ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ (Premier League) ലിവര്‍പൂള്‍ (Liverpool), മാഞ്ചസ്റ്റര്‍ സിറ്റി (Manchester City), ടോട്ടന്‍ഹാം (Tottenham) ടീമുകള്‍ക്ക് ജയം. ചെല്‍സിക്കെതിരെയാണ് (Chelsea) പോയിന്‍റ് പട്ടികയിലെ ഒന്നാം സ്ഥാനക്കാരായ ലിവര്‍പൂള്‍ ജയം നേടിയത്. മാഞ്ചസ്റ്റര്‍ സിറ്റി ബേണ്‍ലിയെ (Burnley) തകര്‍ത്തപ്പോള്‍ ബ്രെന്‍റ്‌ഫോര്‍ഡിനെതിരെ (Brentford) ആവേശകരമായ ജയമാണ് ടോട്ടന്‍ഹാം സ്വന്തമാക്കിയത്.
ലിവര്‍പൂള്‍ ജൈത്രയാത്ര: പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ ഇംഗ്ലീഷ് വമ്പന്മാരായ ലിവര്‍പൂള്‍ തേരോട്ടം തുടരുകയാണ്. ആൻഫീല്‍ഡില്‍ നടന്ന ലീഗിലെ 22-ാം റൗണ്ട് മത്സരത്തില്‍ ചെല്‍സിയെ 4-1 എന്ന സ്കോറിനാണ് ചെമ്പട തകര്‍ത്തത് (Liverpool vs Chelsea). പരിക്കിന്‍റെ പിടിയിലുള്ള സൂപ്പര്‍ താരം മുഹമ്മദ് സലായില്ലാതെ ഇറങ്ങിയ ലിവര്‍പൂളിനായി ഡിയോഗോ ജോട്ട, കോണര്‍ ബ്രാഡ്‌ലി, ഡൊമിനിക്ക് സോബൊസ്ലൈ, ലൂയിസ് ഡിയാസ് എന്നിവരാണ് ഗോള്‍ നേടിയത്.
മുന്നേറ്റ നിര താരം ക്രിസ്റ്റഫര്‍ എന്‍കുങ്കുവായിരുന്നു ചെല്‍സിക്കായി ആശ്വാസഗോള്‍ കണ്ടെത്തിയത്. 23-ാം മിനിറ്റില്‍ ഡിയോഗോ ജോട്ടയാണ് ലിവര്‍പൂളിന്‍റെ ഗോള്‍ വേട്ട തുടങ്ങിവച്ചത്. കോണര്‍ ബ്രാഡ്‌ലിയുടെ അവസാന പാസില്‍ നിന്നായിരുന്നു ജോട്ട ചെല്‍സി വല കുലുക്കിയത്.
39-ാം മിനിറ്റില്‍ കോണര്‍ ബ്രാഡ്‌ലി ആതിഥേയരുടെ ലീഡ് ഉയര്‍ത്തി. ലൂയിസ് ഡയസായിരുന്നു ഗോളിന് അസിസ്റ്റ് നല്‍കിയത്. പിന്നാലെ ലഭിച്ച പെനാല്‍റ്റി ഡാര്‍വിന്‍ ന്യൂനസിന് ലക്ഷ്യത്തിലേക്ക് എത്തിക്കാനായില്ല.
രണ്ടാം പകുതിയില്‍ 65-ാം മിനിറ്റില്‍ സോബൊസ്ലൈയും 79-ാം മിനിറ്റില്‍ ലൂയിസ് ഡയസും ലിവര്‍പൂളിനായി ഗോള്‍ കണ്ടെത്തി. 71-ാം മിനിറ്റിലായിരുന്നു ചെല്‍സിക്കായി എന്‍കുങ്കു സ്കോര്‍ ചെയ്‌തത്. ജയത്തോടെ, ലിവര്‍പൂളിന് 22 മത്സരങ്ങളില്‍ നിന്നും 51 പോയിന്‍റായി.
മാഞ്ചസ്റ്റര്‍ സിറ്റിയ്‌ക്ക് 'ഈസി വിന്‍': പോയിന്‍റ് പട്ടികയിലെ 19-ാം സ്ഥാനക്കാരായ ബേണ്‍ലിക്കെതിരെ അനായാസ ജയമാണ് എത്തിഹാദ് സ്റ്റേഡിയത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റി സ്വന്തമാക്കിയത്. ഹൂലിയന്‍ അല്‍വാരസ് ഇരട്ടഗോള്‍ നേടിയ മത്സരത്തില്‍ 3-1 എന്ന സ്കോറിനായിരുന്നു സിറ്റിയുടെ വിജയം (Manchester City vs Burnley Match Result). റോഡ്രിയാണ് സിറ്റിയുടെ മൂന്നാം ഗോള്‍ കണ്ടെത്തിയത്.
