ന്യൂഡൽഹി: സെപ്‌തംബർ 19 മുതൽ ബംഗ്ലാദേശിനെതിരെയുള്ള രണ്ട് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഒരുക്കങ്ങൾ ഇന്ത്യൻ താരങ്ങൾ ആരംഭിച്ചു. പരമ്പരയിലെ ആദ്യ മത്സരം ചെന്നൈയിൽ നടക്കും. നിലവില്‍ താരങ്ങൾ ചെപ്പോക്ക് ഗ്രൗണ്ടിൽ പരിശീലനത്തിലാണ്. മത്സരത്തില്‍ ബംഗ്ലാദേശിനെ തോൽപ്പിച്ചാല്‍ അതുല്യമായ റെക്കോർഡ് എഴുതാനുള്ള സുവർണാവസരം ഇന്ത്യക്ക് ലഭിക്കും.
1932ൽ ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച ഇന്ത്യ ഇതുവരെ 579 മത്സരങ്ങളാണ് കളിച്ചത്. ഇതിൽ 178 മത്സരങ്ങൾ ജയിക്കുകയും 178 മത്സരങ്ങൾ തോൽക്കുകയും ചെയ്‌തു. ബാക്കിയുള്ള 223 മത്സരങ്ങളിൽ 222 മത്സരങ്ങൾ സമനിലയിൽ അവസാനിക്കുകയും ഒരു മത്സരം റദ്ദാക്കുകയുണ്ടായി.
ആദ്യ ടെസ്റ്റ് ജയിച്ചാൽ ടെസ്റ്റ് ക്രിക്കറ്റിൽ തോൽവിയേക്കാൾ കൂടുതൽ ജയം നേടുന്ന അഞ്ചാമത്തെ ടീമായി ഇന്ത്യ മാറും. ഈ റെക്കോർഡ് തൊടാൻ ഇന്ത്യക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. ഈ നാഴികക്കല്ലിൽ എത്തിയാൽ, 1932 ന് ശേഷം ആദ്യമായാണ് ടീം ഇന്ത്യ ടെസ്റ്റിൽ തോറ്റതിനേക്കാൾ കൂടുതൽ ജയിക്കുന്നത്. നിലവിൽ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ നാല് ടീമുകൾ മാത്രമാണ് പരാജയപ്പെട്ടതിനേക്കാള്‍ കൂടുതൽ ജയിച്ചിട്ടുള്ളത്.
866 ടെസ്റ്റ് മത്സരങ്ങൾ കളിച്ച ഓസ്‌ട്രേലിയ 414ൽ ജയിക്കുകയും 232ൽ തോൽക്കുകയും ചെയ്‌ത് ഒന്നാം സ്ഥാനത്താണ്. 1077 ടെസ്റ്റ് മത്സരങ്ങൾ കളിച്ച ഇംഗ്ലണ്ട് 397 വിജയങ്ങളും 325 തോൽവികളുമായി രണ്ടാം സ്ഥാനത്തുണ്ട്. ദക്ഷിണാഫ്രിക്ക 466 ടെസ്റ്റുകൾ കളിച്ചതിൽ 179 മത്സരങ്ങൾ ജയിക്കുകയും 161 മത്സരങ്ങൾ പരാജയപ്പെടുകയും ചെയ്തു മൂന്നാം സ്ഥാനത്താണ്. 458 ടെസ്റ്റ് മത്സരങ്ങളിൽ 148 ജയവും 144 തോൽവിയുമാണ് പാകിസ്ഥാൻ നേടിയത്. നിലവിൽ നാലാം സ്ഥാനത്താണ്.