മുംബൈ: ഇന്ത്യൻ പ്രീമിയര്‍ ലീഗില്‍ പ്ലേ ഓഫ് മോഹങ്ങളുമായി സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഇന്ന് കളത്തിലേക്ക്. പ്ലേ ഓഫില്‍ നിന്നും ഇതിനകം പുറത്തായ മുംബൈ ഇന്ത്യൻസാണ് എതിരാളി. മുംബൈയുടെ തട്ടകമായ വാങ്കഡെ സ്റ്റേഡിയത്തില്‍ രാത്രി ഏഴരയ്‌ക്കാണ് കളി തുടങ്ങുക.
തുടര്‍ച്ചയായ രണ്ട് തോല്‍വികള്‍ക്കൊടുവില്‍ അവസാന മത്സരത്തില്‍ ജയം നേടാൻ കഴിഞ്ഞതിന്‍റെ ആത്മവിശ്വാസത്തിലാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. സീസണിലെ 10 കളിയില്‍ ആറിലും ജയിച്ച് 12 പോയിന്‍റോടെ ലീഗ് ടേബിളില്‍ നാലാം സ്ഥാനത്താണ് നിലവില്‍ ടീമുള്ളത്. പ്ലേ ഓഫ് സാധ്യതകള്‍ വര്‍ധിപ്പിക്കുന്നതിന് ഇന്നത്തെ മത്സരത്തില്‍ ഹൈദരാബാദിന് ജയം അനിവാര്യമാണ്.
വീര്യം അല്‍പം കുറഞ്ഞിട്ടുണ്ടെങ്കിലും സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്‍റെ ബാറ്റിങ്ങ് നിരയെ ഒരിക്കലും എഴുതി തള്ളാനാകില്ല. ട്രാവിസ് ഹെഡ് വീണ്ടും റണ്‍സ് കണ്ടെത്തി തുടങ്ങിയത് ടീമിന് ആശ്വാസമാണ്. അഭിഷേക് ശര്‍മയുടെ ബാറ്റിങ് വെടിക്കെട്ടും മുന്നോട്ടുള്ള യാത്രയില്‍ ഹൈദരാബാദിന് നിര്‍ണായകമായേക്കും.
ഫോമില്‍ അല്ലാത്ത എയ്‌ഡൻ മാര്‍ക്രമിനെ പ്ലേയിങ് ഇലവനില്‍ നിന്നും നീക്കി പേസ് ബൗളിങ് ഓള്‍റൗണ്ടര്‍ മാര്‍ക്കോ യാൻസനെ കഴിഞ്ഞ മത്സരത്തില്‍ ഹൈദരാബാദ് ടീമിലേക്ക് എത്തിച്ചിരുന്നു. രാജസ്ഥാൻ റോയല്‍സിനെതിരെ അവസാന മത്സരം കളിച്ച നാല് വിദേശികളും ഇന്നും ടീമില്‍ സ്ഥാനം നിലനിര്‍ത്താനാണ് സാധ്യത. ബൗളിങ്ങില്‍ ഭുവനേശ്വര്‍ കുമാറും മികവിലേക്ക് ഉയര്‍ന്നത് ടീമിന് ആശ്വാസം നല്‍കുന്നു.
പോയിന്‍റ് പട്ടികയിലെ അവസാന സ്ഥാനത്ത് നിന്നും കരകയറാനുള്ള ശ്രമങ്ങളിലാകും മുംബൈ. പ്ലേ ഓഫ് കാണില്ലെന്ന് ഉറപ്പായ മുംബൈ ഇനി ലക്ഷ്യമിടുന്നത് ശേഷിക്കുന്ന മത്സരങ്ങളിലെ ജയവും പോയിന്‍റ് പട്ടികയില്‍ മധ്യഭാഗത്തേക്ക് ഒരു സ്ഥാനവുമായിരിക്കും. കഴിഞ്ഞ കളിയില്‍ സ്വന്തം തട്ടകത്തില്‍ കൊല്‍ക്കത്തയോട് തോറ്റതിന്‍റെ ക്ഷീണം മാറ്റാൻ കൂടിയാകും മുംബൈ ഇന്ത്യൻസ് ഇന്ന് ഇറങ്ങുക. അതേസമയം, പോയിന്‍റ് പട്ടികയില്‍ അഞ്ച് മുതല്‍ എട്ട് വരെ സ്ഥാനങ്ങളില്‍ ഉള്ള ടീമുകള്‍ ഇന്ന് കാത്തിരിക്കുന്നത് മുംബൈ ഇന്ത്യൻസിന്‍റെ ജയമായിരിക്കും.
Also Read : ഏകനയില്‍ സൂപ്പറായി കൊല്‍ക്കത്ത, പോയിന്‍റ് പട്ടികയിലും ഒന്നാമത്; ലഖ്‌നൗവിന് വമ്പൻ തോല്‍വി - LSG Vs KKR Result
മുംബൈ ഇന്ത്യൻസ് സാധ്യത ടീം: രോഹിത് ശര്‍മ, ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ (ക്യാപ്‌റ്റൻ), ടിം ഡേവിഡ്, നേഹല്‍ വധേര, മുഹമ്മദ് നബി, ജെറാള്‍ഡ് കോട്‌സി, പിയുഷ് ചൗള, ജസ്‌പ്രീത് ബുംറ, നുവാൻ തുഷാര.
സണ്‍റൈസേഴ്‌സ് ഹൈദരാബാദ് സാധ്യത ടീം: ട്രാവിസ് ഹെഡ്, അഭിഷേക് ശര്‍മ, അൻമോല്‍പ്രീത് സിങ്, ഹെൻറിച്ച് ക്ലാസൻ (വിക്കറ്റ് കീപ്പര്‍), നിതീഷ് കുമാര്‍ റെഡ്ഡി, അബ്‌ദുല്‍ സമദ്, ഷഹബാസ് അഹമ്മദ്, മാര്‍ക്കോ യാൻസൻ, പാറ്റ് കമ്മിൻസ് (ക്യാപ്‌റ്റൻ), ഭുവനേശ്വര്‍ കുമാര്‍, ടി നടരാജൻ, ജയദേവ് ഉനദ്‌ഘട്ട്.