പാരിസ്: 2024 ഒളിമ്പിക്‌സില്‍ ബോക്‌സിങ്ങില്‍ ഇന്ത്യയ്‌ക്ക് നിരാശ. ജെയ്‌സ്‌മിൻ ലംബോറിയ, അമിത് പങ്കല്‍, പ്രീതി പവാർ എന്നിവർക്ക് തോല്‍വി. വനിതകളുടെ 57 കിലോഗ്രാം റൗണ്ട് ഓഫ് 32 മത്സരത്തിൽ, ടോക്കിയോ ഒളിമ്പിക്‌സ് വെള്ളിമെഡൽ ജേതാവ് ഫിലിപ്പീൻസിന്‍റെ നെഷ്‌റ്റി പെറ്റെസിയാണ് ജെയ്‌സ്‌മിൻ ലംബോറിയയെ പരാജപ്പെടുത്തിയത്. ഉയരത്തിന്‍റെ മേല്‍ക്കൈ ഉണ്ടായിട്ടും പ്രതിരോധത്തിലൂന്നിയായിരുന്നു ജെയ്‌സ്‌മിൻ കളിച്ചത്.
മറുവശത്ത് തന്‍റെ വേഗത്താല്‍ ഫിലിപ്പീൻ താരം സ്‌കോര്‍ ചെയ്‌തു. മൂന്നാം റൗണ്ടിൽ ജെയ്‌സ്‌മിന്‍ ആക്രമണത്തിന് മുതിര്‍ന്നെങ്കിലും പഞ്ചുകള്‍ ഏറ്റില്ല. ഇതോടെ ജയ്‌സ്‌മിന് തോല്‍വി വഴങ്ങേണ്ടി വന്നു.
സാംബിയയുടെ പാട്രിക് ചിന്യെംബയാണ് അമിത് പങ്കലിനെ പരാജയപ്പെടുത്തിയത്. ഏഷ്യൻ ഗെയിംസ് വെങ്കല മെഡൽ ജേതാവ് കൂടിയായ അമിത് പങ്കലിനെ1-4 എന്ന പോയിന്‍റ് നിലയിലാണ് സാംബിയന്‍ താരം പരാജയപ്പെടുത്തിയത്. ഓപ്പണിങ് റൗണ്ടിൽ തന്നെ സാംബിയൻ താരം പങ്കലിനെ സമ്മർദത്തിലാക്കിയിരുന്നു. മൂന്നാം സീഡ് താരമായ ചിൻയെംബ നിരന്തരമായ ആക്രമണം തുടര്‍ന്നപ്പോള്‍ പ്രതിരോധ സമീപനമാണ് പങ്കല്‍ സ്വീകരിച്ചത്. രണ്ടാം റൗണ്ടിലും ഇന്ത്യന്‍ താരത്തിന് പ്രത്യാക്രമണം നടത്താനായില്ല.
അതേസമയം, വനിതകളുടെ 54 കിലോഗ്രാം പ്രീ ക്വാര്‍ട്ടറില്‍ കൊളംബിയയുടെ യെനി മാർസെല ഏരിയാസ് കാസ്റ്റനേഡയോടാണ് പ്രീതി പവാര്‍ പുറത്തായത്. ശക്തമായ മത്സരം കാഴ്‌ചവച്ച ശേഷമായിരുന്നു പ്രീതി പവാറിന്‍റെ മടക്കം.
Also Read : ഒളിമ്പിക്‌സ് ടേബിൾ ടെന്നിസ് പ്രീ ക്വാർട്ടറിൽ; ചരിത്ര നേട്ടവുമായി മനിക ബത്ര - MANIKA BATRA TO PRE QUARTER