ന്യൂഡൽഹി: പാരീസ് ഒളിമ്പിക്‌സ് ലോകത്തെ വിസ്‌മയിപ്പിച്ച് ഉജ്ജ്വല ചടങ്ങോടെ സമാപിച്ചു. ഗെയിംസില്‍ പങ്കെടുത്ത ഇന്ത്യന്‍ താരങ്ങളെ പ്രധാനമന്ത്രി നരേന്ദ്ര മോദി സമൂഹമാധ്യമമായ എക്‌സില്‍ അഭിനന്ദിച്ചു. ഗെയിംസിലെ മുഴുവൻ ഇന്ത്യൻ സംഘത്തിന്‍റെ പരിശ്രമങ്ങളെ ഞാൻ അഭിനന്ദിക്കുന്നു. എല്ലാ താരങ്ങളും ഏറ്റവും മികച്ച പ്രകടനം നടത്തി. ഓരോ ഇന്ത്യക്കാരനും അവരിൽ അഭിമാനിക്കുന്നുവെന്ന് പ്രധാനമന്ത്രി കുറിച്ചു.
As the Paris #Olympics conclude, I appreciate the efforts of the entire Indian contingent through the games. All the athletes have given their best and every Indian is proud of them. Wishing our sporting heroes the best for their upcoming endeavours.
— Narendra Modi (@narendramodi) August 11, 2024
ഒളിമ്പിക്‌സ് വേളയിൽ രാജ്യത്തിനായി മെഡലുകൾ നേടിയ ഇന്ത്യൻ കായികതാരങ്ങളെ പ്രധാനമന്ത്രി ഫോണില്‍ വിളിച്ച് അവരുടെ പ്രയത്‌നങ്ങളെ പ്രശംസിക്കുകയും രാജ്യത്തിനായി മെഡലുകൾ നേടിയതിന് അവരെ അഭിനന്ദിക്കുകയും ചെയ്‌തിരുന്നു.
വിവിധ കായിക ഇനങ്ങളിൽ 117 താരങ്ങളാണ് പാരീസില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചത്. മത്സരങ്ങളില്‍ ഇന്ത്യ നേടിയത് 6 മെഡലുകൾ മാത്രമാണ്. ഒളിമ്പിക്‌സിന്‍റെ ഉദ്ഘാടന ചടങ്ങിൽ പി.വി സിന്ധുവും ശരത് കമലുമായിരുന്നു പതാക വാഹകര്‍. സമാപന ചടങ്ങിൽ മനു ഭാക്കറും പിആർ ശ്രീജേഷും ദേശീയ പതാക ഉയർത്തി.
അമേരിക്കൻ നടനും ചലച്ചിത്ര നിർമ്മാതാവുമായ ടോം ക്രൂസ് ഈ സമാപന ചടങ്ങിൽ സ്റ്റണ്ട് അവതരിപ്പിച്ചു. യുഎസിലെ ഗബ്രിയേല സാർമിയന്‍റോ വിൽസൺ, പോപ്പ് ഗായിക ബില്ലി എലിഷ്, റാപ്പർ സ്നൂപ് ഡോഗ് എന്നിവർ റാപ്പ് ഗാനങ്ങൾ ആലപിച്ച് കാണികളെ ഹരം കൊള്ളിച്ചു.