ബെംഗളൂരു : വനിത പ്രീമിയര്‍ ലീഗില്‍ (Women's Premier League) റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് (Royal Challengers Bangalore) ജയത്തുടക്കം. ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ അവസാന പന്തിലേക്ക് ആവേശം നീണ്ട മത്സരത്തില്‍ യുപി വാരിയേഴ്‌സിനെതിരെ രണ്ട് റണ്‍സിന്‍റെ ജയമാണ് ആര്‍സിബി നേടിയത്. അഞ്ച് വിക്കറ്റ് നേടിയ മലയാളി താരം ശോഭന ആശയുടെ പ്രകടനമാണ് മത്സരത്തില്‍ ആര്‍സിബിയുടെ ജയത്തിന് നിര്‍ണായകമായത്.
ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത ആര്‍സിബി ആറ് വിക്കറ്റ് നഷ്‌ടത്തില്‍ 157 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ യുപി വാരിയേഴ്‌സിന്‍റെ പോരാട്ടം നിശ്ചിത ഓവറില്‍ 7 വിക്കറ്റ് നഷ്‌ടത്തില്‍ 155 റണ്‍സില്‍ അവസാനിക്കുകയായിരുന്നു.
158 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ യുപി വാരിയേഴ്‌സിന് മികച്ച തുടക്കമായിരുന്നില്ല ലഭിച്ചത്. രണ്ടാം ഓവറില്‍ സ്കോര്‍ പത്തില്‍ നില്‍ക്കെ ക്യാപ്‌റ്റൻ അലീസ ഹിലിയെ അവര്‍ക്ക് നഷ്‌ടമായി. നാല് പന്തില്‍ അഞ്ച് റണ്‍സ് നേടിയ താരത്തെ സോഫി മൊലിന്യൂക്‌സാണ് പുറത്താക്കിയത്. വൃന്ദ ദിനേശും താഹില മക്ഗ്രാത്തും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ 38 റണ്‍സ് കൂട്ടിച്ചേര്‍ത്തു.
9-ാം ഓവറില്‍ ശോഭന ആശ യുപി വാരിയേഴ്‌സിന് ഇരട്ടപ്രഹരമേല്‍പ്പിച്ചു. ആദ്യ പന്തില്‍ 28 പന്തില്‍ 18 റണ്‍സ് നേടിയ വൃന്ദയെ പുറത്താക്കി. മൂന്നാം പന്തില്‍ താഹില മക്ഗ്രാത്തിനെയും (22) ശോഭന മടക്കി.
പിന്നീട്, ഗ്രേസ് ഹാരിസ് ശ്വേത സെഹ്‌റാവത്ത് സഖ്യത്തിന്‍റെ രക്ഷാപ്രവര്‍ത്തനം. നാലാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 77 റണ്‍സിന്‍റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി. ഇതോടെ, ആര്‍സിബി തോല്‍വി മണത്തു.
എന്നാല്‍, 17-ാം ഓവറില്‍ ആതിഥേയരുടെ രക്ഷയ്‌ക്കായി ശോഭന വീണ്ടും അവതരിച്ചു. ആദ്യം ശ്വേതയേയും (31) പിന്നാലെ ഗ്രേസ് ഹാരിസിനെയും (38) ശോഭന പുറത്താക്കി. അതേ ഓവറിലെ അവസാന പന്തില്‍ കിരണ്‍ നവ്ഗിരയെ കൂടി വീഴ്‌ത്തി വനിത പ്രീമിയര്‍ ലീഗില്‍ അഞ്ച് വിക്കറ്റ് നേടുന്ന ആദ്യ ഇന്ത്യൻ ബൗളര്‍ എന്ന നേട്ടവും ശോഭന ആശ സ്വന്തം പേരിലാക്കി.
പൂനം ഖെംനാര്‍ (7 പന്തില്‍ 14) യുപി വാരിയേഴ്‌സിന് പ്രതീക്ഷ നല്‍കി. എന്നാല്‍, 19-ാം ഓവറില്‍ ജോര്‍ജിയ വെയര്‍ഹാം പൂനത്തെ മടക്കി ആര്‍സിബിയെ കളിയിലേക്ക് കൊണ്ടുവന്നു. 9 പന്തില്‍ 13 റണ്‍സ് അടിച്ച് ദീപ്‌തി ശര്‍മ പൊരുതി നോക്കിയെങ്കിലും ജയത്തിലേക്ക് എത്താൻ അവര്‍ക്കായില്ല.
റിച്ച ഘോഷ് (62), എസ് മേഘന (53) എന്നിവരുടെ അര്‍ധസെഞ്ച്വറി കരുത്തിലാണ് മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത ആര്‍സിബി ഭേദപ്പെട്ട സ്കോര്‍ സ്വന്തമാക്കിയത്. സ്‌മൃതി മന്ദാന (13), എല്ലിസ് പെറി (8) എന്നിവര്‍ക്ക് തിളങ്ങാനായില്ല.
Also Read : അവസാന പന്തില്‍ ജയിക്കാൻ 5 റണ്‍സ്, ക്രീസില്‍ വന്ന് സിക്‌സര്‍ 'തൂക്കി' മലയാളി താരം സജന സജീവൻ : വീഡിയോ