മുംബൈ: റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരായ മത്സരത്തിൽ മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ വെറ്ററന്‍ താരം രോഹിത് ശർമ നൽകിയ ഉപദേശങ്ങൾ അവഗണിച്ചെന്ന് ഇന്ത്യയുടെ മുന്‍ ബാറ്റര്‍ മുഹമ്മദ് കൈഫ്. റോയല്‍ ചലഞ്ചേഴ്‌സ് ഫിനിഷര്‍ ദിനേശ് കാര്‍ത്തികിന് എതിരെ തേര്‍ഡ്‌മാനില്‍ ആളെ നിര്‍ത്താന്‍ രോഹിത് പലതവണ ആവര്‍ത്തിച്ചെങ്കിലും ഹാര്‍ദിക് ചെവിക്കൊണ്ടില്ലെന്നാണ് മുഹമ്മദ് കൈഫ് പറഞ്ഞത്.
രോഹിത്തിന്‍റെ വാക്കുകള്‍ക്ക് ഹാര്‍ദിക് ചെവി നല്‍കാതിരുന്നതോടെ തേര്‍ഡ്‌മാനിലൂടെ ദിനേശ് കാര്‍ത്തിക് മൂന്ന് ബൗണ്ടറികളടിച്ചുവെന്നും മുഹമ്മദ് കൈഫ് പറഞ്ഞു. കമന്‍ററി ബോക്‌സിലായിരുന്നു ഹാര്‍ദിക്കിനെതിരെ കൈഫ് തുറന്നടിച്ചത്.
"ദിനേശ് കാര്‍ത്തികിനെതിരെ തേര്‍ഡ്‌മാനില്‍ ഫീല്‍ഡറെ നിര്‍ത്താന്‍ രോഹിത് ആവശ്യപ്പെടുന്നുണ്ടായിരുന്നു. കാര്‍ത്തിക് ആ ഭാഗത്തേക്ക് കളിക്കുമെന്ന് രോഹിത്തിന് അറിയാമായിരുന്നു. പക്ഷേ, ഹാര്‍ദിക് അതു കേട്ടില്ല. പിന്നാലെ മൂന്ന് ബൗണ്ടറികളാണ് ദിനേശ് കാര്‍ത്തിക് അതുവഴി അടിച്ചത്"- മുഹമ്മദ് കൈഫ് പറഞ്ഞു.
മത്സരത്തിൽ മികച്ച പ്രകടനമായിരുന്നു കാര്‍ത്തിക് നടത്തിയത്. 23 പന്തുകളില്‍ പുറത്താവാതെ 53 റൺസായിരുന്നു താരം അടിച്ചത്. അഞ്ച് ബൗണ്ടറികളും നാല് സിക്‌സറുകളും ഉള്‍പ്പെടുന്നതായിരുന്നു ഡികെയുടെ ഇന്നിങ്‌സ്. എന്നാല്‍ ഏഴ് വിക്കറ്റുകളുടെ തോല്‍വിയാണ് ആര്‍സിബിയെ കാത്തിരുന്നത്.
ഡികെയെ കൂടാതെ ഫാഫ് ഡുപ്ലെസിസ് (40 പന്തില്‍ 61), രജത് പടിദാര്‍ (26 പന്തില്‍ 50) എന്നിവരും അര്‍ധ സെഞ്ചുറിയടിച്ചതോടെ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്‌ടത്തില്‍ 196 റണ്‍സ് അടിക്കാന്‍ ആര്‍സിബിയ്‌ക്ക് കഴിഞ്ഞിരുന്നു. എന്നാല്‍ 15.3 ഓവറില്‍ 199 റണ്‍സടിച്ച മുംബൈ വിജയം ഉറപ്പിച്ചു.
34 പന്തില്‍ 69 റണ്‍സ് നേടിയ ഇഷാന്‍ കിഷനായിരുന്നു മുംബൈ ഇന്ത്യന്‍സിന്‍റെ ടോപ് സ്‌കോററര്‍. സൂര്യകുമാര്‍ യാദവും അര്‍ധ സെഞ്ചുറി നേടി. 19 പന്തുകളില്‍ നിന്നും 52 റണ്‍സായിരുന്നു സൂര്യ അടിച്ചുകൂട്ടിയത്. രോഹിത് ശര്‍മ (24 പന്തില്‍ 38), ഹാര്‍ദിക് പാണ്ഡ്യ (6 പന്തില്‍ 21*), തിലക് വര്‍മ (10 പന്തില്‍ 16*) എന്നിങ്ങനെയാണ് മറ്റ് താരങ്ങളുടെ സംഭവാന. സീസണില്‍ മുംബൈയുടെ രണ്ടാമത്തെ വിജയവും ആര്‍സിബിയുടെ അഞ്ചാമത്തെ തോല്‍വിയുമാണിത്.
ആറ് മത്സരങ്ങള്‍ കളിച്ച ആര്‍സിബി നിലവിലെ പോയിന്‍റ് പട്ടികയില്‍ ഒമ്പതാമതാണ്. ഡല്‍ഹി ക്യാപിറ്റല്‍സ് മാത്രമാണ് ടീമിന്‍റെ പിന്നിലുള്ളത്. വിജയത്തോടെ പോയിന്‍റ് പട്ടികയില്‍ ഏഴാം സ്ഥാനത്തേക്ക് കയറാന്‍ മുംബൈ ഇന്ത്യന്‍സിന് കഴിഞ്ഞു.