പാരീസ്: അമ്പെയ്ത്തില്‍ ഇന്ത്യയ്ക്ക് മെഡല്‍ പ്രതീക്ഷയായി മിക്‌സഡ് ടീം ഇനത്തില്‍ അങ്കിത ഭഗത്-ധീരജ് ബൊമ്മദേവര സഖ്യം ക്വാര്‍ട്ടര്‍ ഫെെനലിലേക്ക് യോഗ്യത നേടി. ഇന്തോനേഷ്യൻ ടീമിനെ 5-1 ന് പരാജയപ്പെടുത്തിയാണ് ഇന്ത്യന്‍ ടീം ക്വാര്‍ട്ടറില്‍ ഇടം പിടിച്ചത്. ഇന്ന് (ഓഗസ്റ്റ് 2) ക്വാര്‍ട്ടര്‍ ഫെെനല്‍ മത്സരങ്ങള്‍ നടക്കും. ക്വാര്‍ട്ടറില്‍ സ്‌പെയിനാണ് ഇന്ത്യയുടെ എതിരാളി.
ഇന്തോനേഷ്യന്‍ സഖ്യമായ ദിയാനന്ദ ചൊയ്‌റുനിസ-ആരിഫ് പാംഗെസ്തുവിന്‍റെ വെല്ലുവിളി മറികടക്കാന്‍ ധീരജ്- അങ്കിത സഖ്യം മികച്ച കളിയാണ് പുറത്തെടുത്തത്. ആദ്യസെറ്റില്‍ ഇന്ത്യ 37 പോയിന്‍റ് നേടിയപ്പോള്‍ ഇന്തോനേഷ്യന്‍ സഖ്യത്തിന് 36 പോയിന്‍റ് നേടാന്‍ കഴിഞ്ഞു.
ആദ്യ സെറ്റില്‍ ഒരു പോയിന്‍റ് വ്യത്യാസത്തില്‍ ഇന്ത്യ മുന്നിലെത്തി. രണ്ടാം സെറ്റില്‍ ഇരുസഖ്യവും 38 പോയിന്‍റുകള്‍ വീതം നേടി സമനിലയിലെത്തി. എന്നാല്‍ മൂന്നാം സെറ്റില്‍ ഇന്തോനേഷ്യ 37 പോയിന്‍റും ഇന്ത്യ 38 പോയിന്‍റും കരസ്ഥമാക്കി. വിജയത്തോടെ ഇന്ത്യന്‍ ടീം ക്വാര്‍ട്ടര്‍ ഫെെനലില്‍ പ്രവേശിച്ചു.