ഡല്‍ഹി : വനിത പ്രീമിയര്‍ ലീഗ് (WPL 2024) ഫൈനലില്‍ ഡല്‍ഹി കാപിറ്റല്‍സിന്‍റെ (Delhi Capitals) എതിരാളികള്‍ ആരെന്ന് ഇന്നറിയാം. ഡല്‍ഹി അരുണ്‍ ജെയ്‌റ്റ്‌ലി സ്റ്റേഡിയത്തില്‍ നടക്കുന്ന എലിമിനേറ്ററില്‍ നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസ് (Mumbai Indians) റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ (Royal Challengers Bangalore) നേരിടും. രാത്രി ഏഴരയ്‌ക്കാണ് മത്സരം ആരംഭിക്കുന്നത് (MI vs RCB WPL Eliminator 2024).
ഇരു ടീമും ഈ സീസണില്‍ മുഖാമുഖം വരുന്ന മൂന്നാം മത്സരം. സീസണില്‍ ആദ്യം തമ്മിലേറ്റുമുട്ടിയപ്പോള്‍ മുംബൈയ്‌ക്കൊപ്പമായിരുന്നു ജയം. എന്നാല്‍, അവസാന മത്സരത്തില്‍ മുംബൈ ഇന്ത്യൻസിനെ തറപറ്റിക്കാൻ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനായി.
രണ്ടാം കിരീടത്തിനരികിലേക്ക് മുംബൈ: തുടര്‍ച്ചയായ രണ്ടാം ഫൈനലാണ് നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസിന്‍റെ ലക്ഷ്യം. കഴിഞ്ഞ സീസണിലേതിന് സമാനമായി ലീഗ് മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ ഇക്കുറിയും പോയിന്‍റ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് മുംബൈ ഫിനിഷ് ചെയ്‌തത്. കളിച്ച എട്ട് മത്സരങ്ങളില്‍ ഹര്‍മനും സംഘവും ജയിച്ചത് അഞ്ച് മത്സരം.
മികച്ച രീതിയില്‍ തുടങ്ങിയെങ്കിലും അവസാന ഘട്ടത്തിലെ തോല്‍വികളാണ് മുംബൈയെ ഇക്കുറിയും രണ്ടാം സ്ഥനക്കാരാക്കിയത്. അവസാനം കളിച്ച മൂന്ന് മത്സരങ്ങളില്‍ ഒരു ജയം മാത്രമാണ് നേടാൻ സാധിച്ചതെന്ന കാര്യം അവരെ ആശങ്കപ്പെടുത്തുന്നതാണ്. എന്നാല്‍, ഇന്ന് ആര്‍സിബിക്കെതിരെ നടക്കുന്ന നിര്‍ണായക മത്സരത്തില്‍ ജയം നേടാൻ സാധിക്കുമെന്നാണ് ടീമിന്‍റെ പ്രതീക്ഷ.
ക്യാപ്‌റ്റൻ ഹര്‍മൻപ്രീത് കൗര്‍, അമേലിയ കെര്‍, യാസ്‌തിക ഭാട്ടിയ എന്നിവരിലാണ് മുംബൈ ഇന്ത്യൻസിന്‍റെ റണ്‍സ് പ്രതീക്ഷകള്‍. ഓപ്പണര്‍ ഹെയ്‌ലി മാത്യൂസ് കൂടി താളം വീണ്ടെടുത്താല്‍ മുംബൈയ്‌ക്ക് ബാറ്റിങ്ങില്‍ പേടിക്കേണ്ടി വരില്ല. മലയാളി താരമായ ഓള്‍റൗണ്ടര്‍ സജന സജീവൻ ബാറ്റുകൊണ്ടും പന്തുകൊണ്ടും അവസരത്തിനൊത്ത് ഉയരുന്നത് മുംബൈയ്‌ക്ക് ആശ്വാസമാണ്.
സ്വപ്‌നങ്ങള്‍ നിറവേറ്റാൻ ആര്‍സിബി: വനിത പ്രീമിയര്‍ ലീഗില്‍ ആര്‍സിബിയുടെ ലക്ഷ്യം ആദ്യ ഫൈനല്‍. കഴിഞ്ഞ വര്‍ഷം പോയിന്‍റ് പട്ടികയില്‍ നാലാം സ്ഥാനക്കാരായി മടങ്ങേണ്ടി വന്ന അവര്‍ക്ക് ഇക്കുറി ഒരു സ്ഥാനം മെച്ചപ്പെടുത്താനായി. എട്ട് മത്സരങ്ങളില്‍ നാല് ജയവും അത്രതന്നെ തോല്‍വിയുമാണ് സ്‌മൃതി മന്ദാനയുടെയും സംഘത്തിന്‍റെയും അക്കൗണ്ടില്‍.
സീസണില്‍ യുപി വാരിയേഴ്‌സ്, ഗുജറാത്ത് ജയന്‍റ്‌സ് ടീമുകളോട് ജയിച്ചുകൊണ്ടാണ് ആര്‍സിബി തുടങ്ങിയത്. മുംബൈ, ഡല്‍ഹി ടീമുകളോട് പിന്നീട് കളിച്ച മത്സരങ്ങളില്‍ അവര്‍ തോല്‍വി വഴങ്ങി. അടുത്ത മത്സരത്തില്‍ യുപിയെ വീണ്ടും പരാജയപ്പെടുത്തിയെങ്കിലും ഗുജറാത്തിനോടും ഡല്‍ഹിയോടും പിന്നീട് പൊരുതി തോറ്റു.
ഒടുവില്‍ നിര്‍ണായക മത്സരത്തില്‍ മുംബൈ ഇന്ത്യൻസിനെ തകര്‍ത്തായിരുന്നു ബാംഗ്ലൂര്‍ പ്ലേ ഓഫിന് യോഗ്യത നേടിയത്. പ്രധാനപ്പെട്ട താരങ്ങള്‍ സ്ഥിരതയാര്‍ന്ന പ്രകടനങ്ങള്‍ കാഴ്‌ചവയ്‌ക്കുന്നത് ആര്‍സിബിയ്‌ക്ക് ആശ്വാസമാണ്. എല്ലിസ് പെറി, സ്‌മൃതി മന്ദാന, റിച്ച ഘോഷ് എന്നിവരില്‍ തന്നെയാകും ഇന്നും ടീമിന്‍റെ പ്രതീക്ഷകള്‍.
Also Read : സഞ്ജു കാ 'ഹുക്കും' ; നായകന് ഗംഭീര സ്വീകരണമൊരുക്കി രാജസ്ഥാൻ റോയല്‍സ്