ന്യൂഡല്‍ഹി: പാരിസ് ഒളിമ്പിക്‌സ് ഗുസ്‌തിയില്‍ അയോഗ്യയാക്കപ്പെട്ടതിനെ തുടര്‍ന്ന് മെഡല്‍ നഷ്‌ടമായ വിനേഷ് ഫോഗട്ടിനെ ആശ്വസിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്നത്തെ തിരിച്ചടി വേദനിപ്പിക്കുന്നതാണ്. എന്നാല്‍ വിനേഷ് ഇന്ത്യയുടെ അഭിമാനവും ഓരോ ഇന്ത്യക്കാരന്‍റെയും പ്രചോദനവുമാണെന്നാണ് പ്രധാനമന്ത്രി എക്‌സില്‍ കുറിച്ചിരിക്കുന്നത്.
Vinesh, you are a champion among champions! You are India's pride and an inspiration for each and every Indian.
— Narendra Modi (@narendramodi) August 7, 2024
Today's setback hurts. I wish words could express the sense of despair that I am experiencing.
At the same time, I know that you epitomise resilience. It has always…
"വിനേഷ്, നീ ചാമ്പ്യന്മാരിൽ ചാമ്പ്യനാണ്. നീ ഇന്ത്യയുടെ അഭിമാനവും ഓരോ ഇന്ത്യക്കാരന്‍റെയും പ്രചോദനവുമാണ്. ഇന്നത്തെ തിരിച്ചടി തീര്‍ച്ചയായും വേദനിപ്പിക്കുന്നു. ഞാൻ അനുഭവിക്കുന്ന നിരാശ വാക്കുകളാല്‍ പറയാനാവില്ല.
അതേസമയം, നീ പ്രതീക്ഷയുടെ പ്രതീകമാണെന്ന് എനിക്ക് അറിയാം. വെല്ലുവിളികള്‍ നേരിടാന്‍ എപ്പോഴും തയ്യാറാണെന്നുമറിയാം. ശക്തയായി തന്നെ തിരിച്ചെത്തുക. നാം എല്ലാവരും നിന്നോടൊപ്പമുണ്ട്"- പ്രധാനമന്ത്രി കുറിച്ചു.
വനിതകളുടെ 50 കിലോ ഗ്രാം ഫ്രീസ്റ്റൈൽ ഗുസ്‌തിയില്‍ ഫൈനലില്‍ എത്തിയ വിനേഷിന് ഭാരപരിശോധനയില്‍ പരാജയപ്പെട്ടതാണ് തിരിച്ചടിയായത്. ഇന്ന് രാവിലെ നടത്തിയ പരിശോധനയില്‍ അനുവദനീയം ആയതിലും 100 ഗ്രാം കൂടുതലാണ് വിനേഷിന്‍റെ ഭാരമെന്നാണ് കണ്ടെത്തല്‍. നിയമം അനുസരിച്ച് വിനേഷിന് മെഡലിന് യോഗ്യതയുണ്ടാവില്ല. അവസാന സ്ഥാനക്കാരിയായി രേഖപ്പെടുത്തുകയും ചെയ്യും.