ന്യൂഡൽഹി: ഐസിസി ടി20 ലോകകപ്പ് ജേതാക്കളായ ഇന്ത്യൻ ക്രിക്കറ്റ് ടീമിനൊപ്പം പ്രഭാത ഭക്ഷണം കഴിച്ച് സന്തോഷം പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രധാനമന്ത്രിയുടെ വസതിയിൽ വെച്ചായിരുന്നു കൂടിക്കാഴ്‌ച. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്‌ചയ്ക്ക് ശേഷം താരങ്ങൾ മുംബൈയിലേക്ക് പുറപ്പെട്ടു.
മുംബൈ മറൈൻ ഡ്രൈവിലും വാങ്കഡെ സ്‌റ്റേഡിയത്തിലും ഗംഭീര വിജയ പരേഡ് ഒരുക്കിയിട്ടുണ്ട്. ബിസിസിഐയാണ് മുംബൈയിൽ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.
ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ, സൂര്യകുമാർ യാദവ്, ശിവം ദുബെ, യശസ്വി ജയ്‌സ്വാൾ എന്നിവർ മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയെ വെള്ളിയാഴ്‌ച നിയമസഭയിൽ വെച്ച് കാണുമെന്ന് ശിവസേന നേതാവ് പ്രതാപ് സർനായിക് മാധ്യമങ്ങളോട് പറഞ്ഞു. ഇവര്‍ നാളെ മഹാരാഷ്‌ട്ര നിയമസഭയിലെത്തും.
ഇന്ത്യൻ ടീമിന്‍റെ വിജയ പരേഡിലേക്ക് പൊതുജനങ്ങൾക്ക് സൗജന്യമായി പ്രവേശിക്കാമെന്ന് മുംബൈ ക്രിക്കറ്റ് അസോസിയേഷൻ (എംസിഎ) സെക്രട്ടറി അജിങ്ക്യ നായിക് അറിയിച്ചു.
ഇന്ന് രാവിലെയാണ് ഇന്ത്യൻ ടീം ബാര്‍ബഡോസില്‍ നിന്ന് ഡൽഹിയില്‍ വിമാനമിറങ്ങിയത്. ടീമിനെ ആര്‍പ്പുവിളികളോടെയാണ് ആരാധകര്‍ വരവേറ്റത്.