മുംബൈ: ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന് എതിരായ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ വിജയിപ്പിക്കാന്‍ കഴിഞ്ഞില്ലെങ്കിലും മുന്‍ നായകന്‍ എംഎസ് ധോണിയുടെ പ്രകടനം കയ്യടി നേടി. എട്ടാം നമ്പറില്‍ ക്രീസിലേക്ക് എത്തിയ ധോണി പുറത്താവാതെ 16 പന്തുകളില്‍ നിന്നും നാല് ബൗണ്ടറിയും മൂന്ന് സിക്‌സറുകളും സഹിതം 37 റണ്‍സായിരുന്നു അടിച്ച് കൂട്ടിയത്. ഇതിന് തൊട്ടുപിന്നാലെ തന്നെ 42-കാരന്‍ ബാറ്റിങ് ഓര്‍ഡറില്‍ മുന്നിലേക്ക് കയറണമെന്ന ആവശ്യവും ആരാധകരില്‍ നിന്നുള്‍പ്പെടെ ഉയര്‍ന്ന് കഴിഞ്ഞു.
ധോണി നാലോ അഞ്ചോ നമ്പറില്‍ ബാറ്റ് ചെയ്യണമെന്നാണ് ഇക്കൂട്ടര്‍ പറയുന്നത്. എന്നാല്‍ ബാറ്റിങ് ഓര്‍ഡറില്‍ നിലവിലെ തന്‍റെ സ്ഥാനത്തില്‍ മാറ്റം വരുത്താന്‍ ധോണി തയ്യാറായേക്കില്ലെന്ന് പ്രതികരിച്ചിരിക്കുകയാണ് ഓസ്‌ട്രേലിയയുടെ മുന്‍ നായകന്‍ മൈക്കല്‍ ക്ലാര്‍ക്ക്. ഒരു ചര്‍ച്ചയ്‌ക്ക് ഇടെയാണ് മൈക്കല്‍ ക്ലാര്‍ക്ക് വിഷയത്തില്‍ സംസാരിച്ചത്.
"ബാറ്റിങ് ഓര്‍ഡറില്‍ മുന്നിലേക്ക് കയറാന്‍ ധോണി തയ്യാറാവുമെന്ന് ഞാന്‍ കരുതുന്നില്ല. എനിക്ക് തോന്നുന്നത് നിലവില്‍ ഏത് നമ്പറിലാണോ അദ്ദേഹം ബാറ്റ് ചെയ്യുന്നത്, അവിടെ തന്നെ തുടരുമെന്നാണ്. എല്ലാ ധോണി ആരാധകരും അദ്ദേഹം ബാറ്റിങ് ഓര്‍ഡറില്‍ കഴിയുന്നത്ര ഉയര്‍ന്ന സ്ഥാനത്ത് ഇറങ്ങുന്നത് കാണാനാണ് ആഗ്രഹിക്കുന്നതെന്ന് നമുക്ക് അറിയാം.
ധോണി ഓപ്പണറായി എത്തണമെന്ന് നേരത്തെ നമ്മള്‍ പറഞ്ഞിട്ടുണ്ട്. പക്ഷെ... നോക്കൂ, അദ്ദേഹത്തിന്‍റെ കരിയര്‍ ഏറെ നിര്‍ണായക ഘട്ടത്തിലാണ്. സീസണിന് മുന്നോടിയായി ചെന്നൈയുടെ ക്യാപ്റ്റന്‍ സ്ഥാനം ധോണി ഒഴിയുകയും ചെയ്‌തു. ധോണിയിനി ബാറ്റിങ് ഓര്‍ഡറില്‍ ഉയര്‍ന്ന സ്ഥാനത്ത് എത്തുമെന്ന് ഞാന്‍ കരുതുന്നേയില്ല. പക്ഷെ, സാഹചര്യം ആവശ്യപ്പെടുകയാണെങ്കില്‍ അദ്ദേഹം അതു ചെയ്യേണ്ടതുണ്ടെന്നാണ് എനിക്ക് പറയാനുള്ളത്. ചെന്നൈക്കത് ഏറെ ഗുണം ചെയ്യും. അക്കാര്യത്തില്‍ എനിക്ക് വലിയ ഉറപ്പുണ്ട്"- മൈക്കല്‍ ക്ലാര്‍ക്ക് പറഞ്ഞു.
താന്‍ കണ്ടതില്‍ വച്ച് ഏറ്റവും മികച്ച ഫിനിഷറാണ് ധോണിയെന്നും ക്ലാര്‍ക്ക് കൂട്ടിച്ചേര്‍ത്തു. 2019-ൽ അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ച ധോണി പിന്നീട് ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മാത്രമാണ് കളിക്കുന്നത്. ഇതിനിടെ കഴിഞ്ഞ വര്‍ഷത്തില്‍ താരം കാല്‍മുട്ടിന് ശസ്‌ത്രക്രിയയ്‌ക്ക് വിധേയനാവുകയും ചെയ്‌തിരുന്നു. കഴിഞ്ഞ സീസണിന് സമാനമായി തന്നെ ഈ സീസണോടെ ഐപിഎല്ലില്‍ നിന്നും ധോണി വിരമിക്കുമെന്ന് നേരത്തെ തന്നെ വാര്‍ത്തകളുണ്ട്.