ബാര്‍ബഡോസ് : ടി20 ക്രിക്കറ്റ് ലോകകപ്പ് നേട്ടത്തിന്‍റെ ആഘോഷത്തിമിര്‍പ്പിലാണ് ടീം ഇന്ത്യയും ആരാധകരും. ഒരു ഐസിസി കിരീടത്തിനായി ഇന്ത്യൻ ടീമിന്‍റെ 11 വര്‍ഷത്തോളമായുള്ള കാത്തിരിപ്പിന് കൂടിയാണ് ബാര്‍ബഡോസിലെ കെൻസിങ്ടണ്‍ ഓവലില്‍ പരിസമാപ്‌തിയായിരിക്കുന്നത്. ടി20 ലോകകപ്പ് ഫൈനലില്‍ ഏഴ് റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം.
മത്സരത്തില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ഇന്ത്യ ഏഴ് വിക്കറ്റ് നഷ്‌ടത്തില്‍ 176 റണ്‍സ് നേടിയിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്‌ക്ക് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്‌ടത്തില്‍ 169 റണ്‍സേ നേടാൻ സാധിച്ചുള്ളു. ഒരുഘട്ടത്തില്‍ കൈവിട്ട് പോകുമെന്ന് തോന്നിപ്പിച്ച മത്സരം ബൗളര്‍മാര്‍ ചേര്‍ന്ന് ഇന്ത്യയുടെ വരുതിയിലാക്കുകയായിരുന്നു.
ടീമിലെ ഓരോ താരങ്ങളുടെയും നിര്‍ണായക പ്രകടനങ്ങളായിരുന്നു ഇന്ത്യയുടെ കിരീടധാരണത്തിന് തുണയായത്. ടി20 ലോകകപ്പ് ചരിത്രത്തില്‍ ഇന്ത്യയുടെ രണ്ടാം കിരീടനേട്ടം കൂടിയാണ് ഇത്. 2007ല്‍ എംഎസ് ധോണി നായകനായിരിക്കെയാണ് ഇന്ത്യ ആദ്യ ടി20 ലോകകപ്പ് നേടിയത്.
17 വര്‍ഷങ്ങള്‍ക്കിപ്പുറം മറ്റൊരു ടി20 ലോകകിരീടം കൂടി ഇന്ത്യ ചൂടുമ്പോള്‍ ടീമിനെ പ്രശംസിച്ച് രംഗത്ത് വന്നിരിക്കുകയാണ് മുൻ നായകൻ എംഎസ് ധോണി. ലോക കിരീടം തിരികെ ഇന്ത്യയിലേക്ക് എത്തിച്ച ടീമിന് നന്ദി പറഞ്ഞ ധോണി ഇത് നിക്കുള്ള പിറന്നാള്‍ സമ്മാനമാണെന്നും അഭിപ്രായപ്പെട്ടു. സമൂഹമാധ്യമങ്ങളിലൂടെയായിരുന്നു ധോണിയുടെ പ്രതികരണം.
'2024ലെ ലോക ചാമ്പ്യന്മാര്‍. കളി കണ്ടിരുന്ന എന്‍റെ ഹൃദയമിടിപ്പ് പോലും ഉയര്‍ന്നു. എന്നാല്‍, ശാന്തതയോടെ ആത്മവിശ്വാസത്തോടെ നിങ്ങള്‍ എല്ലാം നന്നായി തന്നെ ചെയ്‌തു. ലോകകപ്പ് തിരികെ നാട്ടിലേക്ക് കൊണ്ടുവന്നതില്‍ എല്ലാ ഇന്ത്യക്കാരെയും പോലെ ഞാനും നന്ദി പറയുന്നു. പിന്നെ ഈ അമൂല്യമായ പിറന്നാള്‍ സമ്മാനത്തിനും നന്ദി'- ധോണി കുറിച്ചു.
ബാര്‍ബഡോസിലെ കെണൻസിങ്ടൺ ഓവലില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യ വിരാട് കോലിയുടെ അര്‍ധസെഞ്ച്വറിയുടെയും അക്‌സര്‍ പട്ടേല്‍, ശിവം ദുബെ എന്നിവരുടെ ബാറ്റിങ് മികവിന്‍റെയും കരുത്തിലാണ് 176 റണ്‍സ് നേടിയത്. 59 പന്തില്‍ 76 റണ്‍സായിരുന്നു മത്സരത്തില്‍ കോലിയുടെ സമ്പാദ്യം. അക്‌സര്‍ പട്ടേല്‍ 47 റണ്‍സും ശിവം ദുബെ 27 റണ്‍സും നേടി.
177 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ദക്ഷിണാഫ്രിക്കയ്‌ക്കായി ഹെൻറിച്ച് ക്ലാസൻ അര്‍ധസെഞ്ച്വറി നേടിയിരുന്നു. മൂന്ന് വിക്കറ്റ് സ്വന്തമാക്കിയ ഹാര്‍ദിക് പാണ്ഡ്യയുടെയും രണ്ട് വിക്കറ്റുകള്‍ വീതമെടുത്ത ജസ്‌പ്രീത് ബുംറ, അര്‍ഷ്‌ദീപ് സിങ് എന്നിവരുടെയും പ്രകടനങ്ങളായിരുന്നു ഇന്ത്യൻ ജയത്തില്‍ നിര്‍ണായകമായത്.