മുംബൈ : രഞ്‌ജി ട്രോഫി (Ranji Trophy) ഫൈനലില്‍ മുംബൈയോട് പോരടിക്കാന്‍ വിദർഭ (Vidarbha vs Mumbai). സെമി ഫൈനല്‍ മത്സരത്തില്‍ മധ്യപ്രദേശിനെ 62 റണ്‍സിന് തോല്‍പ്പിച്ചാണ് വിദർഭ കലാശപ്പോരിന് ടിക്കറ്റുറപ്പിച്ചത് (Vidarbha vs Madhya Pradesh). രണ്ടാം ഇന്നിങ്‌സിന് ശേഷം വിദർഭ ഉയര്‍ത്തിയ 321 റണ്‍സിന്‍റെ വിജയ ലക്ഷ്യം പിന്തുടര്‍ന്ന മധ്യപ്രദേശ് 258 റണ്‍സില്‍ ഓള്‍ഔട്ടായി.
212 പന്തുകളില്‍ 94 റണ്‍സ് നേടിയ യാഷ് ദുബെയും 80 പന്തുകളില്‍ 67 റണ്‍സ് നേടിയ ഹര്‍ഷ് ഗവ്‌ലിയും മാത്രമാണ് രണ്ടാം ഇന്നിങ്‌സില്‍ മധ്യപ്രദേശിനായി പൊരുതി നോക്കിയത്. വിദർഭയ്‌ക്കായി അക്ഷയ് വഖാരെ, യാഷ് താക്കൂര്‍ എന്നിവര്‍ മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്‌ത്തി. ആദിത്യ താക്കറെ, ആദിത്യ സർവതേ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതവും സ്വന്തമാക്കി.
മത്സരത്തിന്‍റെ അവസാന ദിനമായ ഇന്ന് 228/6 എന്ന നിലയിലായിരുന്നു മധ്യപ്രദേശ് കളിക്കാന്‍ ഇറങ്ങിയത്. എന്നാല്‍ 31 റണ്‍സ് ചേര്‍ക്കുന്നതിനിടെ ആദ്യ സെഷനില്‍ തന്നെ ടീം കൂടാരം കയറി. ടോസ് നേടി ആദ്യം ബാറ്റ് ചെയ്‌ത വിദര്‍ഭ 170 റണ്‍സായിരുന്നു നേടിയിരുന്നത്. മലയാളി താരം കരുണ്‍ നായര്‍ (105 പന്തില്‍ 63) നേടിയ അര്‍ധ സെഞ്ചുറിയായിരുന്നു ടീമിന് രക്ഷയായത്.
മറുപടിക്ക് ഇറങ്ങിയ മധ്യപ്രദേശ് 252 റണ്‍സ് നേടിയ ആദ്യ ഇന്നിങ്‌സില്‍ 82 റണ്‍സിന്‍റെ നിര്‍ണായക ലീഡ് എടുത്തിരുന്നു. ഹിമാന്‍ഷു മന്ത്രിയുടെ (265 പന്തില്‍ 126) സെഞ്ചുറിക്കരുത്താണ് തുണയായത്. എന്നാല്‍ രണ്ടാം ഇന്നിങ്‌സില്‍ 402 റണ്‍സ് നേടിക്കൊണ്ട് വിദര്‍ഭ ശക്തമായി തിരിച്ചുവന്നു.
ALSO READ: അപൂര്‍വങ്ങളില്‍ അപൂര്‍വം; അശ്വിനും ബെയർസ്റ്റോയും എലൈറ്റ് ലിസ്റ്റിലേക്ക്
യാഷ് റാത്തോഡ് (200 പന്തില്‍ 141), അമൻ മൊഖഡെ (59), ക്യാപ്റ്റന്‍ അക്ഷയ് വാഡ്കർ (77) എന്നിവരായിരുന്നു ടീമിന്‍റെ തിരിച്ചുവരവിന് കളമൊരുക്കിയത്. രഞ്‌ജിയില്‍ വിദര്‍ഭയുടെ മൂന്നാമത്തെ ഫൈനലാണിത്. ചാമ്പ്യൻഷിപ്പിന്‍റെ 2017-18, 2018-19 പതിപ്പുകളിൽ ഫൈനലിലെത്തിയ വിദർഭ കിരീടം തൂക്കിയിരുന്നു. യഥാക്രമം ഡൽഹിയെയും സൗരാഷ്‌ട്രയെയും ആയിരുന്നു ടീം പരാജയപ്പെടുത്തിയത്.
ALSO READ: അകമ്പടിക്ക് ആം ഗാർഡുകള്‍ ; ഹെലികോപ്റ്ററില്‍ മരണമാസ് എന്‍ട്രിയുമായി രോഹിത്
അതേസമയം സെമി ഫൈനലില്‍ തമിഴ്‌നാടിനെ തോല്‍പ്പിച്ചാണ് മുംബൈ എത്തുന്നത്. രഞ്‌ജിയില്‍ 48-ാമത്തെ ഫൈനലാണ് മുംബൈ കളിക്കാന്‍ ഒരുങ്ങുന്നത്. ഇതിന് മുന്നെ 41 തവണ കിരീടം നേടാന്‍ ടീമിന് കഴിഞ്ഞിരുന്നു. രഞ്‌ജിയില്‍ ഇത് രണ്ടാം തവണയാണ് ഒരേ സംസ്ഥാനത്തുനിന്നുള്ള ടീമുകൾ ഫൈനലിലേക്ക് മുന്നേറുന്നത്. മാര്‍ച്ച് 10-ന് വാങ്കഡെയിലാണ് ഫൈനല്‍.