മലപ്പുറം: കാല്‍പന്തുകൊണ്ട് വിസ്‌മയം സൃഷ്‌ടിച്ച റിസ്‌വാനെ ഓർമയില്ലേ... മലപ്പുറം കേരളക്കുണ്ട് വെള്ളച്ചാട്ടത്തിൽ ഒറ്റ ഫുട്ബോൾ കിക്ക് കൊണ്ട് റിസ്‌വാന്‍ സൃഷ്‌ടിച്ചത് ഇൻസ്റ്റഗ്രാം റെക്കോഡുകൾ മാത്രമല്ല, ലക്ഷക്കണക്കിന് ഫുട്‌ബോൾ ആരാധകരെ കൂടിയാണ് (Muhammad riswan the viral free style footballer).
ഇൻസ്റ്റഗ്രാമിൽ ലോകത്ത് ഏറ്റവും കൂടുതൽ പേർ കണ്ട വീഡിയോ എന്ന റെക്കോഡ് സ്വന്തം പേരിലാക്കിയ റിസ്‌വാന് അതിനുള്ള ടാലന്‍റ് സർട്ടിഫിക്കറ്റും ലഭിച്ചിരുന്നു (His Latest Video so far, has over 71m views).
ടാലന്‍റ് സർട്ടിഫിക്കറ്റ് കയ്യില്‍ കിട്ടിയ റിസ്‌വാൻ നേരെ പോയത് അതേ കേരളക്കുണ്ട് വെള്ളച്ചാട്ടത്തിലേക്ക്. വീണ്ടും ഒരു വീഡിയോ. അതും ഇൻസ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തു. റെക്കോഡ് ബുക്കില്‍ കയറിക്കൂടിയ ആദ്യ വീഡിയോ കണ്ടത് 493 മില്യൺ ആളുകളാണ്. പുതിയ വീഡിയോ ഇതുവരെ കണ്ടത് 71 മില്യൺ ആളുകളും.
പ്രൊഫഷണൽ ഫുട്ബോൾ താരങ്ങളെ വെല്ലുന്ന അഭ്യാസ പ്രകടനങ്ങള്‍ നടത്തുന്ന മലപ്പുറം ജില്ലയിലെ അഴീക്കോട് സ്വദേശിയായ ഈ ഇരുപത്തിയൊന്നുകാരൻ സോഷ്യല്‍ മീഡിയയില്‍ മാത്രമല്ല, നാട്ടിലും വൈറല്‍ താരമാണ്.
ലോക ഫ്രീ സ്റ്റൈൽ മത്സരത്തില്‍ പങ്കെടുക്കുന്നത് സ്വപ്‌നം കാണുന്ന റിസ്‌വാൻ കഠിന പരിശീലനത്തിലാണ്. റിസ്‌വാന്‍റെ വീഡിയോ വൈറലായതിന് പിന്നാലെ നിരവധിയാളുകളാണ് കേരളക്കുണ്ട് വെള്ളച്ചാട്ടം കാണാനും വീഡിയോ പകർത്താനുമായി എത്തുന്നത്.