മുംബൈ: ഐപിഎല്‍ പതിനേഴാം പതിപ്പില്‍ മൂന്നാം ജയം തേടി സഞ്ജു സാംസണിന്‍റെ രാജസ്ഥാൻ റോയല്‍സ് ഇന്നിറങ്ങും. സീസണിലെ ആദ്യം ജയം ലക്ഷ്യമിടുന്ന മുംബൈ ഇന്ത്യൻസാണ് റോയല്‍സിന്‍റെ എതിരാളികള്‍. മുംബൈ വാങ്കഡെ സ്‌റ്റേഡിയം വേദിയാകുന്ന മത്സരം രാത്രി ഏഴരയ്‌ക്ക് ആരംഭിക്കും.
ഹോം ഗ്രൗണ്ടിലെ ആദ്യ രണ്ട് മത്സരങ്ങളും ജയിച്ചതിന്‍റെ ആത്മവിശ്വാസത്തിലാണ് സഞ്ജുവും കൂട്ടരും മുംബൈയെ നേരിടാൻ വാങ്കഡെയില്‍ എത്തിയിരിക്കുന്നത്. ആദ്യ കളിയില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിനെതിരെയും രണ്ടാമത്തെ മത്സരത്തില്‍ ഡല്‍ഹി കാപിറ്റല്‍സിനെതിരെയുമായിരുന്നു രാജസ്ഥാൻ റോയല്‍സിന്‍റെ ജയങ്ങള്‍.
റിയാൻ പരാഗ് ഒഴികെ മറ്റാര്‍ക്കും രാജസ്ഥാന്‍റെ ബാറ്റിങ്ങ് നിരയില്‍ സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്‌ചവെയ്‌ക്കാനായിട്ടില്ല. ആദ്യ രണ്ട് മത്സരങ്ങളില്‍ ഒരു ഇംപാക്‌ട് ഉണ്ടാക്കാൻ സാധിച്ചിട്ടില്ലെങ്കിലും ഹോം ഗ്രൗണ്ടില്‍ യശസ്വി ജയ്സ്വാള്‍ മികവിലേക്ക് ഉയരുമെന്നാണ് റോയല്‍സ് ആരാധകരുടെ പ്രതീക്ഷ. കൂടാതെ, മുംബൈയ്‌ക്കെതിരെ മികച്ച റെക്കോഡുള്ള ജോസ് ബട്‌ലറുടെ പ്രകടനവും ആരാധകര്‍ ഉറ്റുനോക്കുന്നുണ്ട്.
ആദ്യ കളിയില്‍ മികച്ച പ്രകടനം കാഴ്‌ചവെച്ചെങ്കിലും അടുത്ത മത്സരത്തില്‍ അതേ പ്രകടനം ആവര്‍ത്തിക്കാൻ റോയല്‍സ് നായകൻ സഞ്ജു സാംസണിന് സാധിച്ചിരുന്നില്ല. സ്ഥിരതയില്ലായ്‌മയ്‌ക്ക് പതിവായി കേള്‍ക്കുന്ന പഴിയ്‌ക്ക് മറുപടി നല്‍കാൻ വാങ്കഡെയിലെ ബാറ്റിങ്ങ് പിച്ചില്‍ സഞ്ജുവിന് റണ്‍സ് കണ്ടെത്തിയേ മതിയാകൂ. മുൻ നിര തകര്‍ന്നാല്‍ ധ്രുവ് ജുറെല്‍, ഷിംറോണ്‍ ഹെറ്റ്‌മെയര്‍ എന്നിവരുടെ പ്രകടനങ്ങളും രാജസ്ഥാന് നിര്‍ണായകമാകും.
ബൗളിങ്ങില്‍ പേസും സ്‌പിന്നും ഒരുപോലെ മികച്ച പ്രകടനങ്ങള്‍ രാജസ്ഥാനായി നടത്തുന്നുണ്ട്. പവര്‍പ്ലേയില്‍ ട്രെന്‍റ് ബോള്‍ട്ട്, നാന്ദ്രെ ബര്‍ഗര്‍ സഖ്യം മികച്ച രീതിയില്‍ പന്തെറിയുമ്പോള്‍ ഡെത്ത് ഓവറുകളില്‍ സന്ദീപ് ശര്‍മയും ആവേശ് ഖാനും തങ്ങളുടെ ജോലികള്‍ കൃത്യമായി നിറവേറ്റുന്നു. മധ്യ ഓവറുകളില്‍ അശ്വിൻ-യുസ്‌വേന്ദ്ര ചഹാല്‍ സഖ്യത്തിന്‍റെ പ്രകടനം റണ്‍ ഒഴുക്ക് നിയന്ത്രിക്കുന്നതില്‍ നിര്‍ണായകമാകും.
