വിശാഖപട്ടണം: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ മൂന്നാം മത്സരത്തില്‍ വിരാട് കോലി മടങ്ങിയെത്തുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയുമായി പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് (Rahul Dravid On Virat Kohli Return). വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്ന് ആദ്യ രണ്ട് മത്സരങ്ങളില്‍ നിന്നും വിരാട് കോലി പിന്മാറിയിരുന്നു. താരത്തിന്‍റെ മടങ്ങിവരവില്‍ അവ്യക്തത തുടരുന്നതിനിടെയാണ് പരിശീലകന്‍റെ പ്രതികരണം.
'വിരാട് കോലി എപ്പോള്‍ തിരിച്ചുവരും എന്ന ചോദ്യം സെലക്‌ടര്‍മാരോടാണ് ചോദിക്കേണ്ടത്. ആ ചോദ്യത്തിന് വ്യക്തമായ ഉത്തരം പറയാന്‍ സാധിക്കുന്ന ആളുകള്‍ അവരാണെന്നാണ് ഞാന്‍ കരുതുന്നത്. ശേഷിക്കുന്ന മത്സരങ്ങള്‍ക്കായുള്ള സ്ക്വാഡിനെ ഉടന്‍ തന്നെ പ്രഖ്യാപിക്കും. കോലിയുമായി ഞങ്ങള്‍ ആശയവിനിമയം നടത്തിയിട്ടുണ്ട്'- വിശാഖപട്ടണത്ത് രണ്ടാം മത്സരത്തിന് ശേഷം ദ്രാവിഡ് പറഞ്ഞു.
ഇന്ത്യന്‍ സ്റ്റാര്‍ ബാറ്ററായ വിരാട് കോലിയും ഭാര്യ അനുഷ്‌ക ശര്‍മയും തങ്ങളുടെ രണ്ടാമത്തെ കുഞ്ഞിനായി കാത്തിരിക്കുകയാണെന്ന് അടുത്തിടെ ദക്ഷിണാഫ്രിക്കന്‍ മുന്‍ താരം എ ബി ഡിവില്ലിയേഴ്‌സ് വ്യക്തമാക്കിയിരുന്നു. വിരാട് കോലി നിലവില്‍ കുടുംബത്തോടപ്പം സമയം ചെലവഴിക്കുകയാണെന്നും അദ്ധേഹത്തിന് മറ്റ് പ്രശ്‌നങ്ങള്‍ ഇല്ലെന്നുമായിരുന്നു തന്‍റെ യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ട വീഡിയോയില്‍ ഡിവില്ലിയേഴ്‌സ് പറഞ്ഞത്. ഒരു ആരാധകന്‍റെ ചോദ്യത്തിനുള്ള മറുപടിയായിട്ടായിരുന്നു ഡിവില്ലിയേഴ്‌സ് ഈ കാര്യം വെളിപ്പെടുത്തിയത് (AB De Villiers About Virat Kohli).
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര ആരംഭിക്കുന്നതിന് മുന്‍പായിരുന്നു വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി വിരാട് കോലി ആദ്യ രണ്ട് മത്സരങ്ങളില്‍ നിന്നും പിന്മാറിയത്. ഇതോടെ, കോലിയുടെ പകരക്കാരനായി രജത് പടിദാറിനെ ടീമില്‍ ഉള്‍പ്പെടുത്തി. ഹൈദരാബാദിലെ ആദ്യ മത്സരത്തില്‍ കെഎല്‍ രാഹുലായിരുന്നു വിരാട് കോലിയുടെ പൊസിഷനായ നാലാം നമ്പരില്‍ ബാറ്റ് ചെയ്യാനെത്തിയത്.
അതേസമയം, അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ നിലവില്‍ ഒപ്പത്തിനൊപ്പമാണ് ഇന്ത്യയും ഇംഗ്ലണ്ടും (India vs England Test Series 2024). പരമ്പരയിലെ ആദ്യ മത്സരം ഇംഗ്ലണ്ട് ജയിച്ചപ്പോള്‍ രണ്ടാം മത്സരത്തിലാണ് ഇന്ത്യ ജയം പിടിച്ചത്. ഇന്നലെ, വിശാഖപട്ടണത്ത് പൂര്‍ത്തിയായ പരമ്പരയിലെ രണ്ടാം മത്സരത്തില്‍ 106 റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം.
ഒരാഴ്‌ചയിലധികം നീണ്ട ഇടവേളയ്‌ക്ക് ശേഷമാകും പരമ്പരയിലെ മൂന്നാം മത്സരത്തിനായി ഇരു ടീമും ഇറങ്ങുന്നത്. ഫെബ്രുവരി 15നാണ് പരമ്പരയിലെ മൂന്നാമത്തെ മത്സരം തുടങ്ങുന്നത്. രാജ്‌കോട്ടില്‍ വച്ചാണ് ഈ മത്സരം നടക്കുന്നത് (India vs England 3rd Test).
Also Read : 'ഞങ്ങളൊന്ന് 'ചില്‍' ആയിട്ട് വരാം'; വിശാഖപട്ടണത്ത് കളിച്ച ഇംഗ്ലണ്ട് ടീമിനെ ഇന്ത്യയില്‍ കാണാനില്ല!