഓഫിലെ നാലാം സ്ഥാനക്കാരെ നിര്‍ണയിക്കുന്ന മത്സരം ആയിരുന്നു ഇത്. ഒരു ജയം നേടുകയോ അല്ലെങ്കില്‍ 18 റണ്‍സില്‍ താഴെ പരാജയപ്പെടുകയോ ചെയ്‌താല്‍ പ്ലേഓഫിന് യോഗ്യത നേടാം എന്നതായിരുന്നു മത്സരത്തില്‍ സന്ദര്‍ശകരായ ചെന്നൈയുടെ അവസ്ഥ. മറുവശത്ത്, ചെന്നൈയെ 18 റണ്‍സിലധികം മാര്‍ജിനില്‍ പരാജയപ്പെടുത്തിയാല്‍ മാത്രമായിരുന്നു ആതിഥേയരായ ആര്‍സിബിയുടെ സാധ്യതകള്‍.
ഇരു ടീമിനും ജീവൻമരണപ്പോരാട്ടമായ മത്സരം, വിരാട് കോലി-എംഎസ് ധോണി എന്നീ സ്റ്റാറുകള്‍ നേര്‍ക്കുനേര്‍ പോരടിക്കുന്നു, ഈ കാരണങ്ങള്‍ കൊണ്ട് തന്നെ ഫൈനലോളം ആവേശമായിരുന്നു ചിന്നസ്വാമി സ്റ്റേഡിയത്തിലെ മത്സരത്തിനും. അതുകൊണ്ട് തന്നെ നിരവധി പ്രമുഖരും മത്സരം കാണാനായെത്തി. റിഷഭ് ഷെട്ടിയ്‌ക്ക് പുറമെ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ആര്‍സിബി വനിത ടീം അംഗങ്ങള്‍ എന്നിവരും ഗാലറിയില്‍ കളി കാണാൻ ഉണ്ടായിരുന്നു.
വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസവും ആര്‍സിബിയുടെ മുൻ താരവുമായ ക്രിസ് ഗെയിലിനൊപ്പവുമാണ് റിഷഭ് ഷെട്ടി ചിന്നസ്വാമിയിലെ ബെംഗളൂരു - ചെന്നൈ മത്സരം കണ്ടത്. മത്സരത്തിന് ശേഷം ഗെയിലിനൊപ്പമുള്ള ചിത്രങ്ങളും താരം സോഷ്യല്‍ മീഡിയ പേജുകളിലൂടെ പങ്കുവയ്‌ക്കുകയും ചെയ്‌തിട്ടുണ്ട്.
അതേസമയം, ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ 27 റണ്‍സിന്‍റെ ജയം നേടിയാണ് ആര്‍സിബി പ്ലേഓഫില്‍ കടന്നത്. മത്സരത്തില്‍ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത ബെംഗളൂരു നിശ്ചിത ഓവറില്‍ അടിച്ചുകൂട്ടിയത് 218 റണ്‍സായിരുന്നു. ജയത്തില്‍ ഉപരി ചെന്നൈയെ 201 റണ്‍സില്‍ താഴെ പിടിച്ചുനിര്‍ത്തിയാല്‍ മാത്രമായിരുന്നു ബെംഗളൂരുവിന് പ്ലേഓഫിലേക്ക് കടക്കാൻ കഴിയുമായിരുന്നത്.
ഈ ലക്ഷ്യം മുൻനിര്‍ത്തി പന്തെറിഞ്ഞ ആര്‍സിബി ബൗളര്‍മാര്‍ വിട്ടുകൊടുത്തത് 191 റണ്‍സ്. 201 റണ്‍സ് എന്ന കടമ്പ കടക്കാൻ സാധിക്കാതെ ചെന്നൈ തോല്‍വി വഴങ്ങിയതോടെ ആര്‍സിബി പോയിന്‍റ് പട്ടികയില്‍ ആദ്യ നാലില്‍ തങ്ങളുടെ സ്ഥാനം ഉറപ്പിക്കുകയായിരുന്നു.
Also Read : സീറോയില്‍ നിന്നും ഹീറോയിലേക്ക്, യാഷ് ദയാലിന്‍റെ 'റോയല്‍ കം ബാക്ക്' - Yash Dayal Comeback In IPL