ഹംബര്‍ഗ്: വൗട്ട് വെഗോര്‍സ്റ്റ് 'സൂപ്പര്‍ സബ്ബ്' ആയി മാറിയ കളിയില്‍ പോളണ്ടിനെ കീഴടക്കി യൂറോ കപ്പില്‍ പടയോട്ടം തുടങ്ങി നെതര്‍ലന്‍ഡ്‌സ്. ഗ്രൂപ്പ് ഡിയിലെ ആദ്യ മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ഡച്ച് പടയുടെ വിജയം. ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷമായിരുന്നു രണ്ടെണ്ണം മടക്കി നെതര്‍ലന്‍ഡ്‌സ് മത്സരം സ്വന്തമാക്കിയത്.
മത്സരത്തിന്‍റെ 16-ാം മിനിറ്റില്‍ ആദം ബുക്ക്‌സയിലൂടെയാണ് പോളണ്ട് ആദ്യം ലീഡ് പിടിച്ചത്. അരമണിക്കൂര്‍ പിന്നിടുന്നതിന് മുന്‍പ് തന്നെ സമനില ഗോള്‍ കണ്ടെത്താൻ നെതര്‍ലന്‍ഡ്‌സിനായി. 29-ാം മിനിറ്റില്‍ കോഡി ഗാപ്‌കോയായിരുന്നു ഡച്ച് പടയെ മത്സരത്തില്‍ പോളണ്ടിനൊപ്പമെത്തിച്ചത്.
ആദ്യ പകുതിയില്‍ പിന്നീട് ഗോളുകളൊന്നും പിറന്നില്ല. രണ്ടാം പകുതിയില്‍ മത്സരത്തിന്‍റെ 81-ാം മിനിറ്റിലാണ് വൗട്ട് വെഗോര്‍സ്റ്റ് പകരക്കാരനായി കളിക്കാനിറങ്ങിയത്. കളത്തിലിറങ്ങി രണ്ട് മിനിറ്റ് പൂര്‍ത്തിയാകുന്നതിന് മുന്‍പ് തന്നെ താരത്തിന് നെതര്‍ലന്‍ഡ്‌സിനായി വിജയഗോള്‍ നേടാൻ സാധിച്ചു.
Also Read : 23-ാം സെക്കൻഡില്‍ ഗോള്‍ വഴങ്ങി, പിന്നീട് രണ്ടെണ്ണം തിരിച്ചടിച്ച് ജയത്തിലേക്ക്; യൂറോ കപ്പില്‍ അല്‍ബേനിയയെ തകര്‍ത്ത് ഇറ്റലി - Italy vs Albania Result