ദുബായ് : ഐസിസി ടെസ്റ്റ് ബോളര്‍മാരുടെ റാങ്കിങ്ങില്‍ (ICC Test rankings) ഒന്നാം സ്ഥാനം തിരികെ പിടിച്ച് ഇന്ത്യയുടെ വെറ്ററന്‍ സ്‌പിന്നര്‍ ആര്‍ അശ്വിന്‍ (R Ashwin). സഹതാരം ജസ്‌പ്രീത് ബുംറയെ (Jasprit Bumrah) പിന്തള്ളിയാണ് അശ്വിന്‍ ഒന്നാം സ്ഥാനം സ്വന്തമാക്കിയത്. ഇംഗ്ലണ്ടിനെതിരായ ധര്‍മ്മശാല ടെസ്റ്റില്‍ ഒമ്പത് വിക്കറ്റ് വീഴ്‌ത്തിയ പ്രകടനത്തോടെയാണ് അശ്വിന്‍ റാങ്കിങ്ങില്‍ തലപ്പത്തേക്ക് എത്തിയത്.
അശ്വിന്‍റെ നൂറാം ടെസ്റ്റായിരുന്നു ഇത്. ആദ്യ ഇന്നിങ്‌സില്‍ നാലും രണ്ടാം ഇന്നിങ്സില്‍ അഞ്ചും വിക്കറ്റുകള്‍ വീഴ്‌ത്തിയായിരുന്നു അശ്വിന്‍ തിളങ്ങിയത്. കഴിഞ്ഞ ജനുവരിയിലായിരുന്നു അശ്വിനെ പിന്തള്ളി ബുംറ ഒന്നാം സ്ഥാനത്തേക്ക് എത്തിയത്. എന്നാല്‍ ഇംഗ്ളണ്ടിനെതിരായ പരമ്പരയില്‍ തിളങ്ങിയ വെറ്ററന്‍ സ്‌പിന്നര്‍ തിരികെ എത്തുകയായിരുന്നു.
അഞ്ച് മത്സര പരമ്പരയില്‍ രണ്ട് അഞ്ച് വിക്കറ്റ് നേട്ടമടക്കം 26 വിക്കറ്റുകളാണ് അശ്വിന്‍ ആകെ കൊയ്‌തത്. 870 റേറ്റിങ് പോയിന്‍റുമായാണ് അശ്വിന്‍ തലപ്പത്ത് നില്‍ക്കുന്നത്. രണ്ട് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ ഓസ്‌ട്രേലിയന്‍ പേസര്‍ ജോഷ് ഹെയ്‌സല്‍ വുഡ് രണ്ടാം സ്ഥാനത്തേക്ക് കയറിയപ്പോള്‍ ബുംറ മൂന്നാം സ്ഥാനത്തുണ്ട്.
ഏഴാം റാങ്കിലുള്ള രവീന്ദ്ര ജഡേജയാണ് ആദ്യ പത്തിലുള്ള മറ്റൊരു ഇന്ത്യന്‍ താരം. ധര്‍മ്മശാലയില്‍ ആദ്യ ഇന്നിങ്‌സില്‍ അഞ്ചും രണ്ടാം ഇന്നിങ്‌സില്‍ രണ്ടും വിക്കറ്റുകള്‍ വീഴ്‌ത്തിയ കുല്‍ദീപ് യാദവും നേട്ടമുണ്ടാക്കി. 15 സ്ഥാനങ്ങള്‍ ഉയര്‍ന്ന കുല്‍ദീപ് 16-ാം റാങ്കിലേക്കാണ് എത്തിയത്.
ഹിറ്റ്‌മാന്‍ ആദ്യ പത്തില്‍ : ബാറ്റര്‍മാരുടെ റാങ്കിങ്ങില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ (Rohit Sharma) ആദ്യ പത്തിലേക്ക് തിരിച്ചെത്തി. ധര്‍മശാലയില്‍ നേടിയ സെഞ്ചുറിയുടെ മികവില്‍ അഞ്ച് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ രോഹിത് ആറാം റാങ്കിലേക്കാണ് എത്തിയത്. രോഹിത്തിനെ കൂടാതെ യുവതാരങ്ങളായ യശസ്വി ജയ്‌സ്വാള്‍, ശുഭ്‌മാന്‍ ഗില്‍ എന്നിവരും നേട്ടം കൊയ്‌തു.
യശസ്വിയ്‌ക്ക് റെക്കോഡ് : രണ്ട് സ്ഥാനങ്ങള്‍ ഉയര്‍ന്ന യശസ്വി ജയ്സ്വാള്‍ എട്ടാം റാങ്കിലേക്കാണ് എത്തിയത്. ഇംഗ്ലണ്ടിനെതിരെ നടത്തിയ റണ്‍വേട്ടയാണ് 22-കാരന് റാങ്കിങ്ങില്‍ കുതിപ്പ് നല്‍കിയത്. അഞ്ച് മത്സരങ്ങളില്‍ നിന്നും രണ്ട് ഇരട്ട സെഞ്ചുറികളും മൂന്ന് അര്‍ധ സെഞ്ചുറികളും ഉള്‍പ്പടെ 712 റണ്‍സായിരുന്നു യശസ്വി അടിച്ചുകൂട്ടിയത്.
740 റേറ്റിങ് പോയിന്‍റാണ് യശസ്വിയ്‌ക്കുള്ളത്. വെറും ഒമ്പത് ടെസ്റ്റുകള്‍ കളിച്ചാണ് താരം റേറ്റിങ്ങില്‍ 700 റേറ്റിങ് പോയിന്‍റ് പിന്നിട്ടത്. ഇതോടെ ഒമ്പത് ടെസ്റ്റുകള്‍ക്ക് ശേഷം റേറ്റിങ്ങില്‍ 740 പോയിന്‍റോ അതില്‍ കൂടുതലോ സ്വന്തമാക്കുന്ന മൂന്നാമത്തെ മാത്രം താരമായി യശസ്വി മാറി.
ALSO READ: ലോകകപ്പ് ടി 20 ടീമില്‍ വിരാട് കോലി വേണം, കാരണം പറഞ്ഞ് അനില്‍ കുംബ്ലെ
ഡോണ്‍ ബ്രാഡ്‌മാനും (752) മൈക്ക് ഹസിയും (741) മാത്രമാണ് നേരത്തെ ഈ നേട്ടം കൈവരിച്ചിട്ടുള്ളത്. പരമ്പരയില്‍ കളിക്കാതിരുന്ന വിരാട് കോലി ഒരു സ്ഥാനം താഴേക്കിറങ്ങി ഒമ്പതാമതെത്തി. ഓള്‍റൗണ്ടര്‍മാരുടെ റാങ്കിങ്ങില്‍ ഇന്ത്യയുടെ രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍ എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും സ്ഥാനത്ത് തുടരുകയാണ്. ഒരു സ്ഥാനം നഷ്‌ടമായ അക്‌സര്‍ പട്ടേല്‍ ആറാം റാങ്കിലുണ്ട്.