മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്‍റെ 17-ാം സീസണിലെ റണ്‍വേട്ടക്കാരുടെ പട്ടികയില്‍ തലപ്പത്താണ് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു ബാറ്റര്‍ വിരാട് കോലിയുടെ സ്ഥാനം. എന്നാല്‍ സ്‌ട്രൈക്ക് റേറ്റിന്‍റെ പേരില്‍ കടുത്ത വിമര്‍ശനങ്ങളാണ് വിരാട് കോലി ഏറ്റുവാങ്ങുന്നത്. ഇപ്പോഴിതാ വിഷയത്തില്‍ കോലിയ്‌ക്ക് കട്ടപിന്തുണയുമായി രംഗത്ത് എത്തിയിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ ഓൾറൗണ്ടർ നവജ്യോത് സിങ് സിദ്ദു.
ഗുജറാത്ത് ടൈറ്റന്‍സിന് എതിരായ മത്സരത്തില്‍ കോലിയുടെ അര്‍ധ സെഞ്ചുറി പ്രകടനത്തിന് ശേഷം ഇതു സംബന്ധിച്ച നവജ്യോത് സിങ് സിദ്ദുവിന്‍റെ വാക്കുകള്‍ ഇങ്ങനെ...."കോലി ദൈവമാണെന്നാണ് ആളുകൾ വിചാരിക്കുന്നത്. എന്നാല്‍ അവൻ ഒരു മനുഷ്യനാണ്, അതിനാൽ തന്നെ മനുഷ്യനെപ്പോലെയാവും കളിക്കുക.
അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ 80 സെഞ്ചുറികള്‍ നേടിയ താരമാണ് കോലി. അതാണ് അവന്‍റെ ശക്തിയും ബലഹീനതയും. ഗുജറാത്തിനെതിരായ മത്സരത്തിലെ അവന്‍റെ പ്രകടനം നമുക്ക് നോക്കാം,.. ബാക്ക് ഫൂട്ടില്‍ സ്‌പിന്നര്‍മാര്‍ക്കെതിരെ മികച്ച പ്രകടനമായിരുന്നു അവന്‍ നടത്തിയത്.
എത്ര പേര്‍ക്ക് അതു ചെയ്യാന്‍ കഴിയുമെന്ന് നിങ്ങള്‍ തന്നെ പറയൂ... ഒരു ഇടങ്കയ്യന്‍ സ്‌പിന്നറെ കണക്കിന് പ്രഹരിക്കുന്നത് എത്ര പേര്‍ക്ക് ചെയ്യാന്‍ കഴിയും. മറ്റെന്താണ് അവന്‍ ചെയ്യേണ്ടത്?" - നവജ്യോത് സിങ് സിദ്ദു പറഞ്ഞു.
ഗുജറാത്തിനെതിരെ ഇന്നലെ അഹമ്മദാബാദില്‍ നടന്ന മത്സരത്തില്‍ 44 പന്തുകളില്‍ ആറ് ബൗണ്ടറികളും മൂന്ന് സിക്‌സറുകളും സഹിതം പുറത്താവാതെ 70 റണ്‍സായിരുന്നു കോലി നേടിയത്. മൂന്നാം നമ്പറില്‍ എത്തിയ വില്‍ ജാക്‌സ് തുടക്കം സ്പിന്നര്‍മാര്‍ക്കെതിരെ പ്രയാസപ്പെട്ടിരുന്നു. ഈ സമയം ഗുജറാത്തിന്‍റെ ഇടങ്കയ്യന്‍ സ്‌പിന്നര്‍ നൂര്‍ അഹമ്മദിനെ ഫലപ്രദമായി നേരിട്ടുകൊണ്ട് കോലിയായിരുന്നു ബെംഗളൂരുവിന്‍റെ സ്‌കോര്‍ ഉയര്‍ത്തിയത്.
ഐപിഎല്ലില്‍ ഇതുവരെ കളിച്ച 10 മത്സരങ്ങളില്‍ നിന്നും 500 റണ്‍സാണ് വിരാട് കോലി അടിച്ച് കൂട്ടിയിട്ടുള്ളത്. 71 ശരാശരിയുള്ള കോലിയുടെ സ്‌ട്രൈക്ക് റേറ്റ് 147 ആണ്. അതേസമം മത്സരത്തില്‍ ഗുജറാത്തിനെ ഒമ്പത് വിക്കറ്റുകള്‍ക്ക് തോല്‍പ്പിക്കാന്‍ ബെംഗളൂവിന് കഴിഞ്ഞിരുന്നു. ആദ്യം ബാറ്റ് ചെയ്‌ത ഗുജറാത്ത് നിശ്ചിത ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്‌ടത്തില്‍ 200 റണ്‍സായിരുന്നു നേടിയിരുന്നത്.
സായ് സുദര്‍ശന്‍ (49 പന്തില്‍ 84*), ഷാറൂഖ് ഖാന്‍ (30 പന്തില്‍ 58) എന്നിവരുടെ അര്‍ധ സെഞ്ചുറിയാണ് നിര്‍ണായകമായത്. മറുപടിക്ക് ഇറങ്ങിയ ബെംഗളൂരു 16 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്‌ടപ്പെടുത്തി 206 റണ്‍സടിച്ചാണ് വിജയം ഉറപ്പിച്ചത്. കോലിയെ കൂടാതെ വില്‍ ജാക്‌സും (41 പന്തില്‍ 100*) തിളങ്ങി.