ധര്‍മ്മശാല: ഇന്ത്യന്‍ ടെസ്റ്റ് ടീം അരങ്ങേറ്റത്തിന് മലയാളി ബാറ്റര്‍ ദേവ്‌ദത്ത് പടിക്കലിന് (Devdutt Padikkal) കാത്തിരിക്കേണ്ടി വരും. മോശം പ്രകടനത്തെ തുടര്‍ന്ന് ഇന്ത്യയുടെ പ്ലേയിങ് ഇലവനില്‍ നിന്നും പുറത്താവുമെന്ന് പ്രതീക്ഷിച്ചിരുന്ന രജത് പടിദാര്‍ (Rajat Patidar) ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റും (India vs Englanad 5th Test) കളിക്കുമെന്ന് റിപ്പോര്‍ട്ട്. ഒരു ദേശീയ മാധ്യമാണ് റിപ്പോര്‍ട്ട് പുറത്ത് വിട്ടിരിക്കുന്നത്.
മൂന്ന് ടെസ്റ്റുകള്‍ കളിച്ച രജതിന് തിളങ്ങാന്‍ കഴിഞ്ഞിരുന്നില്ല. ആറ് ഇന്നിങ്‌സുകളിലായി വെറും 63 റണ്‍സ് മാത്രമാണ് 30-കാരന് നേടാന്‍ കഴിഞ്ഞത്. 10.5 മാത്രമാണ് ശരാശരി. ഇതോടെ രജതിന് പകരം ദേവ്‌ദത്ത് പ്ലേയിങ് ഇലവനിലേക്ക് എത്തിയേക്കുമെന്നായിരുന്നു നേരത്തെയുണ്ടായിരുന്ന സംസാരം. എന്നാല്‍ ഇതിനകം തന്നെ ആതിഥേയര്‍ പരമ്പര സ്വന്തമാക്കിയതിനാല്‍ രജതിന് ഒരു അവസരം കൂടി നല്‍കാനാണ് മാനേജ്‌മെന്‍റ് ആലോചിക്കുന്നത്.
പരമ്പരയില്‍ നിന്നും വിരാട് കോലി വിട്ടുനിന്നതോടെയാണ് രജത് പടിദാറിന് സ്‌ക്വാഡിലേക്ക് വിളിയെത്തുന്നത്. ഹൈദരാബാദില്‍ നടന്ന ആദ്യ ടെസ്റ്റിനിടെ കെഎല്‍ രാഹുലിന് പരിക്കേറ്റതോടെ വിശാഖപട്ടണത്ത് അരങ്ങേറ്റത്തിനും അവസരം ലഭിച്ചു. 32, 9, 5, 0, 17, 0 എന്നിങ്ങനെയാണ് ആറ് ഇന്നിങ്‌സുകളില്‍ 30-കാരന്‍ സ്‌കോര്‍ ചെയ്‌തിട്ടുള്ളത്.
ഇംഗ്ലണ്ടിനെതിരെ തിളങ്ങാന്‍ കഴിഞ്ഞില്ലെങ്കിലും ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ മികച്ച റെക്കോഡുള്ള താരമാണ് രജത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 99 ഇന്നിങ്‌സുകളില്‍ നിന്നായി 43.68 ശരാശരിയില്‍ 4063 റണ്‍സ് നേടാന്‍ താരത്തിന് കഴിഞ്ഞിട്ടുണ്ട്. 12 സെഞ്ചുറികളും രജതിന്‍റെ അക്കൗണ്ടിലുണ്ട്. ഈ മികവ് പരിഗണിച്ചാണ് താരത്തിന് ഒരു അവസരം കൂടി നല്‍കാനുള്ള തീരുമാനത്തിലേക്ക് മാനേജ്‌മെന്‍റ് എത്തിയത്.
മാര്‍ച്ച് ഏഴിന് ധര്‍മശാലയിലാണ് ഇന്ത്യ- ഇംഗ്ലണ്ട് അഞ്ചാം ടെസ്റ്റ് ആരംഭിക്കുക. നാല് ടെസ്റ്റുകള്‍ കഴിഞ്ഞപ്പോള്‍ 3-1ന് ആണ് ആതിഥേയരായ ഇന്ത്യ പരമ്പര ഉറപ്പിച്ചിരിക്കുന്നത്. ഹൈദരാബാദില്‍ നടന്ന ആദ്യ ടെസ്റ്റില്‍ 28 റണ്‍സിന് സന്ദര്‍ശകര്‍ വിജയം നേടിയിരുന്നു.
എന്നാല്‍ തുടര്‍ന്ന് നടന്ന മൂന്ന് മത്സരങ്ങളും വിജയിച്ച ആതിഥേയര്‍ പരമ്പര പിടിക്കുകയായിരുന്നു. ഇംഗ്ലണ്ടിനെ വിശാഖപട്ടണത്ത് 106 റണ്‍സിനും രാജ്‌കോട്ടില്‍ 434 റണ്‍സിനും റാഞ്ചിയില്‍ അഞ്ച് വിക്കറ്റുകള്‍ക്കുമാണ് ഇന്ത്യ കീഴടക്കിയത്. അതേസമയം അഞ്ചാം ടെസ്റ്റിനുള്ള ഇന്ത്യന്‍ സ്‌ക്വാഡിനെ അടുത്തിടെ ബിസിസിഐ പ്രഖ്യാപിച്ചിരുന്നു.
പരിക്കിന്‍റെ പിടിയിലുള്ള കെഎല്‍ രാഹുല്‍ പുറത്തായപ്പോള്‍ സ്റ്റാര്‍ പേസര്‍ ജസ്‌പ്രീത് ബുംറ സ്‌ക്വാഡിലേക്ക് തിരികെ എത്തിയിട്ടുണ്ട്. നാലാം ടെസ്റ്റിന് മുന്നോടിയായി രാഹുല്‍ 90 ശതമാനം ഫിറ്റ്‌നസിലേക്ക് എത്തിയിരുന്നു. എന്നാല്‍ കൂടുതല്‍ പരിശോധനകള്‍ക്കായി താരത്തെ ബിസിസിഐ ലണ്ടനിലേക്ക് അയച്ചിരിക്കുകയാണ്. ബുംറയ്‌ക്കാവട്ടെ ജോലി ഭാരം കണക്കിലെടുത്ത് നാലാം ടെസ്റ്റില്‍ വിശ്രമം അനുവദിച്ചിരുന്നു.
ALSO READ: ഇംഗ്ലണ്ടിനെതിരെ കളിക്കാന്‍ വിളിച്ചു ; ഇഷാന്‍റെ മറുപടി ഇതായിരുന്നു, പുറത്താക്കിയത് വെറുതെയല്ല
അഞ്ചാം ടെസ്റ്റിനുള്ള ഇന്ത്യൻ ടീം: രോഹിത് ശർമ്മ (സി), ജസ്പ്രീത് ബുംറ (വിസി), യശസ്വി ജയ്‌സ്വാൾ, ശുഭ്‌മാൻ ഗിൽ, രജത് പടിദാർ, സർഫറാസ് ഖാൻ, ധ്രുവ് ജുറെൽ (ഡബ്ല്യുകെ), കെഎസ് ഭരത് (ഡബ്ല്യുകെ), ദേവ്‌ദത്ത് പടിക്കൽ, ആർ അശ്വിൻ, രവീന്ദ്ര ജഡേജ, അക്സർ പട്ടേൽ, കുൽദീപ് യാദവ്, മുഹമ്മദ് സിറാജ്, മുകേഷ് കുമാർ, ആകാശ് ദീപ്.