പാരീസ്: ഭാര കൂടുതല്‍ കാരണം അയോഗ്യയാക്കപ്പെട്ട വിനേഷ് ഫോഗട്ടിന് സമാനമായി അയോഗ്യതയില്‍ നിന്നും വെങ്കലമെഡല്‍ ജേതാവ് അമൻ സെഹ്‌രാവത് രക്ഷപ്പെട്ടത് തലനാരിഴക്ക്. സെമി ഫൈനലിൽ ജപ്പാന്‍റെ റെയ് ഹിഗുച്ചിയോട് പരാജയപ്പെട്ട ശേഷം നടത്തിയ ഭാരപരിശോധനയിൽ 61.5 കിലോഗ്രാമായിരുന്നു അമന്‍റെ ഭാരം.
ഗുസ്‌തിയില്‍ 57 കിലോഗ്രാം വിഭാഗത്തില്‍ മത്സരിക്കുന്ന സെഹ്‌രാവതിന് 4.6 കിലോ ഭാരമാണ് കൂടുതലായി കണ്ടത്. ഇത് ഒളിമ്പിക്‌സിലെ ഇന്ത്യന്‍ ക്യാമ്പിനെ ഞെട്ടിച്ചു. അമിതഭാരത്തിന്‍റെ പേരിൽ വിനേഷിന്‍റെ അതേ വിധി നേരിടേണ്ടിവരുമെന്ന ഘട്ടത്തിലായിരുന്നു അമൻ. എന്നാല്‍ 10 മണിക്കൂർ സമയപരിധിക്കുള്ളിൽ നിശ്ചിത ഭാരം കുറയ്ക്കുക എന്ന കഠിനമായ ദൗത്യം യുവതാരം ഏറ്റെടുത്തു. പിന്നീട് സംഭവിച്ചത് അര്‍പ്പണബോധമുള്ള കായിക താരത്തിന്‍റെ വിജയമായിരുന്നു.
𝐌𝐄𝐃𝐀𝐋 𝐚𝐚 𝐠𝐚𝐲𝐚 𝐡𝐚𝐢 𝐩𝐫𝐚𝐛𝐡𝐮! 🔥🔥🔥
— India_AllSports (@India_AllSports) August 9, 2024
𝐀𝐦𝐚𝐧 𝐒𝐞𝐡𝐫𝐚𝐰𝐚𝐭 𝐰𝐢𝐧𝐬 𝐁𝐑𝐎𝐍𝐙𝐄 𝐦𝐞𝐝𝐚𝐥 𝐢𝐧 𝐖𝐫𝐞𝐬𝐭𝐥𝐢𝐧𝐠 @wrestling #wrestling #Paris2024 #Paris2024withIAS pic.twitter.com/KmM6aRFt2k
അമൻ സെഹ്‌രാവത് ശരീരഭാരം കുറച്ചത് എങ്ങനെ?
വ്യാഴാഴ്‌ച വൈകിട്ട് 6.30 ഓടെ ജപ്പാന്‍റെ റെയ് ഹിഗുച്ചിക്കെതിരായ തോൽവിക്ക് ശേഷം നടത്തിയ പരിശോധനയില്‍ അമന് അനുവദനീയമായതിനേക്കാള്‍ 4.5 കിലോഗ്രാം കൂടുതല്‍ ഭാരമുണ്ടായിരുന്നു. മുതിര്‍ന്ന പരിശീലകരായ ജഗ്മന്ദർ സിങ്, വീരേന്ദർ ദാഹിയ എന്നിവരുടെ പരിശ്രമത്തിന്‍റെ ഫലമായാണ് 10 മണിക്കൂറിനുള്ളിൽ ഭാരം കുറച്ച് അമനെ വെങ്കല മെഡല്‍ മത്സരത്തിനായി സജ്ജമാക്കിയത്.
ഒന്നര മണിക്കൂർ നീണ്ട സെഷനോടെയാണ് പ്രക്രിയ ആരംഭിച്ചത്. സെഷനിൽ സ്റ്റാൻഡിങ് ഗുസ്‌തിയും തുടര്‍ന്ന് ഒരു മണിക്കൂർ ഹോട്ട് ബാത്ത് സെഷന്‍. ശേഷം ശരീരഭാരം കൂടുതല്‍ കുറയ്ക്കാനും വിയർക്കാനുമായി അമൻ ജിമ്മിലേക്ക്, അവിടെ ഒരു മണിക്കൂർ നിർത്താതെ ട്രെഡ്‌മില്ലിൽ പരിശീലനം.
