പാരീസ്: ഒളിമ്പിക്‌സിൽ ഇന്ത്യയുടെ പ്രകടനം നിരാശാജനകമായി തുടരുന്നു. മെഡൽ പ്രതീക്ഷയുള്ളവര്‍ തുടർച്ചയായി കൊഴിഞ്ഞുപോകുന്നത് കനത്ത തിരിച്ചടിയായി. പിവി സിന്ധു, സാത്വിക്-ചിരാഗ് ജോഡി, ബോക്‌സർ നിഖത് സരീൻ, നിശാന്ത് ദേവ് തുടങ്ങിയ താരങ്ങളും പരാജയപ്പെട്ടു.
ഇതുവരെ മൂന്ന് വെങ്കല മെഡലുകളാണ് ഇന്ത്യയ്‌ക്ക് ലഭിച്ചത്. ഇതോടെ ഒളിമ്പിക് മെഡൽ പട്ടികയിൽ ഇന്ത്യ 60-ാം സ്ഥാനത്തെത്തി. ഇനിയുള്ള മത്സരങ്ങളില്‍ നിന്ന് മെഡലുകള്‍ ലഭിച്ചാല്‍ ഇന്ത്യക്ക് പട്ടികയിൽ സ്ഥാനം മെച്ചപ്പെടുത്താം. ഉസ്ബെക്കിസ്ഥാൻ, കസാഖ്സ്ഥാൻ, ഉഗാണ്ട തുടങ്ങിയ രാജ്യങ്ങൾ മെഡൽ പട്ടികയിൽ ഇന്ത്യക്ക് മുകളിലാണ്.
അമേരിക്കയും ചൈനയും തമ്മിലാണ് മെഡൽ പട്ടികയിൽ മത്സരം. 21 സ്വർണവുമായി അമേരിക്ക ഒന്നാമതെത്തിയപ്പോൾ ചൈനയ്‌ക്ക് 21 സ്വർണമാണ് ഇതുവരേ നേടാനായത്. രണ്ട് ദിവസം മുമ്പ് സ്വർണ മെഡലുകളുടെ കാര്യത്തിൽ ചൈനയായിരുന്നു ഒന്നാമത്. പുറമെ 30 വെള്ളിയും 28 വെങ്കലവുമടക്കം 79 മെഡലുകളാണ് അമേരിക്ക നേടിയത്. 18 വെള്ളിയും 14 വെങ്കലവും ഉൾപ്പെടെ ആകെ 53 മെഡലുകളാണ് ചൈന നേടിയത്.
ബാഡ്‌മിന്‍റണ്‍, ആർട്ടിസ്റ്റിക് ജിംനാസ്റ്റിക്‌സ്, ടേബിൾ ടെന്നീസ്, ഷൂട്ടിങ് എന്നിവയിൽ ചൈന തുടർച്ചയായി മിന്നുന്ന പ്രകടനമാണ് നടത്തിയത്. കൂടാതെ അത്‌ലറ്റിക്‌സ്, ഗോൾഫ്, സെയിലിങ് എന്നിവയില്‍ അമേരിക്ക മിന്നും പ്രകടനം കാഴ്‌ച വച്ചു.13 സ്വർണവുമായി ഓസ്‌ട്രേലിയ മൂന്നാം സ്ഥാനത്താണ്. 11 വെള്ളിയും എട്ട് വെങ്കലവും നേടി. ആതിഥേയരായ ഫ്രാൻസ് 12 സ്വർണവും 15 വെള്ളിയും 18 വെങ്കലവുമായി നാലാം സ്ഥാനത്താണ്. ഇതുവരെ 45 മെഡലുകൾ നേടിയ ഫ്രാൻസ് മികച്ച നേട്ടം കൈവരിക്കുമെന്ന പ്രതീക്ഷയിയുണ്ട്. 11 സ്വർണവും 13 വെള്ളിയും 17 വെങ്കലവും ഉൾപ്പെടെ ആകെ 41 മെഡലുകളുമായി ഗ്രേറ്റ് ബ്രിട്ടൻ അഞ്ചാം സ്ഥാനത്താണ്.