വിശാഖപട്ടണം: ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന് എതിരായ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ വിജയത്തിലേക്ക് എത്തിക്കാന്‍ കഴിഞ്ഞില്ലെങ്കിലും മുന്‍ നായകന്‍ എംഎസ് ധോണിയുടെ കാമിയോ റോള്‍ കയ്യടി നേടിയിരുന്നു. പുറത്താവാതെ 16 പന്തുകളില്‍ നിന്നും 37 റണ്‍സായിരുന്നു താരം അടിച്ചത്. 42-ന്‍റെ ചെറുപ്പത്തില്‍ നാല് ബൗണ്ടറികളും മൂന്ന് എണ്ണം പറഞ്ഞ സിക്‌സറുകളും നേടിയായിരുന്നു ധോണിയുടെ പ്രകടനം.
ലക്ഷ്യത്തിന് 20 റണ്‍സ് അകലെ ചെന്നൈ വീണെങ്കിലും മുന്‍ നായകന്‍റെ ബാറ്റിങ് വിരുന്ന് ആരാധകര്‍ ആഘോഷമാക്കി. ഡല്‍ഹി തോല്‍വി വഴങ്ങിയതിന് സമാനമായിരുന്നു ഗ്യാലറിയിലെ ധോണി ആരവം. ഇതിന് പിന്നാലെ ധോണിയുടെ പഴയൊരു സോഷ്യല്‍ മീഡിയ പോസ്റ്റ് വൈറല്‍ ആവുകയാണ്.
സോഷ്യല്‍ മീഡിയയില്‍ അത്ര സജീവമല്ലാത്ത ധോണിയുടെ 2014-ലെ ഒരു ട്വീറ്റാണ് വീണ്ടും ശ്രദ്ധ നേടുന്നത്. "ഏത് ടീം വിജയിക്കുന്നു എന്നതില്‍ കാര്യമില്ല, ഞാനിവിടെ വന്നത് എന്‍റര്‍ടൈന്‍മെന്‍റിന് വേണ്ടിയാണ്"- എന്നാണ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സില്‍ (നേരത്തെ ട്വിറ്റര്‍) ധോണി കുറിച്ചിരിക്കുന്നത്. 10 വർഷങ്ങള്‍ക്ക് മുമ്പ് താരം പറഞ്ഞ ഈ വാക്കുകളുടെ അക്ഷരാര്‍ഥത്തിലുള്ള പ്രതിഫലനമാണ് ഞായറാഴ്ച വിശാഖപട്ടണത്ത് കാണാന്‍ കഴിഞ്ഞത്.
ഡല്‍ഹി ക്യാപിറ്റല്‍സിന് എതിരായ വെടിക്കെട്ട് പ്രകടനത്തോടെ നിരവധി റെക്കോഡുകള്‍ സ്വന്തം പേരില്‍ എഴുതിച്ചേര്‍ക്കാനും ധോണിക്ക് കഴിഞ്ഞിട്ടുണ്ട്. ടി20യില്‍ 7000 റണ്‍സ് തികയ്‌ക്കുന്ന ആദ്യത്തെ ഏഷ്യൻ വിക്കറ്റ് കീപ്പര്‍ ബാറ്ററാണ് ധോണി. പാകിസ്ഥാന്‍റെ മുഹമ്മദ് റിസ്‌വാൻ (6962), കമ്രാൻ അക്‌മല്‍ (6454) എന്നിവരെ പിന്നിലാക്കിയാണ് ധോണിയുടെ നേട്ടം.
മൊത്തത്തിലുള്ള പട്ടികയില്‍ ടി20 ക്രിക്കറ്റില്‍ 7000 റണ്‍സ് പിന്നിടുന്ന മൂന്നാമത്തെ മാത്രം വിക്കറ്റ് കീപ്പര്‍ ബാറ്ററാണ് എംഎസ് ധോണി. ക്വിന്‍റണ്‍ ഡി കോക്ക് (8578), ജോസ് ബട്‌ലര്‍ (7721) എന്നിവരാണ് ധോണിയ്‌ക്ക് മുന്നെ പ്രസ്‌തുത നാഴികകല്ല് പിന്നിട്ടിട്ടുള്ളത്. കൂടാതെ ഐപിഎല്ലില്‍ 19, 20 ഓവറുകളില്‍ നിന്നായി 100 സിക്‌സറുകള്‍ തികച്ച ആദ്യ താരമാവാനും 42-കാരന് കഴിഞ്ഞു.
ALSO READ: പന്തിന് കിട്ടിയത് എട്ടിന്‍റെ പണി; പിഴ നല്‍കേണ്ടത് ലക്ഷങ്ങള്‍ - Rishabh Pant Fined
അതേസമയം മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത ഡല്‍ഹി നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്‌ടത്തില്‍ 191 റണ്‍സായിരുന്നു അടിച്ചത്. പൃഥ്വി ഷാ (27 പന്തില്‍ 43), ഡേവിഡ് വാര്‍ണര്‍ (35 പന്തില്‍ 52), റിഷഭ് പന്ത് (32 പന്തില്‍ 51) എന്നിവര്‍ തിളങ്ങി. ചെന്നൈയുടെ മറുപടി ആറിന് 171 റണ്‍സില്‍ ഒതുങ്ങുകയായിരുന്നു. ധോണിയെക്കൂടാതെ അജിങ്ക്യ രഹാനെ (30 പന്തില്‍ 45), ഡാരില്‍ മിച്ചല്‍ (26 പന്തില്‍ 34) എന്നിവരാണ് പൊരുതിയത്.