പാരിസ്: ഷൂട്ടിങ് റേഞ്ചില്‍ ഇന്ത്യയ്‌ക്ക് വീണ്ടും മെഡല്‍ പ്രതീക്ഷ. 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ മിക്‌സ്‌ഡ് ടീം ഇനത്തില്‍ മനു ഭാക്കര്‍-സരബ്‌ജോത് സഖ്യം ഫൈനലില്‍. യോഗ്യത റൗണ്ടില്‍ മൂന്നാം സ്ഥാനക്കാരായാണ് ഇന്ത്യന്‍ സഖ്യം ഫൈനലില്‍ കടന്നത്. ആകെ നാല് ടീമുകളാണ് ഫൈനലില്‍ മത്സരിക്കുന്നത്. നാളെ ഒരുമണിക്കാണ് ഫൈനല്‍ നടക്കുക.
മൂന്നു സീരീസുകളിലായി ഓരോ ഷൂട്ടര്‍ക്കും യോഗ്യത റൗണ്ടില്‍ 30 ഷോട്ടുകളാണ് ലഭിച്ചത്. ആദ്യ 20 ഷോട്ടുകള്‍ പിന്നിട്ടപ്പോള്‍ മനു ഭാക്കര്‍ 18 ഇന്നര്‍ ടെന്‍ നേടിക്കഴിഞ്ഞിരുന്നു. മൂന്നാം സീരീസിലാണ് മനു അല്‍പ്പം പുറകോട്ട് പോയത്. ആ പത്തു ഷോട്ടുകളില്‍ ആറെണ്ണം മാത്രമായിരുന്നു പെര്‍ഫെക്റ്റ് ടെൻ. മറു ഭാഗത്ത് സരബ്‌ജോത് സിങ് ആദ്യ സീരീസില്‍ നാലു തവണ 9 സ്കോര്‍ ചെയ്തു.
രണ്ടാം സീരീസില്‍ മികച്ച ഫോമിലായിരുന്ന സരബ്‌ജോത് പത്തൊമ്പതാം ഷോട്ടില്‍ പിഴവ് വരുത്തി. എട്ട് പോയിന്‍റിലൊതുങ്ങിയ ആ ഷോട്ടില്ലെങ്കില്‍ ഇന്ത്യന്‍ ടീം രണ്ടാം സ്ഥാനക്കാരാകുമായിരുന്നു. മത്സരം അവസാനിക്കുമ്പോള്‍ 15 ഇന്നര്‍ ടെന്‍ നേടി സെര്‍ബിയയുടെ സൊറോന അരുണോവിക്കിനു പിറകില്‍ 12 ഇന്നര്‍ ടെന്നുമായി 291 പോയിന്‍റ് നേടി മനു ഭാക്കര്‍ കൃത്യതയിലും രണ്ടാം സ്ഥാനക്കാരിയായിരുന്നു.
നാല് ടീമുകളാണ് 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ മിക്സഡ് ടീമിനത്തില്‍ ഫൈനലിലെത്തിയത്. ഒളിമ്പിക് റെക്കോഡിനൊപ്പമെത്തിയ പ്രകടനത്തോടെ തുര്‍ക്കിയായിരുന്നു ഒന്നാം സ്ഥാനത്ത്. 582 പോയിന്‍റ്. 581 പോയിന്‍റ് നേടിയ സെര്‍ബിയ രണ്ടാമതും 580 പോയിന്‍റ് നേടിയ ഇന്ത്യ മൂന്നാമതും 579 പോയിന്‍റ് നേടിയ കൊറിയ നാലാം സ്ഥാനത്തുമെത്തി. തുര്‍ക്കിയുടെ പുരുഷ വനിത താരങ്ങള്‍ 291 പോയിന്‍റ് വീതം നേടി.