ഡല്‍ഹി : വനിത പ്രീമിയര്‍ ലീഗില്‍ (WPL 2024) ഗുജറാത്ത് ജയന്‍റ്‌സിനെതിരായ (Gujarat Giants) തകര്‍പ്പൻ ജയത്തോടെ പ്ലേ ഓഫ് ഉറപ്പിച്ച് നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസ് (Mumbai Indians). ഡല്‍ഹിയിലെ അരുൺ ജയ്റ്റ്ലി സ്റ്റേഡിയത്തില്‍ ഗുജറാത്ത് ഉയര്‍ത്തിയ 191 റണ്‍സ് വിജയലക്ഷ്യം ഒരു പന്തും ഏഴ് വിക്കറ്റും ശേഷിക്കെയാണ് മുംബൈ മറികടന്നത്. പുറത്താകാതെ 48 പന്തില്‍ 95 റണ്‍സ് അടിച്ചുകൂട്ടിയ ക്യാപ്‌റ്റൻ ഹര്‍മൻപ്രീത് കൗറിന്‍റെ തോളിലേറിയാണ് മുംബൈ ജയത്തിലേക്ക് എത്തിയത്.
ഈ ജയത്തോടെ ഏഴ് മത്സരങ്ങളില്‍ നിന്നും പത്ത് പോയിന്‍റുമായി മുംബൈ ഇന്ത്യൻസ് പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് എത്തുകയും ചെയ്‌തു. ലീഗില്‍ ആര്‍സിബിയ്‌ക്കെതിരെ ഒരു മത്സരമാണ് മുംബൈയ്‌ക്ക് ഇനി ബാക്കിയുള്ളത്. മറുവശത്ത്, കളിച്ച ആറില്‍ അഞ്ച് മത്സരവും പരാജയപ്പെട്ട ഗുജറാത്ത് അവസാന സ്ഥാനത്ത് തുടരുകയാണ്.
വമ്പൻ വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശാനെത്തിയ മുംബൈയ്‌ക്ക് മികച്ച തുടക്കം ലഭിച്ചു. ഓപ്പണര്‍മാരായ യാസ്‌തിക ഭാട്ടിയ, ഹെയ്‌ലി മാത്യൂസ് എന്നിവര്‍ ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ ടീം സ്കോര്‍ 50 കടത്തി. ഏഴാം ഓവറിലെ മൂന്നാം പന്തില്‍ ഹെയ്‌ലി മാത്യൂസിനെ (18) പുറത്താക്കി തേജ കൻവാര്‍ മുംബൈയ്‌ക്ക് ആദ്യ പ്രഹരമേല്‍പ്പിച്ചു.
മൂന്നാം നമ്പറിലെത്തിയ നാറ്റ് സ്‌കിവര്‍ ബ്രണ്ടിന് അധികനേരം ക്രീസില്‍ പിടിച്ചുനില്‍ക്കാനായില്ല. നാല് പന്തില്‍ രണ്ട് റണ്‍സ് നേടിയ താരത്തെ അടുത്ത ഓവറില്‍ ഷബനമാണ് പുറത്താക്കിയത്. പിന്നീട്, യാസ്‌തിക ഭാട്ടിയയും ഹര്‍മനും ചേര്‍ന്ന് മുംബൈ സ്കോര്‍ ഉയര്‍ത്തി.
മൂന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 41 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 14-ാം ഓവറില്‍ സ്കോര്‍ 98ല്‍ നില്‍ക്കെ യാസ്‌തികയെ (49) മുംബൈയ്‌ക്ക് നഷ്‌ടമായി. തുടര്‍ന്ന്, ഹര്‍മൻപ്രീത് കൗര്‍ തകര്‍പ്പൻ ബാറ്റിങ് വിരുന്നാണ് അരുൺ ജയ്റ്റ്ലി സ്റ്റേഡിയത്തില്‍ ഒരുക്കിയത്. അമേലിയ കെറിനെ (12) ഒരുവശത്ത് നിര്‍ത്തിക്കൊണ്ട് മുംബൈ നായിക ടീമിനെ ജയത്തിലേക്ക് നയിച്ചു.
നേരത്തെ, ടോസ് നേടി ആദ്യം ബാറ്റ് ചെയ്‌ത ഗുജറാത്ത് ഏഴ് വിക്കറ്റ് നഷ്‌ടത്തിലാണ് 190 റണ്‍സ് നേടിയത്. ദയാലൻ ഹേമലത (70), ബെത്ത് മൂണി (66) എന്നിവരുടെ ബാറ്റിങ് മികവിലായിരുന്നു ഗുജറാത്ത് തകര്‍പ്പൻ സ്കോര്‍ സ്വന്തമാക്കിയത്. മത്സരത്തില്‍ 35 പന്തില്‍ 66 റണ്‍സ് നേടിയ മൂണിയെ മടക്കിയത് മലയാളി താരം സജന സജീവനാണ്.
Also Read : ക്ലൈമാക്‌സ് ട്വിസ്റ്റ്! ഡല്‍ഹി കാപിറ്റല്‍സിന്‍റെ വിജയക്കുതിപ്പിന് തടയിട്ട് യുപി വാരിയേഴ്‌സ്; ജയം ഒരു റണ്ണിന്