തിരുവനന്തപുരം: രഞ്ജി ട്രോഫിയില്‍ (Ranji Trophy) സീസണിലെ ആദ്യ വിജയവുമായി കേരളം. തുമ്പ സെന്‍റ് സേവ്യേഴ്‌സ് കോളജ് ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ബംഗാളിനെ 109 റണ്‍സിനാണ് കേരളം കീഴടക്കിയത്. രണ്ടാം ഇന്നിങ്‌സിന് ശേഷം കേരളം ഉയര്‍ത്തിയ 449 റണ്‍സിന്‍റെ വമ്പന്‍ വിജയ ലക്ഷ്യം പന്തുടര്‍ന്ന ബംഗാള്‍ നാലാം ദിനത്തിന്‍റെ അവസാന സെഷനില്‍ 339 റണ്‍സിന് പുറത്താവുകയായിരുന്നു. സ്കോര്‍: കേരളം 363, 265-6d, ബംഗാള്‍, 180, 339.
ആദ്യ ഇന്നിങ്‌സില്‍ ഒമ്പത് വിക്കറ്റും രണ്ടാം ഇന്നിങ്‌സില്‍ നാല് വിക്കറ്റുകളും വീഴ്‌ത്തിയ ജലജ് സക്‌സേനയ്‌ക്ക് (Jalaj Saxena) മുന്നിലാണ് ബംഗാള്‍ കറങ്ങി വീണത്. 100 പന്തുകളില്‍ 80 റണ്‍സടിച്ച ഷഹ്‌ബാസ് അഹമ്മദാണ് രണ്ടാം ഇന്നിങ്‌സില്‍ ബംഗാളിന്‍റെ ടോപ് സ്‌കോറര്‍. രണ്ടിന് 78 റണ്‍സ് എന്ന നിലയിലാണ് ബംഗാള്‍ ഇന്ന് തങ്ങളുടെ രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് പുനരാരംഭിച്ചത്.
അന്‍സ്‌തുപ് മജുംദാറി (51 പന്തില്‍ 16) തുടക്കം തന്നെ സ്വന്തം പന്തില്‍ ജലജ് പിടികൂടിയെങ്കിലും അര്‍ധ സെഞ്ചുറിയുമായി അഭിമന്യു ഈശ്വരൻ ഭീഷണി ഉയര്‍ത്തി. ക്യാപ്റ്റന്‍ മനോജ് തിവാരിയ്‌ക്കൊപ്പം കൂട്ടുകെട്ടിന് ശ്രമിച്ച അഭിമന്യു ഈശ്വരനെ (119 പന്തില്‍ 65) ജലജ് തന്നെ മടക്കിയത് കേരളത്തിന് ആശ്വാസമായി. പിന്നാലെ അഭിഷേക് പോറെലിനെ (18 പന്തില്‍ 28) ശ്രേയസ് ഗോപാലും മടക്കിയതോടെ ബംഗാള്‍ പ്രതിരോധത്തിലായി.
എന്നാല്‍ തുടര്‍ന്ന് ഒന്നിച്ച മനോജ് തിവാരിയും ഷഹബാസ് അഹമ്മദും മികച്ച രീതിയില്‍ കളിച്ചു. അപകടകരമായി മാറുകയായിരുന്ന കൂട്ടുകെട്ട് സക്‌സേനയാണ് പൊളിച്ചത്. മനോജ് തിവാരി (69 പന്തില്‍ 35) സഞ്‌ജു സാംസണിന്‍റെ കയ്യില്‍ ഒതുങ്ങുകയായിരുന്നു. ഇതോടെ വേഗം കളി തീര്‍ത്താന്‍ കേരളം കൊതിച്ചുവെങ്കിലും ഷഹ്‌ബാസ് അഹമ്മദും കരണ്‍ ലാലും ചേര്‍ന്ന് ചെറുത്ത് നില്‍പ്പിന് ശ്രമിച്ചു.
ഏഴാം വിക്കറ്റില്‍ 83 റണ്‍സാണ് ഇരുവരും ചേര്‍ത്തത്. എന്നാല്‍ കരണ്‍ ലാലിനെ (78 പന്തില്‍ 48) മടക്കാന്‍ കഴിഞ്ഞത് കേരളത്തിന് ആശ്വാസമായി. തുടര്‍ന്നെത്തിയ സുരാജ് സിന്ധു ജയ്‌സ്വാള്‍ (28 പന്തില്‍ 13), ആകാശ് ദീപ് (1 പന്തില്‍ 1) എന്നിവര്‍ക്ക് പിടിച്ച് നില്‍ക്കാന്‍ കഴിഞ്ഞില്ല. ഒടുവില്‍ ഷഹ്‌ബാസിനെ വീഴ്‌ത്തിയ ബേസില്‍ തമ്പിയാണ് ബംഗാള്‍ ഇന്നിങ്‌സിന് തിരശീലയിട്ടത്. രഞ്ജത് സിങ് ഖൈറ (15 പന്തില്‍ 2), സുദീപ് കുമാര്‍ ഖരാമി (50 പന്തില്‍ 31) എന്നിവരുടെ വിക്കറ്റുകള്‍ ബംഗാളിന് കഴിഞ്ഞ ദിവസം നഷ്‌ടമായിരുന്നു.
കേരളത്തിനായി ആദ്യ ഇന്നിങ്‌സില്‍ സച്ചിന്‍ ബേബി (261 പന്തില്‍ 124), അക്ഷയ് ചന്ദ്രന്‍ (222 പന്തില്‍ 106) എന്നിവര്‍ സെഞ്ചുറി നേടിയിരുന്നു. ജലജ് 118 പന്തില്‍ 40 റണ്‍സും കണ്ടെത്തി. ക്യാപ്റ്റന്‍ സഞ്ജു സാംസണ് (8) രണ്ടക്കം തൊടാന്‍ കഴിഞ്ഞിരുന്നില്ല.
93 പന്തില്‍ 72 റണ്‍സടിച്ച അഭിമന്യൂ ഇശ്വരമായിരുന്നു ആദ്യ ഇന്നിങ്‌സില്‍ ബംഗാളിന്‍റെ ടോപ് സ്‌കോറര്‍. രണ്ടാം ഇന്നിങ്‌സില്‍ കേരളത്തിനായി രോഹന്‍ കുന്നുമ്മല്‍ (51), സച്ചിന്‍ ബേബി (51), ശ്രേയസ് ഗോപാല്‍ (50*) എന്നിവര്‍ അര്‍ധ സെഞ്ചുറി നേടി.
ALSO READ: അവന്‍റെ പ്രായം 20 വയസല്ല; ഭരത്തിനെ ഇനിയും പിന്തുണയ്‌ക്കുന്നതില്‍ അര്‍ത്ഥമില്ലെന്ന് മഞ്ജരേക്കര്‍
അതേസമയം കേരളത്തിന്‍റെ ക്വാര്‍ട്ടര്‍ പ്രതീക്ഷകള്‍ വിരളമാണ്. എലൈറ്റ് ഗ്രൂപ്പ് ബിയിലാണ് ടീം സീസണില്‍ കളിക്കാനിറങ്ങിയത്. കളിച്ച ആറ് മത്സരങ്ങളില്‍ ഒരു ജയവും ഒരു തോല്‍വിയും നാല് സമനിലകളുമടക്കം ആകെ 14 പോയിന്‍റാണ് ടീമിനുള്ളത്. ആറ് കളികളില്‍ നിന്നും 30 പോയിന്‍റുള്ള മുംബൈ ആണ് തലപ്പത്ത്.