ഹൈദരാബാദ്: ക്രിക്കറ്റ് ലോകത്ത് ബോളുകൊണ്ട് മായാജാലം തീര്‍ക്കുന്ന ഇന്ത്യൻ താരം മുഹമ്മദ് സിറാജ് ഇനി കാക്കി വേഷത്തില്‍. തെലങ്കാന സർക്കാരിന് കീഴിൽ ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പൊലീസ് (ഡിഎസ്‌പി) ആയി സിറാജ് ചുമതലയേറ്റു. തെലങ്കാന ഡയറക്ടർ ജനറൽ ഓഫ് പൊലീസ് (ഡിജിപി) ഓഫിസിൽ എത്തിയാണ് താരം ചുമതലയേറ്റത്. എംപി എം അനിൽ കുമാർ യാദവ്, തെലങ്കാന മൈനോരിറ്റീസ് റെസിഡെൻഷ്യൽ എജ്യുക്കേഷനൽ ഇൻസ്‌റ്റിറ്റ്യൂഷൻസ് സൊസൈറ്റി പ്രസിഡന്‍റ് മുഹമ്മദ് ഫഹീമുദ്ദീൻ ഖുറേഷി എന്നിവരുടെ സാന്നിധ്യത്തിലാണ് സിറാജ് ഡിഎസ്‌പിയായി അധികാരമേറ്റത്. കഴിഞ്ഞ ടി20 ലോകകപ്പ് ഇന്ത്യ നേടിയതിന് പിന്നാലെ മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ കീഴിലുള്ള തെലങ്കാനയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഹൈദരാബാദ് സ്വദേശി കൂടിയായ മുഹമ്മദ് സിറാജിന് സര്‍ക്കാര്‍ ജോലി വാഗ്‌ദാനം ചെയ്‌തിരുന്നു.
സിറാജിന്‍റെ നേട്ടങ്ങളും ഇന്ത്യയുടെ ടി20 ലോകകപ്പ് വിജയത്തിലെ താരത്തിന്‍റെ പങ്കും അടുത്തിടെ നടന്ന ഒരു നിയമസഭാ സമ്മേളനത്തിൽ മുഖ്യമന്ത്രി രേവന്ത് റെഡ്ഡി എടുത്തുപറഞ്ഞിരുന്നു. ഗ്രൂപ്പ്-1 ജോലിയും പൊലീസ് സേനയിൽ സൂപ്രണ്ട് പോലുള്ള ഉയർന്ന പദവിയുമാണ് നേരത്തെ തന്നെ മുഖ്യമന്ത്രി സിറാജിനായി വാഗ്‌ദാനം ചെയ്‌തത്. ഡിഎസ്‌പി ആയി ചുമതലയേറ്റതിന് പിന്നാലെ മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കും തെലങ്കാന പൊലീസ് സേനയ്‌ക്കും സിറാജ് നന്ദി അറിയിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
സിറാജിനെ ഡിഎസ്‌പി ആയി നിയമിച്ചത് സംബന്ധിച്ച് തെലങ്കാന പൊലീസും സോഷ്യല്‍ മീഡിയയില്‍ കുറിപ്പ് പങ്കുവച്ചു. 'ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് സിറാജിനെ തെലങ്കാനയുടെ ഡിഎസ്‌പിയായി നിയമിച്ചിരിക്കുന്നു. താരത്തിന്‍റെ ക്രിക്കറ്റ് നേട്ടങ്ങളെയും സംസ്ഥാനത്തോടുള്ള അർപ്പണബോധത്തെയും ആദരിക്കുന്നു. തന്‍റെ പുതിയ റോളിൽ പലരെയും പ്രചോദിപ്പിച്ചുകൊണ്ട് സിറാജ് തന്‍റെ ക്രിക്കറ്റ് ജീവിതം തുടരട്ടെ.' എന്ന് സാമൂഹിക മാധ്യമങ്ങളില്‍ തെലങ്കാന പൊലീസ് കുറിച്ചു.
ടി20 ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിൽ അംഗം കൂടിയായ മുഹമ്മദ് സിറാജിന് വൻ വരവേല്‍പ്പാണ് ഹൈദരാബാദില്‍ നേരത്തെ ഒരുക്കിയിരുന്നത്. താരത്തിന് വീട് വയ്ക്കാൻ തെലങ്കാന സർക്കാർ നേരത്തെ സ്ഥലം നൽകിയിരുന്നു. ഹൈദരാബാദ് ജൂബിലി ഹിൽസിലെ റോഡ് നമ്പർ 78ൽ 600 ചതുരശ്ര യാർഡ് സ്ഥലമാണ് സര്‍ക്കാര്‍ അനുവദിച്ചത്. ജൂലൈ 31ന് ചേർന്ന മന്ത്രിസഭാ യോഗത്തിലായിരുന്നു സിറാജിന് സ്ഥലവും സർക്കാർ ജോലിയും നൽകാൻ കോണ്‍ഗ്രസ് സർക്കാർ തീരുമാനിച്ചത്. അതേസമയം, ഡിഎസ്‌പി പദവി ഉണ്ടെങ്കിലും കായിക രംഗത്ത് തുടരാൻ തന്നെയാണ് താരത്തിന്‍റെ തീരുമാനം.