പാരിസ് : ഹോക്കിയില്‍ ന്യൂസിലന്‍ഡിനെ 3-2 ന് പരാജയപ്പെടുത്തിയ മത്സരം ഇന്ത്യന്‍ ടീമിന് ഒരു 'വേക്ക് അപ്പ് കോളാ'ണെന്ന് ഇന്ത്യന്‍ ടീമിന്‍റെ ഗോൾകീപ്പറും മലയാളിയുമായ പിആർ ശ്രീജേഷ്. മുന്നോട്ടുള്ള കളികള്‍ക്ക് ഒരു ഉള്‍ക്കാഴ്‌ച ലഭിച്ചെന്നും ശ്രീജേഷ് പറഞ്ഞു.
ആദ്യ പാദത്തിൽ ന്യൂസിലന്‍ഡില്‍ നിന്ന് ശക്തമായ പ്രഹരം ഏല്‍ക്കേണ്ടി വന്ന ഇന്ത്യ, പ്രതിരോധിക്കാന്‍ നന്നേ പാടുപെട്ടിരുന്നു. അവസാന പാദത്തിൽ നാടകീയ നീക്കത്തിലൂടെയാണ് ഇന്ത്യ മുന്നേറിയത്. മൻദീപ് സിങ്ങും വിവേക് സാഗർ പ്രസാദും ഇന്ത്യക്ക് വേണ്ടി ഗോള്‍ നേടി. ഇതോടെ ഇന്ത്യ രണ്ടാം പാദത്തിലും മൂന്നാം പാദത്തിലും മുന്നിലെത്തി. മൂന്നാം പാദത്തിൽ ഗോൾകീപ്പർ പിആര്‍ ശ്രീജേഷ് നടത്തിയ സേവുകളും നിര്‍ണായകമായി.
'ഒളിമ്പിക്‌സിലെ ആദ്യ മത്സരം ഒരിക്കലും എളുപ്പമായിരുന്നില്ല. ന്യൂസിലൻഡ് എളുപ്പമുള്ള ഒരു ടീമല്ല. ഞങ്ങൾ ചില പിഴവുകൾ വരുത്തിയിരുന്നു. എന്നാല്‍ ചില നല്ല കാര്യങ്ങളും ഉണ്ടായി. ടീമിന് ഇത് ഒരു നല്ല വേക്ക് അപ്പ് കോളാണ്.
ഞങ്ങൾക്ക് മൂന്ന് പോയിന്‍റുകൾ ലഭിച്ചു എന്നതാണ് പ്രധാനം. ഞങ്ങൾ അവർക്ക് നല്‍കിയ അവസരങ്ങളെല്ലാം അവർ കൃത്യമായി ഉപയോഗിച്ചു. അവസാന നിമിഷങ്ങൾ ഒട്ടും എളുപ്പമായിരുന്നില്ല. ഹോക്കിയിൽ എപ്പോഴും അങ്ങനെയാണ്. ആദ്യ വിസിൽ മുതൽ അവസാനം വരെ ടെൻഷൻ ഉണ്ടായിരിക്കും.'- പിആര്‍ ശ്രീജേഷ് പറഞ്ഞു.
അതേസമയം ടീമിന്‍റെ പ്രകടനത്തെ വിമർശിച്ച ഇന്ത്യൻ പരിശീലകൻ ക്രെയ്‌ഗ് ഫുൾട്ടൺ, നടന്നത് ടൈറ്റ് മത്സരമായിരുന്നു എന്നും എന്നാൽ അവസാനം വിജയം നേടിയതിൽ സന്തോഷമുണ്ടെന്നും പ്രതികരിച്ചു. ഇന്ത്യ മികച്ച ഒരു പ്രകടനമല്ല കാഴ്‌ചവെച്ചത് എന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാല്‍ തങ്ങളുടെ പ്ലാനില്‍ ടീം ഉറച്ചുനിന്നു എന്നും ഫുൾട്ടൺ പറഞ്ഞു. ഇന്ത്യന്‍ ടീമില്‍ നിന്ന് അധികം ആക്രമണമുണ്ടാകാത്തതും പൊസഷനിലെ പിഴവകളും ഫുൾട്ടണെ ചൊടിപ്പിച്ചിരുന്നു. ജൂലൈ 29-ന് അർജന്‍റീനയെയാണ് ഇന്ത്യ രണ്ടാം മത്സരത്തിൽ നേരിടുക.