ന്യൂഡൽഹി: ഇന്ത്യൻ ടി20 ലോകകപ്പ് വിജയത്തിന് പിന്നാലെ ബിസിസിഐ വാഗ്‌ദാനം ചെയ്‌ത അധിക ബോണസിന്‍റെ കാര്യത്തില്‍ മാതൃകാപരമായ തീരുമാനം കൈക്കൊണ്ട് മുഖ്യപരിശീലകനായിരുന്ന രാഹുൽ ദ്രാവിഡ്. ലോകകപ്പ് വിജയത്തിന് പിന്നാലെ ടീമിന് 125 കോടി രൂപയുടെ സമ്മാനത്തുകയായിരുന്നു ബിസിസിഐ പ്രഖ്യാപിച്ചത്. ടീമിലെ 15 അംഗങ്ങൾക്കും മുഖ്യപരിശീലകന്‍ രാഹുല്‍ ദ്രാവിഡിനും അഞ്ച് കോടി രൂപ വീതം നല്‍കാനായിരുന്നു ബിസിസിഐ പദ്ധതിയിട്ടിരുന്നത്. ബാറ്റിങ് കോച്ച് വിക്രം റാത്തോർ, ഫീൽഡിങ് കോച്ച് ടി. ദിലീപ്, ബൗളിങ് കോച്ച് പരാസ് മാംബ്രെ എന്നിവരുൾപ്പെടെയുള്ള മറ്റ് സപ്പോർട്ട് സ്റ്റാഫിന് 2.5 കോടി വീതവും നല്‍കനായിരുന്നു തീരുമാനം.
എന്നാല്‍ മറ്റ് സപ്പോര്‍ട്ടിങ് സ്റ്റാഫുകള്‍ക്ക് നല്‍കുന്ന ബോണസ് തുക തന്നെ തനിക്കും മതിയെന്ന് ദ്രാവിഡ് നിലപാടെടുത്തതായാണ് വിവരം. തന്‍റെ ബോണസിലെ അധികമായ 2.5 കോടി രൂപ സ്വീകരിക്കാന്‍ അദ്ദേഹം വിസമ്മതിച്ചുവെന്ന് ഒരു ദേശീയ മാധ്യമമാണ് റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത്. ടീമിലെ തന്‍റെ സപ്പോര്‍ട്ട് സ്റ്റാഫിന് ലഭിക്കുന്ന അതേ പ്രതിഫലം തന്നെ വാങ്ങാനാണ് ദ്രാവിഡിന്‍റെ ആഗ്രഹമെന്നും അദ്ദേഹത്തിന്‍റെ വികാരത്തെ തങ്ങള്‍ മാനിക്കുന്നതായും ബിസിസിഐ വൃത്തങ്ങൾ പ്രതികരിച്ചു.
അതേസമയം ഇതാദ്യമായല്ല രാഹുല്‍ ദ്രാവിഡ് ഇത്തരമൊരു നിലപാടെടുത്ത് കയ്യടി വാങ്ങുന്നത്. 2018-ൽ ഇന്ത്യയുടെ അണ്ടർ 19 ലോകകപ്പ് ജേതാക്കളായ ടീമിന്‍റെ മുഖ്യ പരിശീലകനായിരുന്ന കാലത്തായിരുന്നു നേരത്തെ ദ്രാവിഡ് സമാനമായ നിലപാട് സ്വീകരിച്ചത്.
തുടക്കത്തിൽ, ദ്രാവിഡിന് 50 ലക്ഷം രൂപയും സപ്പോർട്ട് സ്റ്റാഫിലെ മറ്റ് അംഗങ്ങൾക്ക് 20 ലക്ഷം രൂപയും നൽകാനായിരുന്നു ബിസിസിഐ പദ്ധതിയിട്ടിരുന്നത്. ടീമിലെ കളിക്കാർക്ക് 30 ലക്ഷം രൂപയായിരുന്നു പ്രതിഫലം. എന്നാല്‍ ഇത് നിരസിച്ച രാഹുല്‍ ദ്രാവിഡ് അലോക്കേഷൻ ശതമാനം പരിഷ്കരിക്കാനും എല്ലാ ടീം അംഗങ്ങൾക്കും തുല്യ പ്രതിഫലം ഉറപ്പാക്കാനും ബിസിസിഐയോട് നിര്‍ദേശിക്കുകയായിരുന്നു.