മുംബൈ: ഇന്ത്യയുടെ സ്റ്റാര്‍ പേസര്‍ മുഹമ്മദ് ഷമി (Mohammed Shami ) നടക്കാനിരിക്കുന്ന ടി20 ലോകകപ്പിന് (T20 World Cup 2024) ഉണ്ടാവില്ല. ബിസിസിഐ സെക്രട്ടറി ജയ് ഷായാണ് (Jay Shah) ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്. കഴിഞ്ഞ ഏകദിന ലോകകപ്പിനിടെയേറ്റ പരിക്കിന് ശസ്‌ത്രക്രിയയ്‌ക്ക് വിധേയനായ 33-കാരന്‍ നിലവില്‍ വിശ്രമത്തിലാണ്.
സെപ്‌റ്റംബറില്‍ ബംഗ്ലാദേശിനെതിരെ നാട്ടില്‍ നടക്കുന്ന പരമ്പരയിലൂടെ ഷമി തിരിച്ചെത്താനാണ് സാധ്യതയെന്നാണ് ജയ് ഷാ അറിയിച്ചിരിക്കുന്നത്. ഇതോടെയാണ് മാര്‍ച്ച്- ഏപ്രില്‍ മാസങ്ങളില്‍ നടക്കുന്ന ഐപിഎല്ലും (IPL 2024) പിന്നാലെ ജൂണില്‍ നടക്കുന്ന ടി20 ലോകകപ്പും ഷമിയ്‌ക്ക് നഷ്‌ടമാവുന്നത്.
"അടുത്തിടെ മുഹമ്മദ് ഷമി ശസ്‌ത്രക്രിയയ്‌ക്ക് വിധേയനായിരുന്നു. ഇതിന് ശേഷം ലണ്ടനില്‍ നിന്നും അദ്ദേഹം ഇന്ത്യയിലേക്ക് തിരികെ വന്നിട്ടുണ്ട്. ബംഗ്ലാദേശിനെതിരെ നാട്ടില്‍ നടക്കുന്ന പരമ്പരയിലൂടെ അദ്ദേഹം മടങ്ങിയെത്താനാണ് നിലവിലെ സാധ്യത.
പരിക്കില്‍ നിന്നും തിരിച്ചുവരവിലുള്ള മറ്റൊരു താരം കെഎല്‍ രാഹുലാണ് (KL Rahul). അദ്ദേഹത്തിന് ഒരു ഇഞ്ചക്ഷന്‍ എടുക്കേണ്ടതുണ്ട്. ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലാണ് രാഹുലുള്ളത്" -ജയ് ഷാ പറഞ്ഞു. സെപ്റ്റംബറില്‍ ബംഗ്ലാദേശിന് എതിരെ രണ്ട് ടെസ്റ്റുകളും മൂന്ന് ടി20കളുമാണ് ഇന്ത്യന്‍ കളിക്കുന്നത്.
ഏകദിന ലോകകപ്പിനിടെ (ODI World Cup 2023) കണങ്കാലിനേറ്റ പരിക്കിനായിരുന്ന ഷമി ലണ്ടനില്‍ ശസ്‌ത്രക്രിയയ്‌ക്ക് വിധേയനായത്. ടൂര്‍ണമെന്‍റില്‍ നടത്തിയ മിന്നും പ്രകടനത്തിലൂടെ രാജ്യത്തിന്‍റെ ഹീറോ ആയി മാറാന്‍ താരത്തിന് കഴിഞ്ഞിരുന്നു. ആദ്യ നാല് മത്സരങ്ങളില്‍ ഇന്ത്യന്‍ പ്ലേയിങ് ഇലവനില്‍ ഷമിയ്‌ക്ക് ഇടം ലഭിച്ചിരുന്നില്ല. എന്നാല്‍ ഹാര്‍ദിക് പാണ്ഡ്യയ്‌ക്ക് പരിക്കേറ്റതായിരുന്നു താരത്തിന് അവസരം ഒരുക്കിയത്.
പിന്നീട് ഷമിയുടെ തീ തുപ്പിയ പന്തുകള്‍ക്ക് മുന്നില്‍ എതിര്‍ ബാറ്റിങ് നിരയുടെ മുട്ടിടിക്കുന്നതാണ് കാണാന്‍ കഴിഞ്ഞത്. റെക്കോഡ് പ്രകടനം നടത്തിയ 33-കാരന്‍ ഏഴ് മത്സരങ്ങളില്‍ നിന്നായി 24 വിക്കറ്റുകളാണ് എറിഞ്ഞിട്ടത്. ന്യൂസിലന്‍ഡിനെതിരെ സെമി ഫൈനല്‍ മത്സരത്തിലെ ഏഴ് വിക്കറ്റ് പ്രകടനം ഉള്‍പ്പെടെ മൂന്ന് തവണ അഞ്ച് വിക്കറ്റ് നേട്ടമുള്‍പ്പെടെയായിരുന്നു താരത്തിന്‍റെ പ്രകടനം.
ഫൈനലില്‍ ഓസ്‌ട്രേലിയയോട് തോറ്റെങ്കിലും ആരാധക ഹൃദയം കീഴടക്കാന്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് കഴിഞ്ഞിരുന്നു. ടൂര്‍ണമെന്‍റ് അവസാനിച്ചതിന് തൊട്ടു പിന്നാലെയായിരുന്നു കണങ്കാലിനേറ്റ പരിക്കുമായി ആയിരുന്നു ഷമി നീലപ്പടയ്‌ക്കായി പൊരുതിയതെന്ന റിപ്പോര്‍ട്ട് പുറത്ത് വന്നത്. പരിക്കിന്‍റെ വേദനയില്‍ നിന്നും രക്ഷ നേടാന്‍ താരം നിരന്തരം കുത്തിവയ്‌പ്പ് എടുത്തിരുന്നു എന്നുമായിരുന്നു റിപ്പോര്‍ട്ട്.
അതേസമയം ജൂണ്‍ ഒന്ന് മുതല്‍ 29 വരെ അമേരിക്കയിലും വെസ്റ്റ് ഇന്‍ഡീസിലുമായാണ് ടി20 ലോകകപ്പ് നടക്കുക. രോഹിത് ശര്‍മയ്‌ക്ക് കീഴിലാവും ഇന്ത്യ കളിക്കുകയെന്ന് നേരത്തെ തന്നെ ജയ് ഷാ അറിയിച്ചിരുന്നു. രോഹിത്തിന്‍റെ നേതൃത്വത്തില്‍ തന്നെയായിരുന്നു ഏകദിന ലോകകപ്പില്‍ മികച്ച പ്രടനവുമായി ഇന്ത്യ ഫൈനലേക്ക് എത്തിയത്.