മുംബൈ : ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനെയും തകർത്ത് രാജസ്ഥാൻ റോയൽസിന്‍റെ അപരാജിത കുതിപ്പ് തുടരുന്നു. മുംബൈ ഇന്ത്യൻസിന്‍റെ ഹോം ഗ്രൗണ്ടായ വാങ്കഡെയിൽ സീസണിലെ മൂന്നാം മത്സരത്തിന് ഇറങ്ങിയ റോയൽസ് ജയം സ്വന്തമാക്കിയത് ആറ് വിക്കറ്റിന്. ടോസ് നേടി ആദ്യം ബൗളിങ്ങ് തെരഞ്ഞെടുത്ത ശേഷം ഹാർദിക് പാണ്ഡ്യയെയും കൂട്ടരെയും 125 റൺസിൽ എറിഞ്ഞുപിടിച്ച രാജസ്ഥാൻ റിയാൻ പരാഗിന്‍റെ അർധ സെഞ്ച്വറിയുടെ കരുത്തിൽ 27 പന്ത് ശേഷിക്കെ ജയത്തിലേക്ക് എത്തുകയായിരുന്നു.
സീസണില്‍ സഞ്ജു സാംസണിന്‍റെയും സംഘത്തിന്‍റെയും മൂന്നാമത്തെ ജയമാണിത്. ജയത്തോടെ ചെന്നൈ സൂപ്പര്‍ കിങ്‌സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീമുകളെ പിന്നിലാക്കി രാജസ്ഥാൻ പോയിന്‍റ് പട്ടികയിലും ഒന്നാം സ്ഥാനത്തേക്ക് എത്തി.
126 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ രാജസ്ഥാൻ റോയല്‍സിന് ആദ്യ ഓവറില്‍ തന്നെ ഓപ്പണര്‍ യശസ്വി ജയ്‌സ്വാളിനെ നഷ്‌ടമായി. 10 റണ്‍സ് നേടിയ താരത്തെ ക്വേന മഫാക, ടിം ഡേവിഡിന്‍റെ കൈകളില്‍ എത്തിക്കുകയായിരുന്നു. പിന്നീട്, ക്യാപ്‌റ്റൻ സഞ്ജു സാംസണും ജോസ് ബട്‌ലറും ചേര്‍ന്ന് റോയല്‍സ് സ്കോര്‍ ഉയര്‍ത്തി.
എന്നാല്‍, അഞ്ചാം ഓവറില്‍ സാംസണെ (12) പുറത്താക്കി ആകാശ് മധ്‌വാള്‍ റോയല്‍സിന് രണ്ടാം പ്രഹരമേല്‍പ്പിച്ചു. അധികം വൈകാതെ ജോസ് ബട്‌ലറെയും അവര്‍ക്ക് നഷ്‌ടമായി. ഏഴാം ഓവര്‍ എറിയാനെത്തിയ ആകാശ് മധ്‌വാള്‍ തന്നെയാണ് ജോസ് ബട്‌ലറുടെ വിക്കറ്റും നേടിയത്.
സ്കോര്‍ 88ല്‍ നില്‍ക്കെ 16 പന്തില്‍ 16 റണ്‍സ് നേടിയ രവിചന്ദ്രൻ അശ്വിന്‍റെ വിക്കറ്റും മധ്‌വാള്‍ നേടി. അതേസമയം, മത്സരത്തില്‍ നാലാം നമ്പറിലെത്തിയ റിയാൻ പരാഗ് മറുവശത്ത് നിലയുറപ്പിച്ച് റണ്‍സ് കണ്ടെത്തുന്നുണ്ടായിരുന്നു. 39 പന്തില്‍ 54 റണ്‍സുമായി പരാഗ് പുറത്താകാതെ റോയല്‍സിന് സീസണില്‍ തുടര്‍ച്ചയായ മൂന്നാം ജയം സമ്മാനിച്ചു. റോയല്‍സ് ജയം പിടിക്കുമ്പോള്‍ പരാഗിനൊപ്പം ശുഭം ദുബെയായിരുന്നു (8) ക്രീസിലുണ്ടായിരുന്നത്.
നേരത്തെ, ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാനെത്തിയ മുംബൈ ഇന്ത്യൻസിന്‍റെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. ആദ്യ നാല് ഓവറിനുള്ളില്‍ തന്നെ അവര്‍ക്ക് നാല് വിക്കറ്റുകള്‍ നഷ്‌ടമായി. രോഹിത് ശര്‍മ (0), നമാൻ ധിര്‍ (0), ഡെവാള്‍ഡ് ബ്രേവിസ് (0), ഇഷാൻ കിഷൻ (16) എന്നിവരുടെ വിക്കറ്റുകളാണ് മുംബൈയ്‌ക്ക് തുടക്കത്തില്‍ തന്നെ നഷ്‌ടമായത്.
തിലക് വര്‍മ (32), ഹര്‍ദിക് പാണ്ഡ്യ (34), ടിം ഡേവിഡ് (17) എന്നിവരൊഴികെ മറ്റാര്‍ക്കും മുംബൈ നിരയില്‍ രണ്ടക്കം കടക്കാനായില്ല. പിയുഷ് ചൗള (3), ജെറാള്‍ഡ് കോട്‌സീ (4) എന്നിവരാണ് പുറത്തായ മറ്റ് മുംബൈ ബാറ്റര്‍മാര്‍. ജസ്‌പ്രീത് ബുംറയും (8) ആകാശ് മധ്‌വാളും (4) പുറത്താകാതെ നിന്നതോടെ 9ന് 125 എന്ന നിലയിലായിരുന്നു മുംബൈ ഇന്നിങ്‌സ് അവസാനിച്ചത്.
മത്സരത്തില്‍ രാജസ്ഥാൻ റോയല്‍സിനായി ട്രെന്‍റ് ബോള്‍ട്ടും യുസ്‌വേന്ദ്ര ചാഹലും മൂന്ന് വിക്കറ്റുകള്‍ വീതം നേടി. നാന്ദ്രെ ബര്‍ഗര്‍ രണ്ട് വിക്കറ്റെടുത്തപ്പോള്‍ ആവേശ് ഖാൻ ഒരു വിക്കറ്റ് സ്വന്തമാക്കി. അതേസമയം, സീസണില്‍ മൂന്നാമത്തെ മത്സരവും പരാജയപ്പെട്ട മുംബൈ ഇന്ത്യൻസ് പോയിന്‍റ് പട്ടികയില്‍ അവസാന സ്ഥാനത്ത് തുടരുകയാണ്.
Also Read : 'ഫാന്‍സ് ആഗ്രഹിക്കുന്നുണ്ടാവും; പക്ഷെ.. ധോണി അതു ചെയ്യില്ല' - Michael Clarke On MS MS Dhoni