പാരിസ്: ബാഡ്‌മിന്‍റണിലെ ഇന്ത്യൻ പ്രതീക്ഷയായ ലക്ഷ്യ സെൻ പാരിസ് ഒളിമ്പിക്‌സിൽ ജയത്തോടെ തുടങ്ങി. ലോക 41-ാം നമ്പർ താരം കെവിൻ കോർഡനെ നേരിട്ടുള്ള സെറ്റുകളിലാണ് ലക്ഷ്യ പരാജയപ്പെടുത്തിയത്. രണ്ടാം റൗണ്ടിൽ ബെൽജിയത്തിന്‍റെ ജൂലിയൻ കരാഗിയെയാണ് ലക്ഷ്യയുടെ എതിരാളി. സ്കോര്‍ : 21-8, 22-20
ലക്ഷ്യയുടെ എതിരാളി കെവിൻ കോർഡൻ രണ്ടാം സെറ്റിൽ വൻ ചെറുത്തു നിൽപ്പാണ് ഉയർത്തിയത്. 16- 20 എന്ന സ്കോറിൽ നിൽക്കവേ ലക്ഷ്യ സെൻ 4 തവണ ഗെയിം പോയിന്‍റ് നേരിട്ടു പക്ഷേ അത്യപൂർവമായ തിരിച്ചു വരവ് നടത്തിയ ലക്ഷ്യ സെൻ തുടരെ ആറ് പോയിന്‍റ് നേടി ഗെയിമും മാച്ചും സ്വന്തമാക്കുകയായിരുന്നു. സ്കോർ സൂചിപ്പിക്കും പോലെ ആദ്യ സെറ്റ് തീർത്തും ഏകപക്ഷീയമായാണ് ലക്ഷ്യ നേടിയത്.
ആതിഥേയരായ ഫ്രാൻസിന്‍റെ പുരുഷ ടീമിനെ നേരിട്ടുള്ള സെറ്റിൽ പരാജയപ്പെടുത്തിയാണ് ഇന്ത്യയുടെ സാത്വിക് സായ്‌രാജ് രങ്കിറെഡ്ഡി- ചിരാഗ് ഷെട്ടി ടീം ഗ്രൂപ്പ് സ്റ്റേജിൽ ആദ്യ വിജയം പിടിച്ചെടുത്തത്. ഒളിമ്പിക്‌സ് പുരുഷ ഡബിൾസിലെ മൂന്നാം സീഡുകാരായ ഇന്ത്യൻ ടീം ഫ്രഞ്ചുകാർക്കെതിരെ പൊരുതിയാണ് ജയിച്ചത്. സ്കോർ: 21-17, 21-14.
ആദ്യ ഗെയിമിൽ നന്നായി ചെറുത്തുനിന്ന ഫ്രഞ്ച് ടീം രണ്ടാം ഗെയിമിൽ ഇന്ത്യൻ ടീമിന്‍റെ റാലികൾക്ക് മുന്നിൽ അടിയറവ് പറഞ്ഞു. 45 മിനുട്ട് നീണ്ട മൽസരത്തിൽ വിജയം പിടിച്ചെടുത്ത ഇന്ത്യൻ ടീം തിങ്കളാഴ്‌ച അടുത്ത റൗണ്ടില്‍ ജര്‍മൻ സഖ്യത്തെയാണ് നേരിടുക.
Also Read : 'മനു ഭാക്കര്‍ സമ്മര്‍ദത്തെ മറികടന്നു കഴിഞ്ഞു'; താരത്തിന്‍റെ പ്രകടനവും സാധ്യതകളും വിലയിരുത്തി സണ്ണി തോമസ്