പാരീസ്: ഒളിമ്പിക്‌സ് മെഡല്‍ പട്ടികയില്‍ അമേരിക്കയെ പിന്നിലാക്കി ചൈനയുടെ തേരോട്ടം. 40 സ്വര്‍ണവും 27 വെള്ളിയും 24 വെങ്കലവുമടക്കം 91 മെഡലുകളാണ് ഇതുവരെ ചൈന സ്വന്തമാക്കിയത്. എന്നാല്‍ മെഡലുകളുടെ എണ്ണത്തില്‍ അമേരിക്ക ബഹുദൂരം മുന്നിലാണെങ്കിലും 39 സ്വര്‍ണമാണ് നേടിയത്. 44 വെള്ളിയും 42 വെങ്കലവുമടക്കം 125 മെഡലുകളാണ് ഇതുവരെ അമേരിക്ക കരസ്ഥമാക്കിയത്.
ഏറ്റവും കൂടുതൽ സ്വർണം നേടുന്ന രാജ്യങ്ങൾക്കാണ് ഒളിമ്പിക് റാങ്കിങ്ങിൽ മുൻഗണന നൽകുന്നത്. എന്നാല്‍ ഒരു വെള്ളിയും അഞ്ച് വെങ്കലവുമടക്കം ആറു മെഡലുകളുമായി ഇന്ത്യ 71 സ്ഥാനത്താണ്. ഒരു സ്വര്‍ണമെഡലിന്‍റെ മികവോടെ പട്ടികയില്‍ പാകിസ്ഥാന്‍ 62ാം സ്ഥാനത്തെത്തി. 1984ന് ശേഷം ഇതാദ്യമായാണ് പാകിസ്ഥാൻ ഇന്ത്യയ്ക്ക് മുകളിൽ എത്തുന്നത്. 1984ൽ പാകിസ്ഥാൻ 25-ാം സ്ഥാനത്തായിരുന്നു. ഇക്കുറി ഇന്ത്യയെ പാകിസ്ഥാന് പിന്നിലാക്കിയത് അര്‍ഷദ് നദീമിന്‍റെ സ്വർണമാണ്.
അതേ സമയം ചൈന ഒളിമ്പിക്‌സില്‍ ഇതുവരേ നേടിയ സ്വര്‍ണ മെഡലുകളുടെ എണ്ണം 300 കടന്നു. വനിതാ ടീം ടേബിൾ ടെന്നീസിൽ സ്വർണ്ണ മെഡൽ നേടിയതോടെയാണ് മെഡൽ സംഖ്യ ഉയർന്നത്. പാരീസ് ഒളിമ്പിക്‌സ് ആരംഭിക്കുന്നതിന് മുമ്പ് ചൈന നേടിയത് 263 സ്വർണമെഡലുകളായിരുന്നു. 20 സ്വര്‍ണ മടക്കം 45 മെഡലുമായി ജപ്പാന്‍ മൂന്നാം സ്ഥാനത്തും 18 സ്വര്‍ണമടക്കം 53 മെഡലുമായി ഓസ്‌ട്രേലിയ നാലാം സ്ഥാനത്തുമാണ്.
Also Read: പാരീസില്‍ ട്രിപ്പിൾ മെഡൽ നേട്ടവുമായി നെതർലൻഡ്‌സിന്‍റെ സിഫാൻ ഹസ്സൻ ചരിത്രമെഴുതി - Paris olympics 2024