പാരീസ്: ഒളിമ്പിക്‌സിൽ ഇന്ത്യയുടെ സ്വർണമെഡൽ പ്രതീക്ഷയുമായി ജാവലിൻ ത്രോയില്‍ നീരജ് ചോപ്ര ഇന്നിറങ്ങും. പാക്കിസ്ഥാന് മെഡല്‍ സ്വപ്‌നവുമായി അർഷാദ് നദീമും മത്സരിക്കുന്നതിനാല്‍ വലിയ പോരാട്ടമാണ് ഇരുരാജ്യത്തേയും ആളുകള്‍ കാത്തിരിക്കുന്നത്. ഇന്ത്യൻ സമയം രാത്രി 11.55നാണ് ഫൈനൽ.
ലോകത്തിലെ ഏറ്റവും മികച്ച 12 ജാവലിൻ ത്രോ താരങ്ങളാണ് സ്വർണം നേടാനായി റൺവേയിൽ ഇറങ്ങുന്നത്. നിലവിലെ ഒളിമ്പിക്‌സ്, ലോക ചാമ്പ്യനുമായ നീരജ് മത്സരത്തിൽ മുന്നിലാണ്. യോഗ്യതാ റൗണ്ടില്‍ തന്‍റെ ആദ്യ ശ്രമത്തിൽ തന്നെ 89.34 മീറ്റർ എറിഞ്ഞാണ് നീരജ് ഫൈനലിലെത്തിയത്.
ബുഡാപെസ്റ്റ് ലോക ചാമ്പ്യൻഷിപ്പിൽ നീരജിന് പിന്നിൽ വെള്ളി നേടിയ താരമാണ് പാകിസ്ഥാന്‍റെ നദീം. ജാവലിൻ 86.59 മീറ്റർ എറിഞ്ഞപ്പോൾ 12 പേരില്‍ നാലാം സ്ഥാനത്തെത്തി ഫൈനലിലേക്ക് യോഗ്യത നേടുകയായിരുന്നു അർഷാദ് നദീം.
Supporting our star Arshad Nadeem 🌟
— Pakistan Cricket (@TheRealPCB) August 8, 2024
Pakistan team wishes Arshad all the best ahead of the Men’s Javelin Throw final at the Paris Olympics tonight 👏 pic.twitter.com/qOqvewkRkp
പാരീസ് ഗെയിംസിൽ പാക്കിസ്ഥാനുവേണ്ടി നദീം ആദ്യ മെഡൽ നേടുമെന്ന പ്രതീക്ഷയിൽ പാകിസ്ഥാന്‍ ക്രിക്കറ്റ് താരങ്ങൾ നദീമിന് ആശംസകൾ നേർന്നു. 'അർഷാദ് നദീം, ഫൈനലിലേക്ക് യോഗ്യത നേടിയതിന് അഭിനന്ദനങ്ങൾ, ഞങ്ങളുടെ ആശംസകളും പ്രാർത്ഥനകളും നിങ്ങൾക്കൊപ്പമുണ്ട്. ഞങ്ങൾ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്, നിങ്ങൾ പാക്കിസ്ഥാനുവേണ്ടി മെഡൽ നേടുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് പാകിസ്ഥാൻ ടെസ്റ്റ് ക്യാപ്റ്റൻ ഷാൻ മസൂദ് സമൂഹമാധ്യമമായ എക്‌സിൽ പറഞ്ഞു.
ബാബർ അസം, നസീം ഷാ, സർഫറാസ് അഹമ്മദ്, ഷഹീൻ ഷാ അഫ്രീദി, പാകിസ്ഥാൻ മുൻ ഫാസ്റ്റ് ബൗളർ ഉമർ ഗുൽ എന്നിവരും നദീമിന് ആശംസകൾ നേർന്നു.