ഇസ്ലാമാബാദ്: വിവാദങ്ങള്‍ പാകിസ്ഥാന്‍ ക്രിക്കറ്റിന് പുത്തരിയല്ല. പേസര്‍ ഹാരിസ് റൗഫിന്‍റെ ( Haris Rauf) കേന്ദ്ര കരാര്‍ റദ്ദാക്കിയതാണ് പാകിസ്ഥാന്‍ ക്രിക്കറ്റിലെ പുതിയ വിവാദം. മതിയായ കാരങ്ങള്‍ ബോധിപ്പിക്കാതെ ഓസ്‌ട്രേലിയയ്‌ക്ക് എതിരായ ടെസ്റ്റ് പരമ്പരയില്‍ നിന്നും വിട്ടു നിന്നതിനാണ് 30-കാരനെതിരെ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് (Pakistan Cricket Board ) നടപടി സ്വീകരിച്ചത്. പരമ്പരയില്‍ നിന്നും വിശ്രമം ആവശ്യപ്പെട്ട റൗഫ് ഓസ്‌ട്രേലിയയിലെ ആഭ്യന്തര ടി20 ലീഗായ ബിഗ് ബാഷില്‍ കളിക്കുകയും ചെയ്‌തിരുന്നു.
മെല്‍ബണ്‍ സ്റ്റാര്‍സ് വേണ്ടിയായിരുന്നു റൗഫ് കളത്തില്‍ ഇറങ്ങിയത്. താരത്തിന്‍റെ പ്രസ്‌തുത നടപടിയാണ് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിനെ ചൊടിപ്പിച്ചിരിക്കുന്നത്. ഇതിന്‍റെ അടിസ്ഥാനത്തില്‍ 2023 ഡിസംബര്‍ ഒന്നു മുതല്‍ക്കുള്ള മുന്‍ കാലപ്രാബല്യത്തോടെയാണ് റൗഫിനെതിരെ ബോര്‍ഡ് നടപടി സ്വീകരിച്ചിരിക്കുന്നത്. ഇതിനോടൊപ്പം തന്നെ വിദേശ ലീഗുകളില്‍ കളിക്കാനുള്ള നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റും (എൻഒസി) റൗഫിന് പാകിസ്ഥാന്‍ ബോര്‍ഡ് നിഷേധിച്ചിട്ടുണ്ട്.
ജൂണ്‍ 30 വരെയുള്ള കാലയളവിലുള്ള എന്‍ഒസിയാണ് ബോര്‍ഡ് റദ്ദാക്കിയിരിക്കുന്നത്. എന്നാല്‍ ബോര്‍ഡിന്‍റെ നടപടിയില്‍ ടീം അംഗങ്ങള്‍ക്കുള്ളില്‍ കടുത്ത അതൃപ്‌തിയുള്ളതായാണ് നിലവില്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ട്. വൈറ്റ് ബോള്‍ സ്‌പെഷ്യലിസ്റ്റായ ഹാരിസ് റൗഫിനെ ടെസ്റ്റ് കളിക്കാന്‍ നിര്‍ബന്ധിച്ച പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന്‍റെ നടപടി തന്നെ തെറ്റാണെന്നാണ് ഇവര്‍ പറയുന്നത്.
റൗഫിന്‍റെ കരാര്‍ റദ്ദാക്കിയതില്‍ ചീഫ് സെലക്‌ടർ വഹാബ് റിയാസിന് ( Wahab Riaz) പങ്കുണ്ടെന്നും ചില കളിക്കാർ സംശയിക്കുന്നതായാണ് വിവരം. ആദ്യം ഓസ്‌ട്രേലിയയിൽ പര്യടനം നടത്താൻ സമ്മതിച്ചിരുന്ന ഹാരിസ് റൗഫ് പിന്നീട് ഫിറ്റ്‌നസ് ആശങ്കകളും ജോലിഭാരവും ചൂണ്ടിക്കാട്ടിക്കൊണ്ട് പിന്മാറുകയായിരുന്നു.
ഇതേതുടര്‍ന്ന് അനുഭവപരിചയമില്ലാത്ത യുവ പേസര്‍മാരെയാണ് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ഓസ്‌ട്രേലിയയിലേക്ക് അയച്ചത് (Pakistan VS Australia). ബാബര്‍ അസമിന് പകരം ചുമതലയേറ്റ പുതിയ ടെസ്റ്റ് നായകന്‍ ഷാന്‍ മസൂദിന് കീഴില്‍ മൂന്ന് മത്സര പരമ്പരയായിരുന്നു പാകിസ്ഥാന്‍ ഓസീസിനെതിരെ കളിച്ചത്. പരമ്പരയില്‍ സന്ദര്‍ശകര്‍ ഏകപക്ഷീയമായി തോറ്റ് അമ്പുകയും ചെയ്‌തു. പെര്‍ത്തില്‍ അരങ്ങേറിയ ആദ്യ ടെസ്റ്റില്‍ 360 റണ്‍സിന്‍റെ കൂറ്റന്‍ തോല്‍വിയായിരുന്നു പാകിസ്ഥാന്‍ ഏറ്റുവാങ്ങിയത്.
ALSO READ: 'ഞാന്‍ അങ്ങിനെ പറഞ്ഞിട്ടേയില്ല'; പാകിസ്ഥാനെതിരെ മോശം പരാമര്‍ശം നടത്തിയിട്ടില്ലെന്ന് ഗില്‍ക്രിസ്റ്റ്
മെല്‍ബണില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ തോല്‍വി ഭാരം 79 റണ്‍സിലേക്ക് കുറയ്‌ക്കാന്‍ ഷാന്‍ മസൂദിനും ടീമിനും ആയിരുന്നു. എന്നാല്‍ സിഡ്‌നിയില്‍ നടന്ന അവസാന മത്സരത്തില്‍ എട്ട് വിക്കറ്റുകള്‍ക്കും പാകിസ്ഥാന്‍ തോല്‍വി വഴങ്ങി. വൈറ്റ്‌വാഷ് ചെയ്യപ്പെട്ടതോടെ ഓസ്‌ട്രേലിയയില്‍ പാകിസ്ഥാന്‍റെ ടെസ്റ്റ് തുടര്‍ തോല്‍വികളുടെ എണ്ണം 17-ലേക്ക് എത്തി. 1995-ന് ശേഷം ഓസ്‌ട്രേലിയയില്‍ ഒരൊറ്റ ടെസ്റ്റ് മത്സരം പോലും വിജയിക്കാന്‍ പാകിസ്ഥാന് കഴിഞ്ഞിട്ടില്ല.
ALSO READ: അശ്വിൻ @500...ടെസ്റ്റ് ക്രിക്കറ്റിലെ ചരിത്ര നേട്ടവുമായി ഇന്ത്യൻ സ്‌പിന്നർ...