പിന്നീട് 30 മിനിറ്റ് ഇടവേള നൽകി. തുടർന്ന് ശരീരഭാരം കുറയ്ക്കാൻ അഞ്ച് മിനിറ്റ് സോനാ ബാത്തില്‍ ഏർപ്പെട്ടു. അവസാന സെഷൻ അവസാനിച്ചെങ്കിലും അമന് 900 ഗ്രാം കൂടുതൽ ഭാരമുണ്ടായിരുന്നു. അമിതഭാരത്തിനുള്ള സാധ്യത പൂർണമായും ഇല്ലാതാക്കാൻ പരിശീലകർ ചെറുതായി ജോഗിങ് ചെയ്യാൻ ആവശ്യപ്പെട്ടു. തുടര്‍ന്ന് 15 മിനിറ്റ് ദെെര്‍ഘ്യമുള്ള അഞ്ച് സെഷനുകളുടെ അവസാന പ്രവർത്തനം താരത്തിനെ സഹായിച്ചു. പിന്നാലെ നടത്തിയ ഭാരപരിശോധനയില്‍ 56.9 കിലോഗ്രാം ഭാരം. യോഗ്യതാ മാനദണ്ഡത്തേക്കാൾ 100 ഗ്രാം കുറവ്. അനുവദനീയമായ പരിധിക്കുള്ളിലായതിനാൽ പരിശീലകർ ആശ്വാസത്തിന്‍റെ നെടുവീർപ്പിട്ടു. സെഷനുകൾക്കിടയിൽ ചെറുനാരങ്ങയും തേനും ചേർത്ത ചെറുചൂടുള്ള വെള്ളവും അൽപ്പം കാപ്പിയും താരത്തിന് നൽകി.
BRONZE MEDAL IT IS!!!
— Team India (@WeAreTeamIndia) August 9, 2024
Our 6th medal at @paris2024 after a comfortable win for Aman Sherawat in the Bronze Medal match! 👏🏽👏🏽#JeetKaJashn | #Cheer4Bharat pic.twitter.com/jgdYKxCSBi
“ഞങ്ങൾ ഓരോ മണിക്കൂറിലും അമന്‍റെ ഭാരം പരിശോധിച്ചുകൊണ്ടിരുന്നു. രാത്രിയും പകലും ഞങ്ങൾ ഉറങ്ങിയില്ല. ഭാരം കുറക്കുന്നത് ഞങ്ങൾക്ക് പതിവും സാധാരണവുമാണ്. എന്നാല്‍ കഴിഞ്ഞ ദിവസം വിനേഷിന് സംഭവിച്ചത് കാരണം ടെൻഷനുണ്ടായിരുന്നു. മറ്റൊരു മെഡൽ കൂടി ഇല്ലാതാവാന്‍ കഴിയില്ലായെന്ന് കോച്ച് വീരേന്ദർ ദാഹിയ പിടിഐയോട് പറഞ്ഞു.
വെങ്കലം നേടി അമൻ ചരിത്രം സൃഷ്‌ടിച്ചു
രാജ്യത്തിനായി മെഡൽ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ താരമായി അമൻ ചരിത്രം സൃഷ്ടിച്ചു. ഗുസ്‌തിയില്‍ പുരുഷന്മാരുടെ 57 കിലോഗ്രാം ഫ്രീസ്റ്റൈലിലാണ് വിജയം. പാരീസ് ഒളിമ്പിക്‌സിലെ ഇന്ത്യയുടെ ആറാമത്തെ മെഡലാണിത്. മനു ഭാക്കർ, നീരജ് ചോപ്ര, സരബ്ജോത് സിംഗ്, സ്വപ്‌നിൽ കുസാലെ എന്നിവരാണ് രാജ്യത്തിനായി മെഡൽ നേടിയ മറ്റ് കായികതാരങ്ങൾ. ഗെയിംസിൽ ഇന്ത്യൻ ഹോക്കി ടീം വെങ്കലവും നേടിയിരുന്നു.