ആദ്യപകുതിയില്‍ 16, 22 മിനിറ്റുകളിലാണ് അല്‍വാരസ് സിറ്റിക്കായി ഗോള്‍ നേടിയത്. 46-ാം മിനിറ്റിലായിരുന്നു റോഡ്രിയുടെ ഗോള്‍. മത്സരത്തിന്‍റെ ഇഞ്ചുറി ടൈമില്‍ അമീന്‍ അല്‍ ഡാഖിലായിരുന്നു ബേണ്‍ലിക്കായി ആശ്വാസഗോള്‍ കണ്ടെത്തിയത്.
പോയിന്‍റ് പട്ടികയില്‍ രണ്ടാം സ്ഥാനക്കാരാണ് നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റി. ലീഗില്‍ 21 മത്സരം പൂര്‍ത്തിയാക്കിയ സിറ്റിയ്‌ക്ക് 14 ജയത്തിന്‍റെയും നാല് സമനിലകളുടെയും അകമ്പടിയില്‍ 46 പോയിന്‍റാണ് ഉള്ളത്. ഒന്നാം സ്ഥാനക്കാരായ ലിവര്‍പൂളുമായി അഞ്ച് പോയിന്‍റ് പിന്നിലാണ് നിലവില്‍ മാഞ്ചസ്റ്റര്‍ സിറ്റി.
ബ്രെന്‍റ്‌ഫോര്‍ഡിനെ തകര്‍ത്ത് ടോട്ടന്‍ഹാം : ഹോം മത്സരത്തില്‍ ബ്രെന്‍റ്‌ഫോര്‍ഡിനെതിരെ 3-2 എന്ന സ്‌കോറിനാണ് ടോട്ടന്‍ഹാം ജയം സ്വന്തമാക്കിയത്. ഒരു ഗോളിന് പിന്നിട്ടുനിന്ന ശേഷമായിരുന്നു ടോട്ടന്‍ഹാം മത്സരത്തില്‍ ജയം പിടിച്ചത്. മത്സരത്തിന്‍റെ 15-ാം മിനിറ്റില്‍ നീല്‍ മൗപേയിലൂടെയാണ് ബ്രെന്‍റ്‌ഫോര്‍ഡ് ലീഡ് പിടിച്ചത്.
ആദ്യ പകുതിയിലുടനീളം ഈ ലീഡ് കൈവശം വയ്‌ക്കാന്‍ സന്ദര്‍ശകര്‍ക്കായിരുന്നു. എന്നാല്‍, രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ രണ്ട് ഗോളുകള്‍ തിരിച്ചടിച്ച് ടോട്ടന്‍ഹാം ലീഡ് നേടി. 48-ാം മിനിറ്റില്‍ ഡെസ്റ്റിനി ഉഡോഗി, 49-ാം മിനിറ്റില്‍ ബ്രണ്ണന്‍ ജോണ്‍സണ്‍ എന്നിവരായിരുന്നു ഗോളുകള്‍ നേടിയത്.
56-ാം മിനിറ്റില്‍ റിച്ചാര്‍ലിസണും ടോട്ടന്‍ഹാമിനായി വല കുലുക്കി. 67-ാം മിനിറ്റില്‍ ഇവാന്‍ ടോണി സന്ദര്‍ശകര്‍ക്കായി രണ്ടാം ഗോള്‍ നേടി. എന്നാല്‍, പിന്നീട് ഇരു ടീമുകള്‍ക്കും ലക്ഷ്യത്തിലേക്ക് എത്താനായിരുന്നില്ല.
സീസണില്‍ ടോട്ടന്‍ഹാമിന്‍റെ 13-ാം ജയമായിരുന്നു ഇത്. 22 മത്സരം പൂര്‍ത്തിയായപ്പോള്‍ 43 പോയിന്‍റാണ് അവര്‍ക്കുള്ളത്. നിലവില്‍ പോയിന്‍റ് പട്ടികയില്‍ നാലാം സ്ഥാനത്താണ് ടോട്ടന്‍ഹാം.