ചെന്നൈ: ബാറ്റര്‍മാരെ പരിഭ്രാന്തരാക്കുന്നതില്‍ ഇന്ത്യയുടെ രവിചന്ദ്രൻ അശ്വിൻ ഏറെ മികവ് പുലര്‍ത്തിയ താരമാണ്. പന്തെറിഞ്ഞ് എതിരാളികളെ ബുദ്ധിമുട്ടിക്കുന്നതില്‍ അശ്വിന്‍ സമര്‍ത്ഥനാണ്. അനിൽ കുംബ്ലെ കഴിഞ്ഞാൽ ഇന്ത്യൻ ടീമിന്‍റെ ഏറ്റവും മികച്ച ബൗളറാണ് അശ്വിൻ. ബാറ്റിംഗിലും മികച്ച പ്രകടനമാണ് താരം നടത്തുന്നത്. ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റിൽ അശ്വിൻ സെഞ്ച്വറി (113) നേടി. ജഡേജയ്‌ക്കൊപ്പം, പ്രയാസകരമായ സമയങ്ങളിൽ ടീം ഇന്ത്യയെ പിന്തുണച്ചു. ടെസ്റ്റിലെ സെഞ്ചുറികളുടെ (6) എണ്ണത്തിന്‍റെ കാര്യത്തിൽ അശ്വിന്‍ ധോണിക്കൊപ്പമാണ്. കൂടാതെ, 101 ടെസ്റ്റുകൾ കളിച്ച താരം ഇരുപത്തിയഞ്ച് 50+ സ്‌കോറുകൾ നേടുകയും 30 തവണയിൽ കൂടുതൽ 5 വിക്കറ്റുകൾ നേടുകയും ചെയ്യുന്ന ആദ്യ ക്രിക്കറ്റ് കളിക്കാരനായി (36 തവണ) ചരിത്രം സൃഷ്ടിച്ചു.
1986 സെപ്റ്റംബർ 17ന് തമിഴ്‌നാട്ടിലെ ചെന്നൈയിലാണ് രവിചന്ദ്രൻ അശ്വിൻ ജനിച്ചത്. അടുത്തിടെ ഒരു ഇംഗ്ലീഷ് മാധ്യമത്തിന്‍റെ റിപ്പോര്‍ട്ട് പ്രകാരം രവിചന്ദ്രൻ അശ്വിന്‍റെ സ്വത്ത് 16 മില്യൺ ഡോളറാണ്. ഇന്ത്യൻ രൂപയില്‍ 132 കോടി രൂപ. അശ്വിന് ചെന്നൈയിൽ ആഡംബര വീടും കാറുകളുമുണ്ട്. ഒമ്പത് കോടിയോളം രൂപയാണ് അശ്വിന്‍റെ വീടിന് ചെലവായത്. കൂടാതെ 6 കോടി രൂപ വിലമതിക്കുന്ന റോൾസ് റോയ്‌സും. 93 ലക്ഷം വിലയുള്ള ഓഡി ക്യൂ 7 കാറുണ്ടെന്നാണ് റിപ്പോർട്ട്.
രവിചന്ദ്രൻ അശ്വിന് ബിസിസിഐ ഗ്രേഡ് എ കരാർ നൽകി. ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനെ പ്രതിനിധീകരിക്കുന്നതിലൂടെ അഞ്ച് കോടി രൂപ കൂടി അശ്വിന്‍റെ പോക്കറ്റിൽ എത്തും. കഴിഞ്ഞ സീസണുകളിൽ പഞ്ചാബ് കിംഗ്‌സിന് വേണ്ടി കളിച്ചപ്പോൾ 7.6 കോടി രൂപയാണ് അശ്വിൻ നേടിയതെന്ന് ക്രിക്കറ്റ് വൃത്തങ്ങൾ പറയുന്നു. സൂം കാർ, മൂവ്, മിന്ത്ര തുടങ്ങിയ ബ്രാൻഡുകളില്‍ നിന്നും ബോംബെ ഷേവിംഗ് കമ്പനി, സ്‌പെക്‌സ് മേക്കേഴ്‌സ്, രാം രാജ് ലിനൻ ഷർട്ട്‌സ് തുടങ്ങിയ ബ്രാൻഡുകളിൽ നിന്നും താരത്തിന് വരുമാനം ലഭിക്കുന്നു.
101 ടെസ്റ്റുകളിൽ നിന്നായി 516 വിക്കറ്റുകളാണ് അശ്വിൻ നേടിയത്. 3422 റൺസും നേടി. ആറ് സെഞ്ചുറികളും 14 അർധസെഞ്ചുറികളുമുണ്ട്. 116 ഏകദിനങ്ങളിൽ നിന്ന് 707 റൺസും 156 വിക്കറ്റും നേടിയിട്ടുണ്ട്. 65 ടി20യിൽ നിന്ന് 184 റൺസാണ് താരം നേടിയത്.
Also Read: അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ 400 വിക്കറ്റുകള്‍ തികച്ച് ജസ്‌പ്രീത് ബുംറ - IND vs BAN Test