ഹംബര്‍ഗ്: ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും കിലിയൻ എംബാപ്പെയും നേര്‍ക്കുനേര്‍ പോരിനിറങ്ങുന്നത് കാണാനുള്ള കാത്തിരിപ്പിലാണ് കാല്‍പ്പന്ത് പ്രേമികള്‍. ലോകഫുട്‌ബോളിലെ തന്നെ രണ്ട് വമ്പന്മാര്‍ പോരിനിറങ്ങുന്ന ഹൈവേള്‍ട്ടേജ് മത്സരം പുലര്‍ച്ചെ 12.30ന് ഹംബര്‍ഗിലാണ് നടക്കുക. 2016 യൂറോ കപ്പ് കലാശപ്പോരിന്‍റെ തനിയാവര്‍ത്തനം കൂടിയാണ് മത്സരം.
8 വര്‍ഷം മുന്‍പ് ഇരു ടീമും ഏറ്റുമുട്ടിയ ഫൈനലില്‍ ഫ്രാൻസിനെ തോല്‍പ്പിച്ചാണ് പോര്‍ച്ചുഗല്‍ കിരീടം നേടിയത്. അന്താരാഷ്‌ട്ര കരിയറില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ആദ്യ മേജര്‍ ട്രോഫി കൂടിയായിരുന്നു അത്. ഇത്തവണത്തെ ടൂര്‍ണമെന്‍റ് തന്‍റെ കരിയറിലെ അവസാനത്തേത് ആയിരിക്കുമെന്ന് യൂറോയ്‌ക്ക് മുന്‍പ് തന്നെ 39കാരനായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ വ്യക്തമാക്കിയിരുന്നു.
കിരീടം നേടി മടങ്ങുക എന്നത് മാത്രമാകും പോര്‍ച്ചുഗല്‍ സൂപ്പര്‍ താരത്തിന്‍റെ ലക്ഷ്യം. എന്നാല്‍, പറങ്കിപ്പടയോട് 2016ലെ കണക്കുകള്‍ തീര്‍ക്കാനാകും ഫ്രാൻസ് ഇറങ്ങുക. കൂടാതെ, സൗദിയില്‍ ലോകകിരീടം നഷ്‌ടമായതിന്‍റെ വിഷമം കുറച്ചെങ്കിലും മാറ്റാൻ എംബാപ്പെയ്‌ക്കും സംഘത്തിനും യൂറോ കപ്പ് എങ്കിലും നേടേണ്ടതുണ്ട്.
രണ്ട് ടീമുകള്‍ക്കും ഇത്തവണ അത്ര മികവിലേക്കുയരാൻ സാധിച്ചിട്ടില്ല. സെല്‍ഫ് ഗോളുകളുടെയും പെനാല്‍റ്റിയുടെയും സഹായത്തോടെയാണ് ഫ്രാൻസ് ഇതുവരെയെത്തിയിരിക്കുന്നത്. മൂക്കിന് പരിക്കേറ്റ എംബാപ്പെയും മികവിന്‍റെ നിഴലില്‍ മാത്രമാണ്. മറുവശത്ത്, പോര്‍ച്ചുഗല്‍ നിരയില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ഗോളടിക്കാൻ മറന്ന മട്ടാണ്. ഷൂട്ടൗട്ടില്‍ മാത്രമാണ് റൊണോള്‍ഡോയ്‌ക്ക് സ്കോര്‍ ചെയ്യാൻ സാധിച്ചത്. കരുത്തരായ എതിരാളികളെ കിട്ടുമ്പോള്‍ എംബാപ്പെയും റൊണാള്‍ഡോയും കത്തിക്കയറുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.