മുംബൈ: ആഭ്യന്തര ക്രിക്കറ്റ് കളിക്കാതിരുന്നതിന്‍റെ പശ്ചാത്തലത്തില്‍ ഇഷാന്‍ കിഷന്‍ (Ishan Kishan), ശ്രേയസ് അയ്യര്‍ (Shreyas Iyer) എന്നിവര്‍ക്ക് ബിസിസിഐ കേന്ദ്ര കരാര്‍ (BCCI Central Contracts) നഷ്‌ടമായിരുന്നു. എന്നാല്‍ അആഭ്യന്തര ക്രിക്കറ്റില്‍ വിട്ടുനില്‍ക്കുകായിരുന്ന ഹാര്‍ദിക് പാണ്ഡ്യ (Hardik Pandya) തന്‍റെ സ്ഥാനം നിലനിര്‍ത്തി. വിഷയത്തില്‍ ബിസിസിഐ ഇരട്ടത്താപ്പ് കണിച്ചതായി പല കോണുകളില്‍ നിന്നും വിമര്‍ശനങ്ങളുയര്‍ന്നിരുന്നു.
ഇപ്പോഴിതാ ഇക്കൂട്ടത്തിലേക്ക് ചേര്‍ന്നിക്കുകയാണ് ഇന്ത്യയുടെ മുന്‍ പേസര്‍ പ്രവീണ്‍ കുമാര്‍. എല്ലാ കളിക്കാര്‍ക്കും ഒരേ നിയമമാണ് ബിസിസിഐ ബാധകമാക്കേണ്ടതെന്നാണ് പ്രവീണ്‍ കുമാര്‍ (Praveen Kumar) തുറന്നടിച്ചിരിക്കുന്നത്. ഹാര്‍ദിക് ചന്ദ്രനില്‍ നിന്നും പൊട്ടിവീണതൊന്നുമല്ല. ആഭ്യന്തര ക്രിക്കറ്റ് കളിക്കാന്‍ താരത്തോടും ബിസിസിഐ പറയേണ്ടതുണ്ടെന്നും പ്രവീണ്‍ കുമാര്‍ പറഞ്ഞു.
"ഹാര്‍ദിക് ചന്ദ്രനില്‍ നിന്നും പൊട്ടിവീണതാണോ?. മറ്റുള്ളവരെ പോലെ തന്നെ അവനും ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കേണ്ടതുണ്ട്. അവന് മാത്രമായി എന്താണ് ഒരു പ്രത്യേക നിയമമുള്ളത്. ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കാന്‍ അവനോടും ബിസിസിഐ പറയണം"- ഒരു യുട്യൂബ് ചാനലില്‍ പ്രവീണ്‍ കുമാര്‍ പറഞ്ഞു.
കഴിഞ്ഞ ഏകദിന ലോകകപ്പിനിടെ കണങ്കാലിന് പരിക്കേറ്റ ഹാര്‍ദിക് ഏറെ നാളായി ക്രിക്കറ്റില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു. രഞ്‌ജിയില്‍ ഇറങ്ങാതിരുന്ന താരം ഐപിഎല്‍ (IPL 2024) മുന്നില്‍ നില്‍ക്കെ കോര്‍പ്പറേറ്റ് ടൂര്‍ണമെന്‍റായ ഡിവൈ പാട്ടീല്‍ ടി20 കപ്പിലൂടെയാണ് മത്സര ക്രിക്കറ്റിലേക്ക് മടങ്ങിയെത്തിയത്. ആഭ്യന്തര തലത്തില്‍ എല്ലാ ഫോര്‍മാറ്റിലും ഹാര്‍ദിക് കളിക്കേണ്ടതുണ്ടെന്നും പ്രവീണ്‍ കുമാര്‍ കൂട്ടിച്ചേര്‍ത്തു.
"അയാള്‍ എന്തുകൊണ്ടാണ് എപ്പോഴും ആഭ്യന്തര ടി20 ടൂര്‍ണമെന്‍റില്‍ മാത്രം കളിക്കുന്നത്. എല്ലാവരും എല്ലാ ഫോര്‍മാറ്റിലും കളിക്കണം. 70-80 ടെസ്റ്റ് കളിച്ചതുപോലെ ഇനി ടി20 ക്രിക്കറ്റില്‍ മാത്രം ശ്രദ്ധിച്ചാല്‍ മാത്രം മതിയെന്നാണോ അയാള്‍ കരുതിയിരിക്കുന്നത്. തീര്‍ച്ചയായും അയാളെപ്പോലെ ഒരു കളിക്കാരനെ രാജ്യത്തിന് വേണം.
ഇനി ടെസ്റ്റ് ക്രിക്കറ്റ് കളിക്കാന്‍ തയ്യാറല്ലെങ്കില്‍ അയാളത് എഴുതി നല്‍കട്ടെ. ഒരു പക്ഷെ ടെസ്റ്റ് ടീമിലേക്ക് എടുക്കില്ലെന്ന് ഹാര്‍ദിക്കിനെ സെലക്‌ടര്‍മാര്‍ അറിയിച്ചിട്ടുണ്ടാവുമോ?. എന്തു തന്നെ ആയാലും ഇക്കാര്യത്തില്‍ എനിക്കൊരു വ്യക്തതയും ഇല്ല"- പ്രവീണ്‍ കുമാര്‍ പറഞ്ഞു.
ALSO READ: ഡല്‍ഹിക്ക് കനത്ത തിരിച്ചടി; ദക്ഷിണാഫിക്കന്‍ സ്റ്റാര്‍ പേസര്‍ പുറത്ത്, പകരം ഓസീസ് കൗമാരക്കാരന്‍
കഴിഞ്ഞ ഫെബ്രുവരിയില്‍ ബിസിസിഐ പ്രഖ്യാപിച്ച കേന്ദ്ര കരാറില്‍ എ ഗ്രേഡില്‍ ഹാര്‍ദിക്കിനെ നിലനിര്‍ത്തിയിരുന്നു. അതേസമയം ഐപിഎല്ലിന്‍റെ പുതിയ സീസണില്‍ മുംബൈ ഇന്ത്യന്‍സിന്‍റെ ക്യാപ്റ്റനായാണ് ഹാര്‍ദിക് പാണ്ഡ്യ കളിക്കുക. ഗുജറാത്ത് ടൈറ്റന്‍സിന്‍റെ ക്യാപ്റ്റനായിരുന്ന 30-കാരനെ ഐപിഎല്‍ ട്രേഡിലൂടെയാണ് മുംബൈ തങ്ങളുടെ തട്ടകത്തിലേക്ക് തിരികെ എത്തിച്ചത്. ടീമിന് അഞ്ച് കിരീടങ്ങള്‍ നേടിക്കൊടുത്ത രോഹിത് ശര്‍മയയെയാണ് ഇതിനായി മുംബൈ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും മാറ്റിയത്.
ALSO READ: അവനില്ലാതെ എങ്ങനെ കപ്പടിക്കും...ടി20 ലോകകപ്പില്‍ സൂപ്പർ താരം ഇന്ത്യൻ ടീമില്‍ വേണമെന്ന് ശ്രീകാന്ത്