മുംബൈ : ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്‍റെ (Indian Premier League) പുതിയ സീസണിന് മുന്നോടിയായി തങ്ങളുടെ ടീം വീഡിയോ മുംബൈ ഇന്ത്യന്‍സ് (Mumbai Indians) കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ഫ്രാഞ്ചൈസി ഉടമ നിത അംബാനി (Nita Ambani), മെന്‍റര്‍ സച്ചിൻ ടെണ്ടുൽക്കർ (Sachin Tendulkar) എന്നിവർക്കൊപ്പം പുതിയ ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ (Hardik Pandya), മുന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ (Rohit Sharma), ഇഷാന്‍ കിഷന്‍, ജസ്‌പ്രീത് ബുംറ, സൂര്യകുമാര്‍ യാദവ് തുടങ്ങിയവര്‍ വീഡിയോയില്‍ അണിനിരക്കുന്നുണ്ട്.
വീഡിയോയുടെ അവസാന നിമിഷങ്ങളിൽ, ടീമംഗങ്ങള്‍ ഒരു ഫോട്ടോയ്‌ക്ക് പോസ് ചെയ്യുന്നതാണുള്ളത്. ഒരു സോഫയില്‍ രണ്ട് അറ്റങ്ങളിലായി ഇരിക്കുന്ന രോഹിത് ശർമ്മയ്‌ക്കും ഹാർദിക് പാണ്ഡ്യയ്‌ക്കും പിന്നിലും വശങ്ങളിലുമായി മറ്റ് താരങ്ങള്‍ നില്‍ക്കുന്ന രീതിയിലാണിത്. എന്നാല്‍ നിലവിലെ ക്യാപ്റ്റന്‍സി വിവാദത്തിന്‍റെ പശ്ചാത്തലത്തില്‍ ഇതിനെ എടുത്തിട്ട് അലക്കുകയാണ് ഒരു വിഭാഗം ആരാധകര്‍.
സോഫയിലിരിക്കുന്ന രോഹിത്തും ഹാര്‍ദിക്കും തമ്മില്‍ വലിയ ദൂരം തന്നെയുണ്ടെന്നാണ് ഇക്കൂട്ടര്‍ ചൂണ്ടിക്കാട്ടുന്നത്. ക്യാപ്റ്റന്‍സി മാറ്റത്തിന് ശേഷം രോഹിത്തിനോട് സംസാരിച്ചിട്ടില്ലെന്ന ഹാര്‍ദിക്കിന്‍റെ വാക്കുകളുടെ പശ്ചാത്തലത്തില്‍ ഇതുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ മഴയാണ്.
കഴിഞ്ഞ ദിവസം ഫ്രാഞ്ചൈസി സംഘടിപ്പിച്ച വാര്‍ത്താസമ്മേളനത്തിലായിരുന്നു ക്യാപ്റ്റന്‍സി മാറ്റത്തിന് ശേഷം രോഹിത്തിനോട് കാര്യമായി സംസാരിക്കാന്‍ തനിക്ക് സമയം ലഭിച്ചിട്ടില്ലെന്ന് ഹാര്‍ദിക് പറഞ്ഞത്. രോഹിത് നിരന്തരം യാത്രയിലായിരുന്നു. മുംബൈ ക്യാമ്പിലെത്തിയ ശേഷം രോഹിത്തിനോട് കൂടുതല്‍ സംസാരിക്കുമെന്നുമായിരുന്നു 30-കാരന്‍റെ വാക്കുകള്‍.
അതേസമയം വാര്‍ത്താസമ്മേളനത്തില്‍ ക്യാപ്റ്റന്‍സി മാറ്റവുമായി ബന്ധപ്പെട്ട് ഹാര്‍ദിക് പാണ്ഡ്യയ്‌ക്കും പരിശീലകന്‍ മാര്‍ക്ക് ബൗച്ചര്‍ക്കും നിരവധി ചോദ്യങ്ങളും നേരിടേണ്ടി വന്നിരുന്നു. എന്നാല്‍ പ്രസ്‌തുത ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ ഇരുവരും കൂട്ടാക്കിയില്ല. രോഹിത് ശര്‍മയെ ക്യാപ്റ്റന്‍ സ്ഥാനത്തുനിന്നും മാറ്റുന്നതിനായി മാനേജ്‌മെന്‍റ് പറഞ്ഞ ഒരു കാരണം എന്താണ് എന്നായിരുന്നു ഇതില്‍ ഒരു ചോദ്യം.
മൈക്ക് കയ്യിലെടുത്തങ്കിലും വാ തുറന്ന് ഒരക്ഷരം പോലും പറയാതെ തലയാട്ടുക മാത്രമാണ് മാര്‍ക്ക് ബൗച്ചര്‍ ചെയ്‌തത്. ഉത്തരമാണ് വേണ്ടതെന്ന് മാധ്യമപ്രവര്‍ത്തകന്‍ പറഞ്ഞപ്പോള്‍ തന്‍റെ തലയാട്ടല്‍ ബൗച്ചര്‍ തുടരുകയാണുണ്ടായത്. ഇത് കണ്ടുകൊണ്ട് ചെറുപുഞ്ചിരിയോടെ ഇരിക്കുന്ന ഹാര്‍ദിക്കിനെയാണ് കാണാന്‍ കഴിഞ്ഞത്.
പിന്നീട് തനിക്ക് നേരെ ഉയര്‍ന്ന ചോദ്യത്തോട് ഹാര്‍ദിക്കും വാ തുറന്നില്ല. മുംബൈ ഇന്ത്യന്‍സിലേക്ക് തിരിച്ചുവരുന്നതിനായി ഹാര്‍ദിക് ക്യാപ്റ്റന്‍ സ്ഥാനം ആവശ്യപ്പെട്ടുവെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. തിരിച്ചുവരവിനായുള്ള കരാറില്‍ 'ക്യാപ്റ്റന്‍സി ക്ലോസ്' ഉണ്ടായിരുന്നുവോ എന്നായിരുന്നു ഒരു മാധ്യമപ്രവര്‍ത്തകന്‍ ചോദിച്ചത്. എന്നാല്‍ മറുപടി പറയാന്‍ ഹാര്‍ദിക് തയ്യാറായതേയില്ല.
ഐപിഎല്ലിന്‍റെ (IPL 2024) പുതിയ സീസണിന് മുന്നോടിയായി മുംബൈ ഇന്ത്യന്‍സിലേക്ക് തിരികെ എത്തിയ ഹാര്‍ദിക് പാണ്ഡ്യയ്‌ക്ക് ഫ്രാഞ്ചൈസി ക്യാപ്റ്റന്‍റെ ചുമതലയും നല്‍കുകയായിരുന്നു. ടീമിന് അഞ്ച് തവണ കിരീടം നേടി നല്‍കിയ രോഹിത് ശര്‍മയെയാണ് ഇതിനായി മുംബൈ ഇന്ത്യന്‍സ് തെറിപ്പിച്ചത്. ഇതുമായി ബന്ധപ്പെട്ട് ആരാധകര്‍ കനത്ത പ്രതിഷേധവുമായി രംഗത്ത് എത്തിയിരുന്നു. വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോകളില്‍ നിന്നും ലക്ഷത്തിലേറെ പേരാണ് മുംബൈ ഇന്ത്യന്‍സിനെ അണ്‍ഫോളോ ചെയ്‌തിരുന്നത്.