മറുവശത്ത്, പ്രതീക്ഷിച്ച തുടക്കമല്ല അഞ്ച് തവണ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസിന് ഈ സീസണില്‍ ലഭിച്ചിരിക്കുന്നത്. ആദ്യ കളിയില്‍ ഗുജറാത്ത് ടൈറ്റൻസിനോടും രണ്ടാമത്തെ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോടും പരാജയപ്പെട്ടു. കഴിഞ്ഞ കളിയില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോട് 277 റണ്‍സ് വഴങ്ങിയതിന്‍റെ ക്ഷീണം മാറ്റാൻ മുംബൈയ്‌ക്ക് ഇന്ന് ജയം അനിവാര്യം.
രോഹിത് ശര്‍മ, ഇഷാൻ കിഷൻ സഖ്യം റണ്‍സ് കണ്ടെത്തി തുടങ്ങിയത് ടീമിന് ആശ്വാസമാണ്. മധ്യനിരയില്‍ നമാൻ ധിര്‍, തിലക് വര്‍മ എന്നിവര്‍ കളിക്കുന്നുണ്ടെങ്കിലും സൂര്യകുമാര്‍ യാദവിന്‍റെ അഭാവം നിഴലിച്ചുതന്നെ നില്‍ക്കുകയാണ്. ഹാര്‍ദിക് പാണ്ഡ്യയും ടിം ഡേവിഡും കൂടി മികവിലേക്ക് വന്നില്ലെങ്കില്‍ മുംബൈയ്‌ക്ക് തിരിച്ചടിയേല്‍ക്കേണ്ടി വരും.
ബൗളര്‍മാരില്‍ ജസ്‌പ്രീത് ബുംറയെ മാത്രമാണ് മുംബൈ നായകൻ ഹാര്‍ദിക് പാണ്ഡ്യയ്‌ക്ക് വിശ്വസിക്കാൻ സാധിക്കുന്നത്. ഹൈദരാബദിലെ ഫ്ലാറ്റ് പിച്ചില്‍ തല്ലുവാങ്ങി കൂട്ടിയ മുംബൈ ബൗളര്‍മാര്‍ വാങ്കഡെയില്‍ എങ്ങനെ പന്തെറിയുമെന്നത് കണ്ടറിയണം.
Also Read : എട്ടാം നമ്പറില്‍ 'കത്തിക്കയറി': 'വിന്‍റേജ്' ധോണി ഈസ് ബാക്ക് - വീഡിയോ - MS Dhoni Batting Highlights
മുംബൈ ഇന്ത്യൻസ് സാധ്യത ടീം: രോഹിത് ശര്‍മ, ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പര്‍), നമാൻ ധിര്‍, തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ (ക്യാപ്‌റ്റൻ), ടിം ഡേവിഡ്, ഡെവാള്‍ഡ് ബ്രെവിസ്/റെമാരിയോ ഷെഫേര്‍ഡ്, ഷാംസ് മുലാനി, ജെറാള്‍ഡ് കോട്‌സീ, പിയൂഷ് ചൗള, ജസ്‌പ്രീത് ബുംറ, ലൂക്ക് വുഡ്/ ക്വേന മഫാക.
രാജസ്ഥാൻ റോയല്‍സ് സാധ്യത ടീം: യശസ്വി ജയ്‌സ്വാള്‍, ജോസ് ബട്‌ലര്‍, സഞ്ജു സാംസണ്‍ (ക്യാപ്‌റ്റൻ/വിക്കറ്റ് കീപ്പര്‍), റിയൻ പരാഗ്, ഷിംറോണ്‍ ഹെറ്റ്‌മെയര്‍, ധ്രുവ് ജുറെല്‍, റോവ്‌മാൻ പവല്‍/നാന്ദ്രെ ബര്‍ഗര്‍, രവിചന്ദ്രൻ അശ്വിൻ, ട്രെന്‍റ് ബോള്‍ട്ട്, ആവേശ് ഖാൻ, സന്ദീപ് ശര്‍മ, യുസ്‌വേന്ദ്ര ചാഹല്‍.