എറണാകുളം : ഐഎസ്എല്‍ 11-ാം സീസണിലെ ആദ്യമത്സരത്തില്‍ പഞ്ചാബ് എഫ്‌സിയോട് പരാജയപ്പെട്ട് കേരള ബ്ലാസ്റ്റേഴ്‌സ്. തിരുവോണ ദിനത്തില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് പഞ്ചാബ് എഫ്‌സി വിജയം വരിച്ചത്. പഞ്ചാബ് എഫ്‌സിയ്‌ക്കായി പകരക്കാരന്‍ ലൂക്ക മയ്‌സെന്‍, ഫിലിപ് മിര്‍ലാക് എന്നിവര്‍ ഗോള്‍ നേടി. സ്‌പാനിഷ് താരം ഹെസൂസ് ഹിമെനെയാണ് ബ്ലാസ്റ്റേഴ്‌സിന്‍റെ ആശ്വാസ ഗോള്‍ നേടിയത്.
അടിയും തിരിച്ചടിയുമായി ഏറെ സസ്‌പെന്‍സ് നിറഞ്ഞ കളിയ്‌ക്കാണ് കൊച്ചി ഇന്ന് സാക്ഷ്യം വഹിച്ചത്. 85-ാം മിനിറ്റ് വരെ ഗോള്‍രഹിതമായി നീങ്ങിയ പോരില്‍ ഇഞ്ച്വറി ടൈമിലാണ് നിര്‍ണായകമായ രണ്ടു ഗോളുകള്‍ പിറന്നത്. 86-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റിയില്‍ ലൂക്ക മയ്‌സനിലൂടെ കുതിച്ച പഞ്ചാബിനെ 92-ാം മിനിറ്റില്‍ ഗോളടിച്ച് ബ്ലാസ്റ്റേഴ്‌സ് സമനിലയില്‍ പിടിക്കുകയായിരുന്നു.
എന്നാല്‍ 95-ാം മിനിറ്റില്‍ കളിയുടെ ഗതിമാറി. വീണ്ടും ഗോള്‍ നേടിയ പഞ്ചാബ് വിജയം ഉറപ്പിക്കുകയായിരുന്നു. നേരത്തെ ബ്ലാസ്റ്റേഴ്‌സിനായി ബൂട്ടണിഞ്ഞ നിലവിലെ പഞ്ചാബ് താരം നിഹാല്‍ സുധീഷ് ആണ് പ്ലെയര്‍ ഓഫ് ദി മാച്ച്.
തുടക്കത്തില്‍ വിരസമായിരുന്ന മത്സരം ആദ്യ ഗോള്‍ വഴങ്ങി ബ്ലാസ്റ്റേഴ്‌സ് ഉണര്‍ന്നതോടെ ആവേശകരമാകുകയായിരുന്നു. ഗോള്‍ തിരിച്ച് പിടിച്ച് സമനിലയിലെത്തിയെങ്കിലും അവസാന മിനിറ്റില്‍ മഞ്ഞപ്പടയ്‌ക്ക് പഞ്ചാബിന് മുന്നില്‍ തോല്‍വി സമ്മതിക്കേണ്ടി വന്നു.
ഇതിനിടെ ഹൈബോള്‍ പിടിച്ചെടുക്കാനുള്ള ലൂക്ക മയ്‌സന്‍റെ ശ്രമത്തിനിടെ ബ്ലാസ്റ്റേഴ്‌സിന്‍റെ കെപി രാഹുല്‍ ഇടിച്ചിട്ടത് കയ്യാങ്കളിയിലേക്ക് നയിച്ചു. പഞ്ചാബിന്‍റെ പരിശീലകന്‍ എത്തിയതോടെയാണ് മൈതാനത്തെ 'ഓണത്തല്ലി'ല്‍ നിന്ന് താരങ്ങള്‍ പിന്‍വാങ്ങിയത്.